Sunday, October 31, 2010

ഹൃദ്സ്പന്ദനങ്ങൾ

അക്ഷരങ്ങളിൽ
അനാകർഷകമായ
വർണങ്ങൾ തൂവിയ ആൾക്കൂട്ടം
ഇരുട്ടു നിറഞ്ഞചുരങ്ങളിൽ
ഉപഗ്രഹങ്ങൾ തേടി....
അമൃതകണങ്ങൾ തേടി
ഭൂമി ക്ഷീരസാഗരതീരത്തിരുന്നു..
പണസഞ്ചികളിൽ നിറഞ്ഞ
നാണയങ്ങൾ സ്നേഹമൊഴുകുന്ന
പുഴയായി മാറി...
കാലത്തിന്റെ രുദ്രതാണ്ഡവത്തിൽ
പല മുഖപടങ്ങളും
ചില്ലുകൂടുകളിലുടഞ്ഞുവീണു
സമാധാനരേഖകളുടെ
നിടിലത്തിൽ അഗ്നിയുയർന്നു
ആ അഗ്നിയിൽ നിന്നുണർന്നു
പുനരുദ്ധാരണമന്ത്രം
ആകർഷിണീയമായ
ശരത്ക്കാലം ചുറ്റിയ ഭൂമിയുടെ
യാത്രാവഴികളിൽ
നിന്നുണർന്നു വേറൊരു യുഗം
ആ യുഗം ചതുർവേദങ്ങളിൽ
സംഗീതം തേടി.....
കടൽ

തടവറയിൽ
വലയം ചെയ്യപ്പെട്ട
വിലങ്ങുകൾക്കിടയിലും
കൃഷ്ണവർണത്തിൽ
അഷ്ടമിരോഹിണിയുണർന്നു
കറുപ്പാർന്ന ചുറ്റുവലയങ്ങളിലും
കടൽ പാടി
ഭൂമിയ്ക്കായൊരു ഗാനം
കമണ്ഡലുവിൽ തീർഥജലവുമായി
ഹിമവൽശൃംഗത്തിൽ
നിന്നൊഴുകീ ഗംഗ
ലോകമെഴുതിയ ഇതിഹാസങ്ങളിൽ
ഒന്ന് വേറിട്ടു നിന്നു
എവിടെയോ അവസാനിച്ച
വഴിയുടെ മുന്നിൽ കടലുണർന്നു..
കടലിന്റെയുള്ളിലെ
വലയങ്ങളില്ലാത്ത

കടൽ തേടി ഞാനും നടന്നു....
മൺചിരാതുകൾ

മൺചിരാതുകളിൽ
ദീപാവലി എന്നെതേടിവരുമ്പോൾ
അമാവാസി തേടിയ രാത്രി
നക്ഷത്രവിളക്കുകളെ
മറക്കുടയാൽ മറച്ചു......
നിലാവിന്റെ നിലവറയിൽ
ഇരുട്ടാളുമ്പോൾ
ഭൂമിയെനിക്കായ് തന്നു
മൺദീപങ്ങൾ....
എന്നെ വലയം ചെയ്യുന്നു
ശരത്ക്കാലം....
ഭൂമിയുടെ സുഗന്ധം....
ദീപാവലിദീപങ്ങൾ....
 ശംഖ്

കാലം കോലങ്ങൾ വരച്ച
കടൽത്തീരമണലിൽ
കോലങ്ങളിൽനിന്നകലെ
ഒരു ശംഖിൽ
ഉൾക്കടലൊഴുകി......
കടലുണർത്തിയ
ആന്തോളനങ്ങളിൽ
തിരകളെഴുതിയ ഒരോ വരിയും
തീരമണലിലൊഴുകി മാഞ്ഞു....
ശംഖിലൊഴുകിയ കടൽ
ശാന്തമായിരുന്നു
ആ കടലിനരികിൽ
മനസ്സൊരു ശംഖു തേടി...
പ്രപഞ്ചമുണർത്തുന്ന
പാഞ്ചജന്യം........

Saturday, October 30, 2010

ചിത്രം

ചില്ലുമേടകൾ പണിതുയർത്തിയവർ
ശില്പവേലചെയ്ത കൈവിരലുകൾ മറന്ന്
പൂമുഖവാതിലിൽ
പ്രദർശനവസ്തുവായ്മാറിയ
വിലയിട്ടെടുത്ത
എണ്ണഛായാചിത്രങ്ങളെ 
പ്രകീർത്തിച്ചു കടന്നുപോയി
വിനിമയവേദികളിൽ നിന്നകലെ
ആകാശത്തിലെ നക്ഷത്രങ്ങൾ
അതിർരേഖകളില്ലാതെ
വ്യോമസീമയിൽ
ദീപാവലിദീപങ്ങളെപ്പോൽ മിന്നി
കാലികൾ മേയ്ച്ചു നടന്ന ബാല്യം
ഇന്ദ്രസഭയിലെ കാർമേഘങ്ങളിൽ
ഓടക്കുഴലൂതി
ഇരുണ്ട ഗുഹകളിൽ മനസ്സുപേക്ഷിച്ചു
നടന്നുനീങ്ങി പകൽ
സായാഹ്നത്തിനരികിൽ
മനോഹരമായ കടൽത്തീരങ്ങളിൽ
സന്ധ്യ വിളക്കു വച്ചു
സന്ധ്യയുടെ വിളക്കിൽ
ആകാശം ഒരു പൂവുപോൽ വിരിഞ്ഞു
അസ്തമയത്തിന്റെ നിറങ്ങൾ
ചക്രവാളം മനോഹരമായ
ചിത്രപടത്തിലെഴുതി....
ചില്ലുമേടയിലെ ചിത്രങ്ങളുടെ
അപരിചിത്വം ചക്രവാളത്തിനരികിൽ
മാഞ്ഞു പോയി....
സാഗരസ്പന്ദനങ്ങൾ

നിറഞ്ഞൊഴുകിയ
സിന്ധുസമദ്രം
എന്റെയരികിലിരുന്നെഴുതീ
 മഹാകാവ്യം..
ഇതിഹാസതാളുകളിൽ
ക്ഷീരസാഗരമുയർത്തിയ
അമൃതകണങ്ങൾ തേടി
അനേകായിരം ലിപികൾ
ഗിരിമകുടങ്ങളിൽ
തപസ്സുചെയ്തു
അശാന്തിയുടെ തീരങ്ങളിൽ
രുദ്രാക്ഷമാലപോലെയുണർന്നു
ഉപഭൂഖണ്ഡം...
ഉപദ്വീപിലെ ധ്യാനശിലകളിൽ
അപൂർവമായ ചൈത്യന്യധാര..
കാവിപുതച്ച സന്ധ്യയുടെ
സന്നിധാനത്തിലിരിക്കുമ്പോൾ
ജപമാലപോലെ
കൈവിരൽതുമ്പിലൂടെ നീങ്ങി
ഭൂമി.....
ഹൃദ്സ്പന്ദനങ്ങൾ

ലോകത്തെ നാലുമടക്കിൽ
ചുരുളാക്കി പുലർകാലങ്ങളിൽ
തൂക്കിയെറിഞ്ഞുപോകുന്ന
ഇരുചക്രവാഹനങ്ങളുടെ
പുകക്കുഴലുകളിൽ പുകയുന്നു
അസ്ഥിരത....
ചുരുളുകൾ നിവർത്തി
അവിശ്വസനീയമായ
വിശ്വാസ്യതയിൽ പുറമെഴുത്തുകൾ
പുറത്തേയ്ക്കൊഴുകുന്നു
യവനികയിലെ ചതുരക്കളങ്ങളിൽ
നൃത്തം ചെയ്യുന്നു കാലം
അരികിൽ ചിലമ്പിൻനാദം
നാലുമടക്കിൽ ചുരുങ്ങിയ ലോകം
നെരിപ്പോടുകളിൽ
അഗ്നി തേടുന്നു
പ്രകീർത്തനങ്ങളിൽ നിന്നകലെ
താഴ്വാരങ്ങളിലെ ലോകം
ഉത്ഭവസത്യം പോലെ മുന്നിൽ...
അവിടെയുയരുന്നു
പ്രകൃതിസ്വരങ്ങൾ...
മുളം തണ്ടിലെ സുഷിരങ്ങളിലൂടെ....
പുകമറയില്ലാതെ......

