Tuesday, April 10, 2012


മൊഴി

അകലെ കാണും ചക്രവാളത്തിൻ 
നിടിലത്തിലുറങ്ങും ത്രിനേത്രമേ
നിന്നെ ഞാനറിയുന്നു..
ഇരുളിൽ മറഞ്ഞോരു മിഴിയിൽ
പ്രകാശത്തെയുറക്കാൻ
ശ്രമിച്ചോരു കല്പനയത്
കരിയിലപോൽ 
കത്തിതീർന്ന  ഗ്രീഷ്മത്തിൻ
കഥയതിലെഴുതിപ്പൊലിപ്പിച്ച
കടപ്പാടുകൾ മാത്രം..


മൊഴിയിൽ വേനൽ മഴതുള്ളികൾ
മനസ്സിന്റെയൊരുകോണിലായ്
നേർത്ത   ശംഖിലെയോംങ്കാരങ്ങൾ 
മുകിൽതുമ്പിൽ നിന്നിറ്റുവീണൊരു
പുരാണത്തിനിടക്ക   കൊട്ടിപ്പാടിയെത്തിയ
കാലത്തിന്റയരികിൽ
ധ്വജമേറ്റിനിന്നൊരു  സർഗം
വ്യോമഗതിയിൽ നിറഞ്ഞോരു
മിഴാവിൻ ദ്രുതം, ദേവമൊഴിയിൽ
ബൃഹസ്പതിയെഴുതും വേദം
കരിന്തിരിയിൽ പടർന്നൊരു
സന്ധ്യതൻ  കണ്ണീർക്കണം...



അരികിൽ തപസ്സിലോ ശൈലശൃംഗങ്ങൾ
മരുന്നുരയ്ക്കും പ്രകൃതിയിൽ
മന്ത്രങ്ങൾ മായുന്നുവോ
ദിഗന്ധം സൂക്ഷിക്കുന്ന
മണ്ഡപങ്ങളിൽ പഴേയഴികൾ
ത്രിശൂലത്താഴുടച്ചുനീങ്ങുന്നുവോ
മറയിട്ടടച്ചൊരു ഹൃദയസ്പന്ദങ്ങളിൽ
മഴതുള്ളികൾ പൂർണ്ണസ്വരങ്ങൾ
തൂവുന്നുവോ?
മണൽചിറ്റുകൾ തുള്ളിയാർക്കുന്ന
തിരപ്പൂക്കളിറുത്തുമാറ്റീടുന്ന
ദീപുകൾ, ഭൂഖണ്ഡങ്ങൾ
എവിടെതുടങ്ങണമീയാത്ര
മഹായാനമതിലായ്
മുനമ്പിലെ ശാന്തിയോ
സങ്കർഷമോ..

No comments:

Post a Comment