Friday, April 20, 2012


മൊഴി


എഴുതാനക്ഷരങ്ങൾ 
വിരലിൽ വിതുമ്പുമ്പോൾ
അണിയാനാവില്ലൊരു 
മൗനത്തിൻ ശിരോപടം..
നടന്നുനീങ്ങും ലോകമേതു 
കർമ്മത്തിൻ പാദപദങ്ങൾ തേടി 
ശിരോലിഹിതം തെറ്റിക്കുന്നു..


കൂടുകൾ മാറ്റിപഴേ കോലകങ്ങളിൽ
നിഴൽപ്പാടുകൾ മുന്നോട്ടോടും
വർത്തമാനത്തിൻ ചെപ്പിൽ
നിറയ്ക്കാനെനിക്കില്ലെൻ
ഹൃദയസ്പന്ദം, ചില്ലുതരികൾ
മുറിച്ചിട്ട മനസ്സിൻ സർഗങ്ങളും..


കാറ്റുവീശിയോരിളം 
ചന്ദനക്കുളിരുമായാറ്റുവഞ്ചിയും
കടന്നെന്നേ ഞാൻ മുനമ്പെത്തി
എഴുതിതൂത്തോരസ്തമയത്തിന്റെ
ചായക്കൂട്ടിലൊഴുകീ
വീണ്ടും പലേ കൃഷ്ണപക്ഷങ്ങൾ
പക്ഷെയരയാലിലയിലെയാദിസത്യങ്ങൾ
മിഴിയരികിൽ നക്ഷത്രപ്പൂവിരിയിക്കുമ്പോൾ
വീണ്ടുമിനിയെന്തിനായിന്ദ്രഗർവമാം
 മേഘാരവം..


കണികണ്ടുണർന്നതോ മഴ തൂവുമീ
ശുഭ്രമൊഴിയും മൊഴിക്കുള്ളിലുറങ്ങും 
സ്വരങ്ങളും..
അരികിൽ തീരാത്തൊരു കഥയാ
കഥയ്ക്കുള്ളിലൊഴുകാൻ
മടിയ്ക്കുന്ന  സമുദ്രമതിൽ
നിന്നുമൊഴുകുന്നതെൻ
മിഴിക്കുള്ളിലെ പ്രപഞ്ചവും


കൊടിപാറിക്കാമിന്നീരഥമേറ്റത്തിൽ
താഴെയിടറും രാജ്യം പോലും
നിസ്സംഗം; പിന്നെ വാതിലുടച്ചു
മുന്നോട്ടേറും കുലമാകുലത്തിന്റെ
മനസ്സിൽ ചുരുങ്ങുന്ന  പ്രകാശഭാവം;
കാലം കടന്നു നീങ്ങും
ദിനമതിന്റെയിതളിലോ 
കാണുന്നതൊരു മഷിപ്പാടിന്റെ 
നിറം മാത്രം..

No comments:

Post a Comment