Friday, October 29, 2010

കടൽ

ആകാശത്തിൽ പകലുറങ്ങി
രാവിലുണർന്ന നക്ഷത്രങ്ങൾ
നെയ്ത സ്വപ്നങ്ങളുടെ
നെയ്ത്തുശാലയിൽ നിന്നുണർന്ന
അതീവമൃദുവായ ഒരു പട്ടുനേരിയതിൽ
വിടർന്ന കാവ്യഭംഗി
ഭൂമിയുടെ കടൽത്തീരമണലിലിരുന്നു
ഞാൻ കണ്ടു
എഴുതാപ്പുറങ്ങൾ തേടി
യാത്ര ചെയ്തു തളർന്നവരുടെ
കൈമുദ്രപതിഞ്ഞ കടൽത്തീരങ്ങളിൽ
എന്നെതേടി വന്നു
ചക്രവാളം........
അനന്തതയുടെ ആദികാവ്യം....
ഇതിഹാസം...
ഭൂമി

തുളസിപ്പൂവുകൾ വിരിയുന്ന
നടുമുറ്റത്തിരിക്കുമ്പോൾ
ഹൃദയഹാരിയായ സുഗന്ധമൊഴുകി
മനസ്സിലേയ്ക്ക്...
ആത്മാവിലേയ്ക്ക്....
തുകൽപൂക്കൾ കൈയിലേറ്റി
നിൽക്കുന്ന വിരലുകളിൽ നിന്നകലെ
ചന്ദനമരങ്ങളിൽ നിന്നൊഴുകീ
ചന്ദനസുഗന്ധം....
നീർമുകിലുകൾ നീറ്റിയ
മഴത്തുള്ളികൾ തൂവിയുണർത്തിയ
മണ്ണിന്റെ ഹൃദയം കുളിർന്ന
പ്രഭാതങ്ങളിൽ
എന്നെതേടി വന്നു ഭൂമി...
ദേശാടനക്കിളികൾ പറന്നകലുന്ന
ഇടവേളയിൽ
ആവരണങ്ങളില്ലാതെ
അനുസ്മരണക്കുറിപ്പെഴുതിയ
ഋതുക്കളിൽ നിന്നൊഴുകി
കലർപ്പില്ല്ലാത്ത വർണങ്ങൾ...
ആ വർണങ്ങൾ വിരൽതുമ്പിൽ
വിസ്മയമായി നിറയുമ്പോൾ
സുഗന്ധമൊഴുകുന്ന
പൂക്കാലങ്ങളെ ഒരോ ഋതുവും
ഭൂമിയുടെ പൂമുഖമുറ്റത്തു വിരിയിച്ചു
കടന്നുപോയി....
ഹൃദ്സ്പന്ദനങ്ങൾ

ശരിയും തെറ്റും ഉലയിലിട്ടൂതി
ലോഹമിശ്രിതങ്ങളിൽ വിളക്കി
രൂപമാറ്റം ചെയ്തപ്പോൾ
ചിതയിലായി സത്യം......
മരവിച്ച മഞ്ഞുപോലെ
കനലുകൾ കരിപ്പാടുകളായി...
എവിടെയോ ആളിപ്പടർന്ന
ഊഷരധൂളികളിൽ
ആകാശത്തിന്റെ വഴിയിലൂടെ
ഭൂമിയുടെ ഋതുക്കൾ നടന്നു നീങ്ങി
വസന്തകോകിലങ്ങൾ
പാടിയുറക്കിയ ഭൂമി
വർഷസന്ധ്യയും കടന്നെത്തുമ്പോൾ
പെയ്തൊഴുകിയ മഴയിൽ
കടൽ ശ്രുതിയിട്ടുണർന്നു
ശരിയും തെറ്റും അളന്നുതൂക്കിയ
കാലത്തിന്റെ തുലാസിൽ നിന്നും
ഉലത്തീയിലുരുകിയ സത്യം
ഉൾക്കടൽ തേടിപ്പോയി
ശരത്ക്കാലപ്രഭാതങ്ങളിൽ
ഭൂമിയെഴുതിയ അക്ഷരങ്ങളിൽ
നിന്നുണർന്നു മഴത്തുള്ളികൾ
ഭദ്രമായ് സൂക്ഷിച്ച
അനുസ്വരങ്ങൾ......
ഹൃദ്സ്പന്ദനങ്ങൾ

രാപ്പകലുകൾ കടമെടുത്ത
സംവൽസരങ്ങളുടെ
അക്ഷരലിപിയിൽ
കരിഞ്ഞുപുകഞ്ഞു നീറിയ
ലോകത്തിന്റെ ഒരു ചെറിയ
തുണ്ടുകടലാസിൽ നിന്നും
ഭൂമി സൂക്ഷിച്ചു ഉള്ളറകളിൽ
അനുപമമായ അക്ഷരങ്ങളിലുണർന്ന
ഹൃദ്സ്പന്ദനങ്ങൾ.......
ആൽവൃക്ഷത്തണലിൽ
വെയിൽ മണൽചിത്രങ്ങളെഴുതിനീങ്ങിയ
സായാഹ്നത്തിൽ
മനസ്സിലുണർന്നു നാലുമണിപ്പൂക്കൾ...
നിലയ്ക്കാത്ത കാലപ്രവാഹത്തിന്റെ
കുത്തൊഴുക്കിലും
കാളിന്ദിയൊഴുകിയ തീരങ്ങളിൽ
അമൃതുവീണുണർന്നു
കടമ്പിൻപൂവുകൾ....
ഓടക്കുഴൽനാദം.....

Thursday, October 28, 2010

പ്രകാശരേഖകൾ

കായൽക്കരയിലെ
പ്രഭാതസൗമ്യതയിൽ
വഞ്ചിതുഴഞ്ഞു നീങ്ങിയ കാറ്റിൽ
ഓടക്കുഴലിന്റെ സുഷിരങ്ങളിൽ
നിന്നുണർന്ന സ്വരങ്ങളൊഴുകി
ഭൂമിയുടെ ചെറിയ നാലുകെട്ടിലെ
നടുമുറ്റത്ത് പെയ്ത മഴത്തുള്ളികൾ
മനസ്സിലേയ്ക്കൊഴുകി
ഒഴുക്കിനെതിരേയൊഴുകിയ
ഒരു പൂവിതൾതുമ്പിൽ
ആകാശം മഴവില്ലുകൾ വിരിയിച്ചു
നേർരേഖകളിൽ
ആരോഹണാവരോഹണങ്ങളെഴുതിയ
ഒരു സ്വരം
കായലോരത്തെ നിശബ്ദതയിൽ
ആലാപനത്തിനൊരുങ്ങി
ഋതുക്കളുടെ നെയ്ത്തുശാലയിൽ
ശരത്ക്കാലം ഭൂമിയ്ക്കായ് നെയ്തു
സ്വർണനൂലുകൾ...
കായൽക്കരയിലെത്തി നിന്ന
ചക്രവാളം ആകാശത്തിനേകി
പൊൻവിളക്കുകൾ
അഗ്നിയുടെ ആദിരൂപം
തമസ്സകറ്റുന്ന പ്രകാശം........

