മൊഴി
അരികിൽ വെൺപൂക്കളിലുണരും
വൈശാഖമമേയൊഴുകും മഴയ്ക്കെന്തു
ഭംഗിയാണിവിടെയീ
തുളസീവനങ്ങളിൽ തുടുക്കും
സുഗന്ധത്തിലിലക്കീറ്റിലെ
പുലർകാലവും മനോഹരം
അരികിൽ ഗായത്രിതൻ
മന്ത്രഭാവങ്ങൾ, തിരയൊതുങ്ങും
മുനമ്പിന്റെ തീർഥപാത്രങ്ങൾ,
കനൽ തൂവിയ ഹോമാഗ്നിതൻ
കറുകപ്പുൽനാമ്പുകൾ,
എഴുതി മറയ്ക്കുവാനാവാത്ത
സ്വരങ്ങളിലൊഴുകും സമുദ്രവും
ചക്രവാളവും, പിന്നെയകലെ
തീവീണെരിയുന്നൊരു
യന്ത്രത്തിന്റെയടുപ്പിൽ
പുകയുന്ന മൃത്യു മന്ത്രങ്ങൾ,
പിന്നെയൊരു ഗോപുരത്തിന്റെ
സൂചികാസ്തംഭം പോലെയുയർന്നു കാണും
നിർമ്മമത്വത്തിൻചിഹ്നങ്ങളും..
മിഴിയിൽ വിടരുന്ന ലോകമാ
ലോകത്തിന്റെ
ശിഖരങ്ങളെയുലയ്ക്കുന്നൊരാ
മേൽക്കോയ്മയ്കൾ
പഴയ കവടികളുടഞ്ഞുതീർന്നു
പ്രവചനം പോലും കാറ്റിൽ
തൂവലായ് പറന്നുപോയ്
മൃദംഗം കൊട്ടി പഴേ ലയങ്ങൾ
നടന്നൊരു വഴിയിൽ
നിന്നുമെത്രയകന്നു ഹൃദ്സ്പന്ദങ്ങൾ
കാർമുകിൽതുമ്പിൽ കെട്ടിയൂയലാട്ടിയ
കാവ്യഭാവങ്ങൾ പോലും
വിരൽതുമ്പിലായുറഞ്ഞുപോയ്
മണൽ ചിറ്റുകളെണ്ണിയലയാഴിയിൽ
തിരയെഴുതുമവ്യക്തമാം
ചിത്രങ്ങൾ പോലെ വീണ്ടും
ഋതുക്കൾ വന്നു മാഞ്ഞു
മുന്നിലായ് പക്ഷെ ഭൂമിയൊരുക്കി
പ്രപഞ്ചത്തിനക്ഷരസ്വപ്നങ്ങളെ
വിളക്കിനുള്ളിൽ നിന്നുമൊഴുകും
വെളിച്ചത്തിനുണർത്തുപാട്ടിനുള്ളിലൊഴുകീ
കാവ്യങ്ങളും...
No comments:
Post a Comment