ഹൃദ്സ്പന്ദനങ്ങൾ
പലനാളിലും വിരൽതുമ്പിൽ
തുളുമ്പിയോരമൃതുപോൽ,
മൃത്യുഞ്ജയം പാടിയാൽമരത്തണലും
കടന്നു നടന്നുനീങ്ങും ഗ്രാമകവിതപോൽ
പൂർവാഹ്നമതിലുണർന്നീടുന്ന
പ്രണവമന്ത്രത്തിന്റെ പ്രഥമ
ശ്രുതിയ്ക്കുള്ളിലൊരു
മഴക്കാലത്തിനിടവേളപോൽ
വർഷമുകിലുകൾ പാടുന്നു
പിന്നെയോ ജനലരികിലൊരു
ശിരോപടമതിൻ നിഴലനക്കങ്ങളും..
ചുമരുകൾക്കുള്ളിൽ
തണുക്കുന്നുവോ കനൽത്തരികളും
കണ്ണുനീർ തേടും തടാകവും
ബലിയൊരുക്കി പഴേ ഋണവും
ചുരുക്കിയാ പുഴയും മറഞ്ഞു
ദിഗന്തങ്ങളിൽ കാലരഥമോ തകർന്നു,
കറുത്ത സ്വപ്നങ്ങളിൽ
ചിറകറ്റു വീണുപോയ് രാജ്യവും
പിന്നെയാ വഴിയും കടന്നു
നടന്നു നീങ്ങും സ്വരമറിയാതെ
വീണുടഞ്ഞാദിസത്യങ്ങളിൽ..
പ്രളയം കഴിഞ്ഞൂ, പ്രപഞ്ചമേ
മുദ്രകൾക്കിടയിൽ തുടിക്കുന്ന
ഹൃദയമേ! യാത്രതന്നിടവേളയിൽ
കണ്ടു മാഞ്ഞ മരീചികയ്ക്കൊരു
ശിരോരേഖ മാത്രം; മഴതുള്ളിവീണലിയും
വെളിച്ചത്തിനിതളുകൾക്കുള്ളിൽ
നിന്നുണരും സ്വരങ്ങളെയഴുതിയാലും
ശാന്തിമന്ത്രങ്ങളീ ഭൂവിലിവിടെമുനമ്പിൻ
തപോശിലയ്ക്കുള്ളിലായ്..
No comments:
Post a Comment