Tuesday, October 26, 2010

സ്വരം

ഇടവേളയിൽ നഷ്ടമായ
ഒരു നിമിഷത്തെ 
ഘടികാരസൂചികളിൽ നിന്നടർത്തി
മഷിപ്പാടുകളിലാക്കി
കാലം കുറെ നാൾ കല്പനകളെഴുതിയ
കടലാസുതാളുകൾ
തൂവലുകൾ പോലെ ചുറ്റും പറന്നൊഴുകുമ്പോൾ
സായാഹ്നത്തിന്റെ പൊൻചിറകുകളിൽ
ഒന്നടർന്നു വീണ ചക്രവാളത്തിനരികിൽ
മിഴിപൂട്ടിയുറങ്ങി സന്ധ്യ
കനൽകുണ്ഡങ്ങളിൽ എരിഞ്ഞടങ്ങിയ
പകലിനു സൂക്ഷിക്കാൻ
എഴുത്തുമഷിതുള്ളികൾ
കടലാസുതോണിയിൽ
അനുസ്മരണക്കുറിപ്പുകളെഴുതി
ഭൂമിയുടെ സ്മൃതിതീരങ്ങളിൽ
വീണ്ടും ശരത്ക്കാലമുണരുമ്പോൾ
ഇലപൊഴിയും വൃക്ഷശാഖകളിൽ
കറുത്ത പക്ഷിയുടെ തൂവൽതുമ്പിൽ
മിന്നിയാടി മഞ്ഞുതുള്ളി പോലെ
ഒരു സ്വരം......
ഉൾക്കടൽ


കവാടങ്ങൾക്കരികിൽ
കൽമതിലുകളിൽ കാലമെഴുതിയ
തങ്കലിപികൾക്കപ്പുറം
ഗ്രാമത്തിന്റെ നിലവറയിൽ
എഴുത്തോലകളിൽ ഭൂമീ
നീയെഴുതി ഭദ്രമായ് സൂക്ഷിച്ച
അക്ഷരലിപികളുടെ
ആകർഷണവലയത്തിൽ നിന്നും
പുനർജനിമന്ത്രങ്ങളുണരുന്നതു
ഞാൻ കണ്ടു........


കാലത്തിനരികിൽ
കറുത്തപക്ഷിയുടെ
 തൂവൽചിറകുകളിൽ
അപസ്വരങ്ങളെഴുതിയ
ആൾക്കൂട്ടത്തിനപ്പുറം
പാടാൻ മാത്രമറിയുന്ന
ഒരു വാനമ്പാടി
എന്റെ മനസ്സിൽ കൂടുകൂട്ടി .....

അഗ്രഹാരങ്ങളിൽ ത്രികാലപൂജ
ചെയ്തുണർത്തിയ
ദേവശിലകൾക്കരികിൽ
ജപമാലയുമായിരുന്ന
സന്ധ്യയുടെ വിളക്കുകളിൽ
ആകാശമൊരു പൊൻതകിടായ്
മിന്നിതിളങ്ങുമ്പോൾ
ഒരു പൂവുപോൽ മിഴിപൂട്ടിയുറങ്ങിയ
ഉൾക്കടലിലേയക്ക്
ഭൂമിയോടൊപ്പം ഞാനുമൊഴുകി....

Thursday, October 21, 2010

ഉൾക്കടൽ

ഭൂമിയുടെ യാത്രാവഴികൾ
തേടിയലഞ്ഞ പുഴ
പർവതമൂലത്തിലെ
ഉൽഭവശാന്തി നഷ്ടമായി
നിസംഗതയുടെ പരിവേഷമണിഞ്ഞ്
പരീക്ഷണശാലയിലെ
അപരിചിതത്വത്തിൽ
മഞ്ഞുമലപോലെയുറഞ്ഞ
അന്തരാത്മാവിനെ വഴിയിലുപേഷിച്ച്
മുന്നോട്ടോഴുകി.
വ്യതിചലിയ്ക്കാനാവാത്ത
യാത്രാപഥങ്ങളിൽ ഭൂമി
കീറിമുറിഞ്ഞ അന്തരാത്മാവിനെ
ചന്ദനക്കുളിരിൽ തലോടിയുറക്കി
വസന്തകാലപൂവുകളിൽ നിന്നൊഴുകിയ
സുഗന്ധതൈലങ്ങളുമായ്
സായംസന്ധ്യാമണ്ഡപവും കടന്ന്
നക്ഷത്രവിളക്കുകളുടെ
പ്രകാശമാർഗത്തിലൂടെ
ഉൾക്കടലിന്റെ ഹൃദ്സ്പന്ദനതാളം
തേടി പോയി....
ഹൃദ്സ്പന്ദനങ്ങൾ

അവലോകനങ്ങളുടെ
ആന്തരികാർഥം
തേടിനടന്ന കാലം
ഒരു നിമിഷത്തെ
ഭദ്രമായ് സൂക്ഷിക്കാൻ
കവചമന്വേഷിച്ചു
ലോകയാത്ര ചെയ്തു
ഒരോ നിമിഷവും മുദ്രയേകി
നീക്കിയ രാപ്പകലുകൾ
വാരാന്ത്യങ്ങളുടെ രാശിപത്രത്തിൽ
എന്തൊക്കയോ കോറിയിട്ടു
ആകാശത്തിലൂടെ
ആകാശഗംഗയൊഴുകും വഴിയും കടന്ന്
ഭൂമിയുടെ യാത്രാവഴികളിൽ
കാലം എഴുതിയ ഇതിഹാസം
കടൽതിരകളിലൊഴുകി...
ശരത്ക്കാലരാവിൽ
നക്ഷത്രമിഴിയിൽ
കവിതയുണരുന്നതും കണ്ട്
കടൽത്തീരമണലിലൂടെ
ഞാനും നടന്നു....

Wednesday, October 20, 2010

 അതിർരേഖകൾ

ലോകഭൂപടത്തിലെ
അതിർരേഖകളിൽ
സമുദ്രങ്ങളും, കൽമതിലുകളും
പർവതങ്ങളും കാവലായി നിന്നു
ആകാശത്തെയളന്നതിരിടാൻ
ആർക്കുമായില്ല
ഭൂമിയുടെയതിരുകളിൽ
നിശ്ചിതദൈർഘ്യത്തിൽ
ഉപഗ്രഹങ്ങളൊഴുകി
പലപുഴകളും കടലിനരികിൽ
മതിലുകൾ പണിതു
മതിൽക്കെട്ടിലനരികിലും
ശംഖുകളിൽ കടൽ
സംഗീതമായൊഴുകീ
കൽപനകൾ തേടി നടന്ന കാലം
കഥയറിയാതെ വലഞ്ഞു
അതിരുകളില്ലാത്ത ചക്രവാളം
അനന്തതയുടെ ആദിരൂപമായി
മണൽത്തരികളെണ്ണിയെണ്ണി
തിരകൾ കടൽത്തീരത്തൊഴുകി
ലോകഭൂപടത്തിലെ അതിരുകളിൽ
വിവിധ സംസ്കൃതികൾ
അക്ഷരലിപികൾ തേടി നടന്നു
സംഘർഷത്തിന്റെ ചുമർചിത്രങ്ങളിൽ
മുഖപടമണിയാനാവാതെ
അഗ്നിപരീക്ഷണങ്ങളുടെ
ഉലത്തീയിൽ നിന്നുമകലേയ്ക്ക്
സത്യം നടന്നു നീങ്ങി
അതിർരേഖകളില്ലാത്ത
ഉൾക്കടലിൽ
അതിരുകൾപ്പുറമുണരുന്ന
അക്ഷരലിപികൾ തേടി
ഭൂമിയും യാത്രയായി....

Tuesday, October 19, 2010

വർത്തമാനകാലം

പഴമയുടെ ഋണബാധ്യതകൾ
കാലം എഴുതിയെഴുതി മായ്ച്ചു
എഴുതാനാവാത്ത
ആത്മസംഘർഷങ്ങൾ
തിരകളായ്
പേമാരിയായാർത്തിരമ്പി
ആരോ വഴിവക്കിലുപേഷിച്ചുപോയ
മൗനത്തെ ശിലയിലാവാഹിച്ചു
പർവതമുകളിൽ പ്രതിഷ്ഠിച്ചു
ജനം കടന്നുപോയി
ജ്യോതിർഗോളങ്ങളിലെ പ്രകാശം
വർത്തമാനകാലം
അക്ഷരങ്ങൾക്കേകി
ഭൂമിയോടൊപ്പമൊഴുകി ഋതുക്കൾ
ഉൽഭവസ്ഥാനം മറന്ന്
യാത്രാപഥങ്ങളിൽ നിന്നകന്നുപോയ
ഒരു യുഗം കൈയൊഴിഞ്ഞ
വാക്കുകളെ ഭൂമി ഒരു നക്ഷത്രമിഴിയിൽ
ഭദ്രമായ് സൂക്ഷിച്ചു
ഒരു ശരത്ക്കാലസന്ധ്യയിൽ
ആ വാക്കുകൾ എന്നെ തേടി വന്നു...
ഉൾക്കടൽ

