മൊഴി
കാരാഗൃഹങ്ങളിൽനിന്നും
മനസ്സിനെയാകാശമേറ്റി,
കടം കൊണ്ട കർമ്മങ്ങളാകവെ
തീർന്നു; പുരാണങ്ങളിൽ
നിന്നുമായിരം വേദമന്ത്രങ്ങളും
പൂത്തുലഞ്ഞാകെമനോഹരമിന്നു
സർഗങ്ങളും
പോയ യുഗം വഴിയെന്നേയടച്ചതിൻ
വാതിലിലിന്നും മഹാകാലയാഗങ്ങൾ,
കേടുതീർന്നിന്നീധരിത്രിയിൽ
നിന്നുയർന്നേറും സമുദ്രത്തിനെത്രയോ
ഭാവങ്ങൾ..
കോലങ്ങളെല്ലാം മുഖം തേച്ച
ചായങ്ങളാകവേ വീണുനനഞ്ഞ
ദലങ്ങളിൽ
വീണുടഞ്ഞെന്നേ നറും മുത്തുകൾ
ശംഖിലായിരം നാളിൽ
തപം ചെയ്ത കാവ്യങ്ങൾ..
മേൽക്കൂരയും തകർന്നോടുകൾ
പൊട്ടിയോരോർമ്മകൾ
വീണ്ടും നിറയ്ക്കും
മഷിചെപ്പു, മാകെ
കരിഞ്ഞുപുകഞ്ഞു മണ്ണിൽ
മാഞ്ഞൊരേകലവ്യന്റെ
വിരൽതുമ്പുമസ്ത്രങ്ങളായിരം
വീണു മുറിഞ്ഞ പതാകയും
നേർവഴിയെന്നേ ചുരുക്കീ
തിരക്കേറുമാധികൾ
കൈയേറി രാജപർവങ്ങളിൽ
എന്നേ നികന്നു ഋതുക്കൾ
നിളാതീരമെന്നേയശോകസ്തംഭങ്ങളും
മായിച്ചു
വന്നതെല്ലാം മഹായാഗകുണ്ഡത്തിന്റെ
കർണ്ണത്തിൽ വീണു പ്രപഞ്ചസത്യങ്ങളായ്
ഒന്നുമാത്രം ബാക്കിയായി പ്രഭാസത്തിലന്യോന്യമെയ്തുതീർന്നോരു മഹത്വങ്ങൾ
അന്യോന്യമെയ്തുഹോമിച്ചോരു നേരുകൾ.
ഏറുന്നുവോ കടലൊന്നായ്
പ്രദോഷങ്ങളേറ്റുന്നുവോ
കൊടും ഹാലാഹലം ?
ഏറുന്നുവോ കടലൊന്നായ്
ഏറുന്നുവോ കടലൊന്നായ്
പ്രളയമിന്നാരു കാണുന്നു
മഹാവിസ്മയങ്ങളെ
മഹാവിസ്മയങ്ങളെ
ഏറുന്നുവോ കടൽ വീണ്ടും
മൊഴിതുമ്പിലൂറുന്നുവോ
മഴതുള്ളികൾ?
No comments:
Post a Comment