Tuesday, April 10, 2012

മൊഴി


എവിടെയോ ദിനങ്ങളെ
ചേർത്തുചേർത്തടുക്കിയോരിടത്തിൽ
സംവൽസരമടർത്തും ഋതുക്കളിൽ
വിടരും വാടാമല്ലിപ്പൂവുകൾ
കാവ്യത്തിന്റെയിതളിൽ
തുളുമ്പുന്നു  മഴപോൽ; 
മഴതുമ്പിലൊഴുകിതുടുത്തൊരു
ഭൂമിപോൽ, പിന്നീടൊരു
വഴിയിലിലപൊഴിഞ്ഞൊരു
വൃക്ഷത്തിൻ കീഴിലൊഴിഞ്ഞുനീങ്ങും
പോയ കാലത്തിനൊലിപോലെ
ചിലമ്പും കിലുക്കിയങ്ങോടിയോരാൾക്കൂട്ടത്തിൻ
തിരക്കിൽ തൂവിപ്പോയ
തീർഥപാത്രങ്ങൾ പോലെ
മറഞ്ഞു പലതുമങ്ങരികിൽ
പക്ഷെ തീരെമറഞ്ഞുതീരുന്നില്ല
കാവ്യത്തിൻ നുറുങ്ങുകൾ


ഇവിടെ ഗ്രഹങ്ങളോ മിഴിനീർത്തുന്നു
ജീവഗ്രഹങ്ങൾക്കുള്ളിൽ
തേങ്ങും ദൈന്യത്തെയളക്കുവാൻ
അറിയാതൊരുദിനം ശിരസ്സിൽ
തടഞ്ഞൊരു വിധിരേഖയിൽ 
വീണ ചില്ലുപോലതിൽ
നിന്നുമുണർന്ന  സമുദ്രം പോൽ
സന്ധ്യപോൽ, 
സന്ധ്യയ്ക്കുള്ളിലുറങ്ങാൻ
മടിക്കുന്ന  നക്ഷത്രദീപങ്ങൾ പോൽ
ഹൃദയം സ്പന്ദിക്കുന്നു 
സ്പന്ദനലയത്തിന്റെയരികിൽ
ഭൂകാവ്യങ്ങളൊരുക്കും പ്രപഞ്ചവും
പ്രാചീനചരിത്രവും..
മനസ്സിന്നഴിക്കൂട്ടിലെത്ര സങ്കർഷം
പക്ഷെ വിരൽതുമ്പിലായ്
വിരിയുന്നതോ ചിത്രാംബരി..



No comments:

Post a Comment