രത്നങ്ങൾ തേടിയൊഴുകിയ
പുഴയൊടുവിൽ
വെള്ളാരം കല്ലുകളുടെ
സമുച്ചയത്തിലെത്തി
ഒരോ കല്ലിലും ചിത്രലേഖനം
ചെയ്ത ചായക്കൂട്ടുകൾ
നിയോൺദീപങ്ങളിൽ മിന്നി
അതിനപ്പുറം പ്രഭാതത്തിൽ
പുൽനാമ്പിലുണർന്ന മഞ്ഞുതുള്ളി
തേടി  നടന്നു ഭൂമി..
ഞാനെത്തി കടൽത്തീരത്തിനരികിൽ
കടലെന്നെ ഉൾക്കടലിലെ
മാന്ത്രികരത്നദ്വീപുകളിലേയ്ക്ക്
ഒരു പരിഭവവും കൂടാതെ
വസന്തകാലപൂവുകൾ നിറഞ്ഞ
നൗകയുമായ് വന്നു സ്വീകരിച്ചു
അവിടെ ഞാൻ കണ്ടു
രത്നങ്ങൾ.....
കടൽ സൂക്ഷിക്കുന്ന കാവ്യമുറങ്ങുന്ന
ചക്രവാളം
എന്റെ മനസ്സവിടെയായുൾക്കടലിലൊഴുകി..
ഭൂമി എന്നെ തേടി വരും വരെ
വസന്തകാലപൂവുകൾ നിറഞ്ഞ
നൗകയിൽ ഞാനിരുന്നു....
 ഭൂമി

ആകാശത്തെ മായ്ക്കാനാവാതെ
തുലാവർഷമേഘങ്ങൾ പെയ്തൊഴിഞ്ഞു
അരികിലൊരു നക്ഷത്രമിഴിയിൽ
മിന്നിയ  ദീപമായ് മാറി സായംസന്ധ്യ
സന്ധ്യയുടെ ആകാശം
വർണാഭമായിരുന്നു
ഭൂമിയുടെ കാഴ്ചശീവേലി....
ആകാശത്തിനരികിൽ
അസ്തമയചെപ്പിൽ
മേഘങ്ങൾ വരച്ച ചിത്രങ്ങൾ
അർഥമറിയാതെയൊഴുകി
നിരർഥകമായ
ഉപദേശപർവങ്ങളിലെ
സൂത്രവാക്യങ്ങളുമായ്  രാത്രി
കാലത്തിനരികിൽ കാവൽ നിന്നു
അതിനപ്പുറം ശൂന്യതലങ്ങളിൽ
പൊങ്ങുതടി പോലെ
കുറെ ആത്മാക്കളൊഴുകി
എഴുതി വികലമാക്കിയ
കുറെ കടലാസുതാളുകൾ
അവിടെ പറന്നു നടന്നു
നക്ഷത്രമിഴിയിലെ
പ്രകാശരശ്മികളിലലിഞ്ഞ്
അനിയന്ത്രിതമായ ഭ്രമണതാളങ്ങളിൽ
അക്ഷരങ്ങളുണരുന്ന യാത്രാപഥത്തിൽ
ഭൂമി മെല്ലെ യാത്ര തുടർന്നു.....

Monday, October 18, 2010

ഭൂമി

ഭൂമി

ചതുരക്കളങ്ങളിൽ
ചായം പകർത്തി വിഭ്രമുണ്ടാക്കി
രക്ഷാവലയങ്ങളിലൂടെ
നടക്കുമ്പോൾ
ചില്ലുകൂടുകളിലടച്ച
പഞ്ചതന്മാത്രകളിലൊന്ന്
നടന്നു നീങ്ങുന്ന വഴിയിൽ
വേറൊരു വലയമായി
രൂപാന്തരപ്പെടും
വലയങ്ങളിൽ നിന്ന്
വലയങ്ങളിലേയ്ക്കുള്ള
ദൈർഘ്യം
ഒരു യുഗത്തോളമുയരും
അതിനിടയിൽ
ഓർമത്തെറ്റുപോലെയൊഴുകും
നദി..
ആർത്തിരമ്പും കടൽ..
ഇടറി വീഴുന്ന രാപ്പകലുകളിലൂടെ
ഭൂമി നടന്നു നീങ്ങുമ്പോൾ
ഒരു നാൾ കാലത്തിന്റെ
സംക്രമണതാളത്തിൽ
ചില്ലുകൂടുകളുടയും
വലയങ്ങളും......

കടൽ

 കടൽ

നീയൊരു ചെറിയ തടാകം 
നിനക്കറിയുന്ന വഴികൾ
തടാകത്തിന്റെ ഇടുങ്ങിയ
സഞ്ചാരപഥങ്ങൾ....
കടലിനരികിൽ
നിന്റെ തടാകം ഒരു മൺപാത്രം...
ഒരു ചെറിയ കല്ലിലുലയുന്ന
ഓളങ്ങൾ.....

കടലിനന്യം മൗനം
കടൽ എപ്പോഴും സംസാരിക്കുന്ന
ഒരത്ഭുതം
ഉള്ളിൽ നിധിശേഖരങ്ങൾ

നിന്റെ തടാകത്തിന്റെ
സങ്കുചിതമായ മൺപാത്രങ്ങളിൽ
ഭൂമിയുടെ കടലിനെ അളന്നെടുക്കാനെത്തുന്ന
ആൾക്കൂട്ടത്തിനരികിലിൽ
ഒരു ചെറിയ കല്ലുമായ് നിൽക്കുന്ന
നിന്നെ കാണുമ്പോൾ
എന്റെ കടലെന്നോടു പറയുന്നു

നിന്റെ തടാകത്തിനാ കല്ലിന്റെ
വില മാത്രം...
മഷിതുള്ളികളിൽ നിന്റെ തടാകം
ഒരു ചെറിയ മൺപാത്രമായ്
കടലിന്റെ മുന്നിലുയരട്ടെ
 

Ref : ഇന്നത്തെ ചിന്താവിഷയം MM

Sunday, October 17, 2010

ഭൂമി

വനവാസത്തിലായ
സത്യത്തെ എഴുതിമായ്ക്കാനാഗ്രഹിച്ചു
കൗരവസൈന്യം
ഭൂമിയുടെ സഹനശേഷി തേടിയലയുന്നു
മഷിതുള്ളികൾ
ഭൂമി ഒരഗ്നിപർവത ശിലയായി
രൂപപ്പെടും വരെ അതവർ തുടരും
യുദ്ധകാണ്ഡമെഴുതി മതിയാവാതെ
കടൽത്തീരത്തെത്തി കാഹളം
മുഴക്കുന്നവർ
ഭൂമി മൗനം മറന്ന വാക്കായുണരുന്ന
ഉൾക്കടലിൽ ആരവമുയർത്തി
സ്വർഗം പ്രതീക്ഷിക്കുന്ന
തത്വചിന്തകരുടെ
തത്വസംഹിതകളിൽ
നിന്നകലെയൊഴുകുന്ന
നക്ഷത്രമിഴിയിലെ
വെളിച്ചമായ് മാറിയ
വാക്കുകളിൽ ഞാനുണരുന്നു.

Saturday, October 16, 2010

ഭൂമി

മിഴികളിൽ
പ്രകാശമായുണർന്ന
വിജയദശമിയിൽ
മനസ്സിലെ വെൺതാമരപൂക്കളിൽ
സരസ്വതിയെഴുതി
സംഗീതസ്വരം.....
സത്യത്തിന്റ മുഖം
കൃഷ്ണശിലയിൽ മിന്നി.....
മനുഷ്യരെഴുതി നീട്ടിയ
പൊയ്മുഖങ്ങളിൽ
നിന്നുയിർക്കൊണ്ട
അസത്യവചനങ്ങളകന്നുപോയി
പ്രകാശമൊഴുകിയ
ദീപങ്ങളിൽ നിന്നുണർന്നു
അഗ്നിയുടെ സൗമ്യഭാവം
എഴുത്തോലകളിൽ
നാരായമെഴുതി
ഇതിഹാസം..
ഭൂമി അറിവിന്റെ കലവറകളിൽ
തേൻതുള്ളികൾ നിറച്ചു
തുലാവർഷമേഘങ്ങൾ
പെയ്തൊഴിഞ്ഞുപോയ
ശരത്ക്കാലസന്ധ്യയിൽ
ഭൂമി സംഗീതമണ്ഡപത്തിൽ
ഒരു നൂതനരാഗവുമായ്
ഗ്രാമത്തിനരികിലൂടെ
നടന്നു നീങ്ങി.....

