Saturday, April 28, 2012


മൊഴി


പലനാളിലും നീണ്ടുനീണ്ടു
പോയെവിടെയോ
വഴികൾ തിരിഞ്ഞുപോകുന്നോരു
സായാഹ്നമുകിലുകൾ
കാണാത്തൊരാകാശമേ!
പലേയതിരിലും
 തട്ടിത്തിരിഞ്ഞോടി
നീങ്ങുന്നൊരുയിരിന്റെ
വാതിൽക്കലോ മുൾത്തുരുത്തുകൾ..
ജനലഴിക്കുള്ളിൽ ചുരുങ്ങും
സ്വരങ്ങളാലെഴുതുന്ന
രാഗജന്യങ്ങളിൽ
തൊട്ടുതൊട്ടൊരികിൽ കടൽ;
പിന്നെയൊരു നാളിലും
യാത്രയാകില്ലെയെന്നോതിരികിൽ നിരക്കുന്നൊരന്യസ്വരങ്ങളും...


പലനാളിലും കണ്ടുപിന്നെയും
വൈശാഖമിഴിയിൽ
നിന്നുണരും മഴത്തുള്ളിയിൽ
പൂത്തുവിടരുന്ന  സൗഗന്ധികങ്ങളും
മെയ്മാസവഴിയിൽ
നിന്നൊഴുകുമീ സർഗങ്ങളും..
അരികിലൊരു വഞ്ചിയിൽ
യാത്രയ്ക്കൊരുൾക്കടൽ
തിരയതോ ശാന്തം,
മനസ്സിന്റെ കോണിലെ
കടലതും ശാന്തം;
പതാകകൾ താഴുന്നൊരപരാഹ്നവും
പഴേ വെങ്കലപ്പൂട്ടുകൾക്കരികിൽ
നിന്നേറെ നടന്ന  ഭൂഗാനവും
മഴയിൽ കുളിർന്നിന്ന്
ഹൃദ്സ്പന്ദനങ്ങളിൽ
കവിതയായ്  വീണ്ടും
പുനർജനിക്കുന്നുവോ...

No comments:

Post a Comment