Sunday, April 15, 2012


ഹൃദ്സ്പന്ദനങ്ങൾ



കാലം നടന്നുനീങ്ങുന്നുവോ,
വേഗത്തിലോടുന്നുവോ
ദർപ്പണങ്ങളിൽ നിന്നൂർന്നു
വീഴുന്നുവോ നിറം ചേർത്ത
ചിത്രങ്ങളും..
എത്ര  പ്രശാന്തമീ 
കാവ്യസായാഹ്നത്തിനിത്തിരി
ദൂരം കടന്നെത്തുമീ സന്ധ്യ
എത്ര തിടുക്കമീ 
ജാലകത്തിൽ തട്ടിയെത്തുന്ന
ലോകത്തിനസ്വസ്ഥ   ഗായകർ,ക്കെത്ര
നാളെത്രനാൾ തീകപൂട്ടിയീവേനലെത്ര
കരിഞ്ഞുപോയ്
ഭൂമിതന്നുൾക്കാമ്പിനുൾത്തുടിപ്പിൽ
ദയ  നിർമ്മമം നിൽക്കുന്നു


കോലകങ്ങൾ തിരിച്ചാസ്ഥിപത്രങ്ങളിൽ
തീർപ്പും കടങ്ങളായ്  മുദ്രയിട്ടേകിയോരാൽ
മരച്ചില്ലയിൽ നിന്നുമൂഞ്ഞാൽതുമ്പിലേറിയതേതു
മഹാകാവ്യസങ്കടം
കായലിൽ നിന്നും കളിത്തോണിയിൽ
യാത്രയാവുന്നുവോ കടൽകണ്ടൊരാ
സന്ധ്യകൾ
ദീപങ്ങളിൽ മനപ്പാഠമാക്കും 
വേദഭാവങ്ങൾ വീണ്ടും
മനസ്സിന്റെകോണിലെയോരോ
വിശേഷഭാവങ്ങളും കണ്ടുകണ്ടേറുന്നു;
ഗോകർണ്ണ  മൺ ചെപ്പിലോംങ്കാരഭാവനകൾ
തേടിയെത്തുന്നുവോ കടൽ?
എത്ര ദൂരം നടന്നെത്തിയിന്നീ
കടൽ ചിത്രത്തിനുള്ളിലോ
സന്ധ്യകൾ പൂക്കുന്നു
കത്തുന്നതേതു ലോകത്തിന്റെയാകാശം
അസ്വസ്ഥമേതു കാലത്തിന്റെ ഹൃത്തടം
ചുറ്റും തിരിഞ്ഞാദിപർവങ്ങൾ
ഗ്രന്ഥത്തിലർഥം തിരഞ്ഞു നീങ്ങീടുന്നുവോ
കാണുവാനായതും  മാഞ്ഞുപോയ്  മിഥ്യപോൽ      
കാണാത്തതും മാഞ്ഞുമാഞ്ഞുപോയ്  
 തൂവൽ പോൽ....

No comments:

Post a Comment