Friday, October 15, 2010

ഹൃദ്സ്പന്ദനങ്ങൾ

ഹൃദ്സ്പന്ദനങ്ങൾ


അക്ഷരങ്ങളുടെ
ആകർഷീണയമായ ഒരുത്സവം
എന്നെയുണർത്തുന്നു
മാറാലമൂടിയ നിലവറകളിൽ
വിലങ്ങിലുലഞ്ഞു വിതുമ്പിയ
കുറെ അക്ഷരങ്ങളെ
ഭൂമി കടൽത്തീരമണലിലെ
കൽമണ്ഡപത്തിലിരുന്നെന്റെ
കാതിലോതി
അതിലുണർന്നു കൽഹാരങ്ങൾ,
കൽപദ്രുമങ്ങൾ...
പാരിജാതങ്ങൾ..
ചന്ദനമരങ്ങൾ...
ഗ്രാമം സ്വർണവർണമാർന്ന
ഓട്ടുരുളിയിൽ അരിനിറയ്ക്കുന്നു
പ്രഭാതം ഓട്ടുവിളക്കിൽ
പ്രകാശമൊഴുക്കുന്നു
ഞാനുമെഴുതീ ഭൂമിയുടെ
കടൽത്തീരമണലിൽ
അമ്മ പൊൻമോതിരത്തുമ്പാൽ
നാവിലെഴുതിയ
ആദ്യാക്ഷരങ്ങൾ....
യുഗങ്ങളിൽ നിന്നുണർന്നു
അഗ്നിയുമായ് ഋഗ്വേദമന്ത്രം
സമുദ്രം ശംഖിൽ നിറയ്ക്കുന്നു
സാമവേദം, പ്രണവം....
ഹൃദയഹാരിയായ സംഗീതം......

Wednesday, October 13, 2010

വർണ്ണം


പ്രകൃതിയുടെ
സന്തുലിതമായ
നിറക്കൂട്ടുകളിലുണർന്ന
ഛായാചിത്രങ്ങൾ മനോഹരമായ
കവിതപോലെയൊഴുകി
ഒരോ ഋതുവും വന്നുപോകുമ്പോഴും
വർണ്ണക്കൂട്ടുകളിൽ
ചാരുത സൂക്ഷിച്ചു ഭൂമി
പ്രഭാതരശ്മികളിലുണർന്ന
പൂവിതളുകളിൽ
ഹൃദയഹാരിയായ ലാളിത്യം
സൂര്യമുഖം ഹോമാഗ്നിയാകുന്ന
മദ്ധ്യാഹ്നത്തിൽ
ഹരിതവനങ്ങളിൽ ഭൂമി
കുളിർമയുടെ വസന്തമേകി
സന്ധ്യയുടെ ദീപാവലിയിൽ
സ്വർണവർണം
സമുദ്രത്തിനും മഴതുള്ളികൾക്കും
ഒരേ നിറമായിരുന്നു...
മനസ്സിലൊഴുകീ
ഭൂമിയുടെ ശരത്ക്കാലസന്ധ്യയിലെ
കൃഷ്ണതുളസിപ്പൂക്കളുടെ വർണം, സുഗന്ധം....

Tuesday, October 12, 2010

ഭൂമി

തിരകൾ കൈയേറിയ
കടലിനരികിൽ
പൂഴിമണലിലൂടെയൊഴുകി
കടൽചിപ്പികൾ...
ഭൂമിയുടെ സ്വപ്നങ്ങളുറങ്ങിയ
ചിപ്പികൾ...
യാത്രാവഴികളിൽ ഭൂമിയെ
നിശ്ചലമാക്കാൻ
തിരകൾക്കായില്ല...
ഒഴുകിയ പൂഴിമണൽതരികളിൽ
ഗ്രീഷ്മവും, വർഷവും മാഞ്ഞു
മായാതെ നിന്ന ഒരു സ്വപ്നം
ഭൂമിയുടെ ചെപ്പുകളിൽ
സായം സന്ധ്യയുടെ
ജപമാലകളിൽ
പൂവുകളായി വിടർന്നു...
സഹസ്രദളനാമങ്ങളിൽ
ആരതിയുഴിഞ്ഞ
ആകാശത്തിന്റെ തിരുസഭയിൽ
വീണ്ടുമുണർന്നു ദേവദുന്ദുഭി
എവിടെയോ വഴി മറന്ന
ഒരു അനുസ്വരം വീണ്ടും
ഭൂമിയുടെ വിരൽതുമ്പിൽ
സംഗീതമായൊഴുകി.....
ഉൾക്കടൽ

മൺകല്ലുകളിൽ സാമ്രാജ്യങ്ങളെ
രൂപകല്പന ചെയ്യുന്നവർ
ഭൂമിയുടെയരികിൽ
അർഥവ്യതിയാനങ്ങളുടെ
നിഘണ്ടുവിൽ
അറിവില്ലായ്മ എഴുതി...
ചിത്രകംബളങ്ങളിൽ
തിരകൾ നെയ്യുന്നു
വെള്ളിനൂലുകൾ....
സ്വർണ്ണനൂലുകളുമായ്
ആകാശത്തിന്റെ മേൽക്കൂരയിൽ
നക്ഷത്രമിഴിയിലുണരുന്നു
ഭൂമിയുടെ സ്വപ്നങ്ങൾ..
വഴിയോരത്തെ യാത്രാസൂചിനികളിൽ
കാലം എഴുതി കല്പിതകഥകൾ...
രാവിന്റെ കഥകൾ....
അമാവാസിയുടെ കറുപ്പിൽ
വിടരുന്ന മനസ്സുകൾ
ഭൂമിയുടെയരികിൽ വരച്ചു
ചുമർചിത്രങ്ങൾ...
അപക്വമായ ചായക്കൂട്ടുകൾ...
പാലങ്ങൾക്കപ്പുറത്ത്
കടലായിരുന്നു
ഉൾക്കടൽ
ചായക്കൂട്ടുകൾക്കപ്പുറത്തുണർന്ന
ശരത്ക്കാലത്തിലെ കടൽ....

Monday, October 11, 2010

ഹൃദ്സ്പന്ദനങ്ങൾ

ഹൃദ്സ്പന്ദനങ്ങ

അഗ്നിശിലകളിൽ ഗ്രീഷ്മം
പണിതുയർത്തിയ നിഴൽഗോപുരങ്ങൾ
ഒന്നൊന്നായി വീണുടഞ്ഞപ്പോൾ
രാജചിഹ്നങ്ങൾ സഭാതലങ്ങളിൽ
പ്രദർശനവേദികൾ തേടിനടന്നു..
അപ്പോഴേയ്ക്കും
നിഴൽപ്പാടുകളെ ഭൂമിയുടെ
 ഒരു ഋതു മഴത്തുള്ളികളിലലിയിച്ചു ...
ആവനാഴിയിലെ അസ്ത്രമൊടുങ്ങിയ
ഇന്ദ്രലോകത്തിനരികിൽ
ഗോവർദ്ധനം ഭാരരഹിതമായ
തൂവൽ പോലെയുയർന്നുനിന്നു...
സത്യത്തിന്റെ രത്നചിഹ്നങ്ങൾക്കരികിൽ
ആത്മാവിനെ തീറെഴുതി
അടിക്കുറിപ്പുകൾ അനുബന്ധമെഴുതി..
എഴുതിമുറിച്ചു മാറ്റിയ
എഴുത്തോലകളുമായ് മൗനം
തന്ത്രശാസ്ത്രങ്ങളുടെ
ആധികാരികഗ്രന്ഥങ്ങളിൽ
തപസ്സിരുന്നു.......
ഭൂമിയുടെ എഴുത്തുതാളുകൾ
അളന്നു തൂക്കി തുലാസുകളെഴുതീ
ഘടികാരസൂചികളിലെ വിരസത
കടൽതീരമണലിലൂടെയൊഴുകിപ്പോയി
തത്വചിന്തകളിലെ വിവേകം...
കടലിനരികിൽ ഭൂമിയോടൊപ്പം
നടക്കുമ്പോൾ
ചക്രവാളത്തിൽ അസ്തമയം.....
ആത്മസംയമനത്തിന്റെ
അളവുകോലുടച്ച കുറെ ഋതുക്കൾ
ഓർമ്മക്കുറിപ്പുകളെഴുതി
ഭൂമിയുടെയരികിൽ......
ശരത്ക്കാലസന്ധ്യയിൽ
ഭൂമിയുടെ ചിപ്പിക്കുള്ളിൽ
സാന്ധ്യരാഗമുണരുന്നു
അമൂല്യസ്വരങ്ങളിൽ.......
ഹൃദ്സ്പന്ദനങ്ങൾ


ശംഖിൽ ബ്രാഹ്മമുഹൂർത്തം
ശ്രുതിയിടുമ്പോൾ
പുലർകാലരാഗങ്ങൾ
സോപാനത്തിനരികിൽ
ചന്ദനസുഗന്ധം തേടിയെത്തി
കാലത്തിന്റെ കടുംതുടിയിൽ
ഹിമവൽശൃംഗമുണരുമ്പോൾ
ജപമാലയിലെ തുളസിമുത്തുകൾ
വിരൽതുമ്പിലെ വിസ്മയം തേടി
യാത്രക്കുറിപ്പുകളിൽ
എഴുതിയിടാൻ
കടലൊഴുകി
മനസ്സിനരികിൽ....
ഭൂമിയൊരുക്കിയ പർണശാലകളിൽ
കമണ്ഡലുവിൽ നിന്നൊഴുകീ
ഗംഗ.....
ആദിയുഗത്തിലൂടെയൊഴുകീ
സമുദ്രം..
ക്ഷീരസാഗരം....

Sunday, October 10, 2010

ഹൃദ്സ്പന്ദനങ്ങൾ

പ്രഭാതം
ആയിരത്തിരിയിട്ടുണർന്ന
ഗ്രാമവാതിലിൽ
ഉണരാൻ വൈകിയ
ഒരു പൂവിനരികിൽ
സ്വപ്നങ്ങൾ തേടി
ഒരു മഞ്ഞുതുള്ളി
പ്രകാശരേഖകളിൽ
മിന്നിയാടിയ പട്ടുനൂൽതുമ്പിൽ
കാലം കടംകഥകളെഴുതി..
കഥയിലെ കടൽപ്പാലങ്ങളിൽ
ഉരുക്കും ഇരുമ്പും 
ചിത്രപ്പണികൾ നെയ്തു
ഭാരമേറിയ യാത്രാവാഹനങ്ങളിലുടക്കി
കാലത്തിന്റെ പട്ടുനൂലുകൾ മുറിഞ്ഞു
പുകമറയിൽ മങ്ങിയ ചിന്താപ്രവാഹങ്ങൾ
തൂലികളിൽ ഉലത്തീയുണർത്തി
വാക്കുകളെ ഹോമാഗ്നിയിലാക്കി
അഗ്നിയിലെ ഹവ്യം
ശിവതാണ്ഡവത്തിനിടയിൽ
വീണൊഴുകിയ രുദ്രാക്ഷങ്ങളിൽ
നിന്നൊഴുകീ ഒരു കടൽ
കരകാണാക്കടൽ
കടൽപ്പാലങ്ങളിലൂടെ കാലം നടന്നു
സമാന്തരങ്ങളിൽ....
യാത്രാപഥങ്ങൾ

ഭൂമിയുടെ യാത്രാപഥങ്ങളിൽ
നെരിപ്പോടുകളിലെ
കനൽതൂവി പർവതശിഖരങ്ങളിലൂടെ
നടന്നു നീങ്ങിയ കാലം
എവിടെയൊക്കയോ
ചായം പുരട്ടി
അസ്തമയത്തിനരികിൽ
മിഴി പൂട്ടിയിരുന്നു
സത്യം അന്തർദ്ധാനം ചെയ്ത
അരങ്ങിൽ യവനിക നീക്കിയെത്തി
പ്രസക്തി നഷ്ടമായ മൗനം
അതിർരേഖയിൽ ഭൂമിയെഴുതിയ
ശിലാഫലകങ്ങളിൽ
ആരൊക്കയോ കോറിയിട്ട
അന്യഭാഷാലിപികളിൽ
ഒരു പുഴയുടെ നിറം മങ്ങിയ
മനസ്സൊഴുകി
എഴുതിയെഴുതി കടലിനെ
മായ്ക്കാൻ തീരമണലിൽ
തിരകളിണിനിരന്ന മഴക്കാലസന്ധ്യയിൽ
ഓട്ടുവിളക്കിൽ തിരി വച്ചു പ്രദോഷം
പ്രദോഷസന്ധ്യയ്ക്കപ്പുറം
നിലാവൊഴുകി...
നക്ഷത്രദീപങ്ങളും...
കാലത്തിന്റെ നെരിപ്പോട്
പുകയുമ്പോഴും
ഭൂമി യാത്രാപഥങ്ങളിൽ
യാത്ര തുടർന്നു...

Saturday, October 9, 2010

ഭൂമി

ഇരുണ്ട ഗുഹകളിൽ
ആത്മാവിനെ ചുറ്റിയ
വിലങ്ങുകളിലുലഞ്ഞു മുറിപ്പെട്ട 
കുറെ വാക്കുകളെ
ഭൂമി ഇരുകൈയിലുമേറ്റി
തീവ്രപരിചരണവലയങ്ങളിൽ
തൂവൽസ്പർശത്താൽ
മെല്ലെ തഴുകി
സുഖകരമായ
സുഗന്ധമൊഴുകുന്ന
ഒരു പൂവാക്കി മാറ്റി
മഴക്കാലക്കുളിരിൽ
ആ പൂവിന്റെയോരോയിതളും
ഹൃദയതന്ത്രികളിൽ
നൂതനസ്വരങ്ങളുണർത്തി
ഇരുണ്ട ഗുഹയിലൂടെ കാലം
നടന്നു പോകുമ്പോൾ
ഭൂമി വാക്കുകൾക്കരികിൽ
ഭാദ്രപാദത്തിലെ
നനുത്ത കുളിരിൽ
സന്ധ്യാപൂജയ്ക്കുള്ള
പൂക്കളൊരുക്കി......
ഹൃദ്സ്പന്ദനങ്ങൾ

കാലഗമനതാളത്തിനരികിൽ
മന്ത്രങ്ങളായുണർന്നു
വാക്കുകൾ...
ചിതയിലേറ്റാതെ ഭൂമി
ചിമിഴിൽ സൂക്ഷിച്ച
മന്ത്രാക്ഷരങ്ങൾ
സാമ്രാജ്യങ്ങളിൽ
പെരുമ്പറയും, കാഹളവുമൂതിയ
ആൾക്കൂട്ടത്തിനകലെ
ഭൂമിയുടെ ഹൃദയത്തിലുണർന്ന
സങ്കീർത്തനം
തുളസി മാല്യം
സന്ധ്യയുടെ തൊടുകുറിക്കൂട്ടിലെ
ശരത്ക്കാലനിറം
വാക്കുകൾ.....
കടലിന്റെ പ്രതിശ്രുതി....

Friday, October 8, 2010

ഉൾക്കടൽ

ശിലായുഗത്തിൽ നിന്നും
യന്ത്രയുഗത്തിലേയ്ക്ക്
നടന്നു നീങ്ങുമ്പോഴും
മനുഷ്യമനസ്സിൽ
ശിലകളുടെ ആദിരൂപമുറങ്ങി
പരിണാമപരമ്പരകളിലൂടെ
നടന്നു നീങ്ങുമ്പോഴും
സംസ്കൃതിയുടെ ബാലപാഠങ്ങൾ
എഴുതി പഠിയ്ക്കുമ്പോഴും
അയനിയ്ക്കുള്ളിൽ
അഗ്നിയുറങ്ങി
നെയ്യും കറുകയും ഹോമാഗ്നിയിൽ
പുകയുമ്പോഴും
പുകഞ്ഞൊടുങ്ങാത്ത
ഒരു ഹോമദ്രവ്യവുമായൊഴുകീ
നിളാനദി
പശ്ചിമഘട്ടത്തിൽ
അസ്തമയമെഴുതുമ്പോഴും
സൂര്യഹൃദയം കനൽ തേടി
ചക്രവാളത്തിനരികിൽ
കടൽ ധ്യാനശിലകളിലുറങ്ങിയ
ഉൾക്കടലിനെയുണർത്തി
ഉൾക്കടലിനരികിൽ
ശിലായുഗമെഴുതിയ
സംസ്കൃതിയുടെ
ഭാഷാലിപികൾ തേടി
ഭൂമിയുടെയരികിൽ
ഞാനും നടന്നു....
കടൽ

പഴമയുടെ
കൽപ്പെട്ടികളിൽ
രത്നശേഖരങ്ങളുണ്ടായിരുന്നു
മുത്തും, വൈഡൂര്യവും....
കടലിനുള്ളിലുറങ്ങി
സംഗീതം
അമൂല്യമായ സ്വരങ്ങൾ.....
കാലത്തിന്റെ കുത്തൊഴുക്കിൽ
പലതും ഒഴുകിപ്പോയി
കൈയിൽ നിറഞ്ഞ
മഴത്തുള്ളികളിൽ
ഭൂമി മഴയുടെ കവിതയെഴുതി...
പഴമയുടെ കൽപ്പെട്ടിയിലെ
രത്നശേഖരങ്ങൾ തേടിയില്ല
മഴത്തുള്ളികൾ
ആ പളുങ്കുതുള്ളികൾ
അമൂല്യസ്വരങ്ങൾ തേടി
കടലിലേയ്ക്കൊഴുകി
കടൽ മഴയുടെ സംഗീതമായി.....

Thursday, October 7, 2010

കടൽ

കടൽ

സമയം തെറ്റിയ
ഘടികാരസൂചികൾ
കാലത്തിന്റെ ശിരസ്സിൽ
വൈകിയോടി
ലോകഭൂപടത്തിൽ
പ്രക്ഷുബ്ദമാം സമുദ്രങ്ങൾ
കാലത്തിനും
കടലിനുമിടയിൽ
കൽമണ്ഡപത്തിൽ
ഞാനിരുന്നു
എഴുതി മുഴുമിക്കാനാവാത്ത
ഒരു കഥയുമായ്
ഭൂമി എന്നെ തേടി വന്നു
ആ കഥയിലൊരു മഴതുള്ളി
പെയ്തൊഴിഞ്ഞ മഴയിൽ
നടന്നു നീങ്ങി കാലം
പിന്നെയും ഒരു
ശരത്ക്കാലസന്ധ്യ
കാലത്തിനും കടലിനുമിടയിൽ
ഉൾക്കടലിനെ തേടി ഭൂമി
അതിനുള്ളിലുണർന്നു
ആദിമധ്യാന്തങ്ങൾ
വേറൊരു യുഗം....

ഹൃദ്സ്പന്ദനങ്ങൾ

ഹൃദ്സ്പന്ദനങ്ങൾ

സാമ്രാജ്യങ്ങളിൽ
രാജചിഹ്നങ്ങൾ തേടിയലഞ്ഞു
ആൾക്കൂട്ടം
ആരവങ്ങൾക്കകലെ
കാവ്യങ്ങളുറങ്ങിയ
ചിമിഴ് തേടി നടന്നു ഭൂമി..
അയോദ്ധ്യയിൽ
അഗ്നിപരീക്ഷണങ്ങളുടെ
രാജചിഹ്നങ്ങളെ
പരിത്യജിച്ചു ആ ഭൂമി
ചെങ്കോലുകൾ തേടിപ്പോയ
സാമ്രാജ്യങ്ങൾ
യുദ്ധകാണ്ഡങ്ങളെഴുതി
ഭൂമിയുടെ കടൽത്തീരങ്ങളിൽ
വലംപിരിശംഖുകൾ
ദക്ഷിണായനം
മനസ്സിലെ ആരണ്യകത്തിൽ
ദേവദാരുക്കൾ
വസന്തം..
ശംഖിനുള്ളിലെ തീർഥം...

ഭൂമി

ഭൂമി

വസന്തം നടന്നു നീങ്ങിയ
വഴിയിൽ തണൽവൃക്ഷങ്ങൾ
തേടിയ ഗ്രീഷ്മമായിരുന്നില്ല
എന്റെ ഭൂമി
ഗ്രീഷ്മച്ചൂടിൽ കരിയുന്ന
പുൽനാമ്പുകളിൽ
മഴതുള്ളികൾ വീണുണരുന്നത്
കാണാൻ തപസ്സ് ചെയ്ത ഭൂമി
ആ ഭൂമിയ്ക്കരികിൽ
ഞാനുമുണ്ടായിരുന്നു
വർഷത്തിനപ്പുറം
കടൽത്തീരമണലിൽ
ശംഖുകൾ തേടി നടന്ന
ശരത്ക്കാലസന്ധ്യയായി
മറ്റൊരു ഭൂമിയും എന്നെ തേടി വന്നു
പിന്നെയോരോ ഋതുവിലും
തളർന്നുവീഴാതെ
ഭൂമിയുടെയരികിൽ
ഭൂപഥങ്ങളിൽ
ഞാനും നടന്നു
ഋതുഭേദങ്ങൾക്കകലെ....

കൈമുദ്രകൾ

കൈമുദ്രകൾ

അവരെല്ലാം പണ്ടുപണ്ടേയുള്ളവർ
വളരെ മുന്നേയെത്തി 
കൈമുദ്രയേകിയോർ
പണ്ടുപണ്ടേയുള്ളവർ....
കൈകളിലാദ്യം
മധുരക്കട്ടികൾ
നറും വെണ്ണപോലെ...
പിന്നിൽ നിന്നു വന്നു
കൽച്ചീളുകൾ
കൽച്ചീളുകൾ വീണാദ്യം മുറിഞ്ഞു
കൃഷ്ണതുളസി
കടമ്പിൻപൂവുകൾ
ഭൂഹൃദയം....
കൽച്ചീളുകളിൽ
കാരുണ്യമൊഴുകിയില്ല
അതിലുണർന്നത്
ആധികാരികമുദ്രകൾ
കൽച്ചീളുകളൊന്നായ്
ഭൂമി തിരികെയേകി
അതിലും കാരുണ്യമൊഴുകിയില്ല
നറും വെണ്ണയിൽ നിന്ന്
കൽച്ചീളുകളിൽ മുറിഞ്ഞ ലിപികൾ
അതിനിടയിൽ കൽച്ചീളുകൾ
വെണ്ണയിൽ മൂടീയ
മനസ്സിനെയും ഭൂമി കണ്ടു
അവരെല്ലാം പണ്ടുപണ്ടേയുള്ളവർ
ആധികാരികമുദ്രകൾ....
എന്റെയരികിലെ
ചെറിയ ഭൂമിയുടെ കൈമുദ്രകൾ
ഒരോടക്കുഴലിലായിരുന്നു
അന്നും ഇന്നും.......

Wednesday, October 6, 2010

ആകാശഗോപുരത്തിനരികിൽ....

 ആകാശഗോപുരത്തിനരികിൽ
സൂര്യന്റെ സ്ഥായിയായ
പരിണാമാവസ്ഥ
പുലർകാലത്തിലൂടെ നടന്ന്
മദ്ധ്യാഹ്നത്തിൽ കത്തിയാളി
അപരാഹ്നത്തിൽ കനലായി
സായന്തനത്തിൽ ആത്മപരിത്യാഗം
അസ്തമയം......
അതിനപ്പുറം സൂര്യനെന്തെഴുതും
എഴുതാപ്പുറങ്ങളിലെഴുതാൻ
ഒന്നുമില്ലാതെയുഴലുമ്പോൾ
ഭൂമിയുടെ മനോഹരമായ
ഉദ്യാനവാതിലുകൾ തള്ളിതുറന്ന്
കടലൊഴുകുന്നതിലമർഷപ്പെട്ട്
ഗ്രീഷ്മത്തിൽ തീയെറിഞ്ഞ്
മഴക്കാലം മറയ്ക്കുന്ന
കനൽചെപ്പിലെ തീയണയുന്നതു
കണ്ടാകുലമാർന്ന്
ഭൂമിയോടസൂയപ്പെട്ട്
അവിടെയുമിവിടെയും
അനവസരത്തിൽ അഗ്നി തൂവി
സൂര്യനവിടെ തന്നെ
ആകാശഗോപുരത്തിനരികിൽ....

Tuesday, October 5, 2010

ഹൃദ്സ്പന്ദനങ്ങൾ

ഹൃദ്സ്പന്ദനങ്ങൾ

മേഘമിഴിയിലൂടെ
ജലകണങ്ങളായിറ്റു വീഴുന്നു
പോയ കാലത്തിന്റെ തന്മാത്രകൾ
നടന്നകന്ന ഓരോ മരവിച്ച
നിമിഷത്തെയും
ഓർമ്മപ്പെടുത്താൻ
അതിനിടയിൽ ഭൂമിയെങ്ങനെ
മൗനധ്യാനത്തിന്റെ
രുദ്രാക്ഷങ്ങളെണ്ണി രംഗമൊഴിയും
ഒരു നാൾ
ഒരന്യഭാഷാലിപിയുമായ്
ആഴക്കയങ്ങളിലെ ആന്തൽ പോലെ
അനിഷേധ്യമായ കല്പനയുമായ്
വന്നു ആ പുഴ
മൗനത്തിന്റെ കല്പനകൾക്കപ്പുറമൊഴുകിയ
സമുദ്രങ്ങളെ ഭൂമി കൈയിലേറ്റി
ആകാശോദ്യാനത്തിൽ
നക്ഷത്രങ്ങൾ പൂക്കാലമായ് വിടരുമ്പോൾ
മൗനത്തിന്റെ അണികൾ
ഓർമ്മപ്പാടുകൾ തീരത്തേയ്ക്കൊഴുക്കുമ്പോൾ
ഭൂമി ധ്യാനശിലകളിൽ
നിന്നുണർന്ന് ശംഖിലുറങ്ങിയ
വാക്കുകൾ തേടി
അപ്പോഴും മേഘമാലകൾ
പോയകാലത്തിന്റെ
അനുസ്മരണങ്ങളെഴുതിയ
എഴുത്തോലകളുമായ്
സ്മൃതിപഥങ്ങൾക്കരികിൽ
എന്തിനെന്നറിയാതെ ഒഴുകി നടന്നു........

ഗ്രാമം

ഗ്രാമം

ഒരിയ്ക്കൽ
അയനിമരത്തണലിൽ
പാറിനടന്ന
കുഞ്ഞാറ്റക്കിളികൾക്കരികിൽ
നെയ്യാമ്പൽപൂമാല കൊരുത്ത ബാല്യം
പിന്നെയെവിടെയോ വഴിപിരിഞ്ഞു
ഗ്രാമത്തിനപ്പുറം ഗ്രന്ഥപ്പുരകളിൽ
പഠനസഹായികൾക്കരികിൽ
രാവും പകലും മഴക്കാലങ്ങളും
മറന്ന് ശിരസ്സിലെ
അറകളിലേയ്ക്കൊഴുക്കിയ
കുറെ അക്ഷരക്കൂട്ടങ്ങളെ
അളന്ന് തൂക്കി
സർവകലാശാലയേകി
ഒരു സാക്ഷ്യപത്രം
കാലമൊഴുകിയ വഴിയിൽ
ചന്ദനത്തിടമ്പേറി വന്ന
ഒരു പുലർകാലത്തിൽ
അയനിമരത്തണലിലിരുന്ന്
നെയ്യാമ്പൽപൂമാല കൊരുത്ത
സ്മൃതിയുടെ ചിമിഴിലുറങ്ങിയ
ബാല്യം തേടി ഞാൻ വീണ്ടും
ഗ്രാമത്തിലേയ്ക്ക് നടന്നു...

Monday, October 4, 2010

കൃഷ്ണതുളസികൾ

കൃഷ്ണാ!!
നീയെനിക്ക് പാഞ്ചജന്യം തരിക
അതിൽ ഞാൻ കടലിന്റെ
കവിത തേടും
ഒരു കുരുക്കുമായ്
നീർമരുതുകൾ തേടി നടന്നു നീ
എന്റെ ഭൂമിയുടെ ചുറ്റും
നീർമരുതുകൾ
ഉലൂഖലവുമായ്
നീയാമരുതുകളിലൂടെ
മെല്ലെ നടക്കുക
എന്റെ വാക്കുകളിൽ
കടമ്പിൻപൂവിലെ
അമൃതുണരട്ടെ
കൃഷ്ണതുളസികൾ പൂത്തുലയട്ടെ

ജാലകവിരികൾക്കരികിൽ


ജാലകവിരികൾക്കരികിൽ
മറഞ്ഞുനിൽക്കുന്ന അവനോട്
പലനാളായി ഭൂമി പറയുന്നു
ജാലകവിരികൾക്കരികിലെ
ജാലവിദ്യ അവസാനിപ്പിക്കാൻ
അവന്റെയരികിൽ
ചായം പൂശി പൂശി
മങ്ങിയ ഒരു നിഴൽ
അതെന്താണാവോ
അറിയില്ല
കുരുതിക്കളങ്ങളിൽ 
നിറയുന്ന വർണ്ണങ്ങൾ പോലെ.....
ഞാനുറങ്ങിയപ്പോൾ
ജാലകവിരികൾക്കരികിൽ
മറഞ്ഞു നിൽക്കുന്നു
അവന്റെ മിഴികൾ
ഞാനുണർന്നപ്പോഴും
അവിടെയൊരു നിഴൽപ്പാട്
കടൽത്തീരത്തിരുന്ന്
കാറ്റു കൊള്ളുമ്പോൾ
ശരത്ക്കാലനിറവുമായ്
ഭൂമി എന്നെ ചുറ്റുമ്പോൾ
അവന്റെ നിഴലും ഭൂമിയെ
പ്രദക്ഷിണം ചെയ്തു നീങ്ങുന്നു
ആകാശത്തിനരികിൽ
ആർദ്രനക്ഷത്രം
ഭൂമിയോട് ചോദിക്കുന്നു
അവനെന്തിങ്ങനെ
ഭൂപ്രദക്ഷിണം ചെയ്യുന്നു
അതിശയകരം......

Sunday, October 3, 2010

ഹൃദ്സ്പന്ദനങ്ങൾ

എഴുതാനിരിക്കുമ്പോൾ
പേനത്തുമ്പിൽ
വിഹ്വലമാകരുതൊന്നും
ഒരു സ്വപ്നമിഴിയിൽ നിന്ന്
നക്ഷത്രവെളിച്ചം പോലെ
ഒരു ജ്വാലയുയരുമ്പോൾ
അതിനരികിലിരുന്ന്
പ്രഭാതം വർണ്ണനൂലുകൾ നെയ്യുമ്പോൾ
പേനത്തുമ്പിലൊഴുകുന്ന
വാക്കുകളിൽ വിലങ്ങുണ്ടാവരുത്
മുൾപ്പടർപ്പുകളിലുടക്കി സ്വപ്നങ്ങളുടെ
നേർമ്മയേറിയ ഉത്തരീയങ്ങൾ
കീറിമുറിയരുത്
ഒഴുകുന്ന ഓളങ്ങളെയോ
സമുദ്രത്തെയോ മതിൽ കെട്ടി
സൂക്ഷിക്കാനാവില്ല
അതുപോലെ പേനത്തുമ്പിലൂടെ
ചില നേരങ്ങളിൽ
വാക്കുകളുമൊഴുകും
ആകാശവും, താരാപഥവും കടന്ന്
ഭൂമിയുടെ കടൽത്തീരങ്ങളിൽ
മുൾപ്പടർപ്പുകൾ മാറ്റി
സ്വപ്നങ്ങളായ്, മഴത്തുള്ളികളായ്

കടൽ

പ്രഭാതം ഭൂമിയെയുണർത്തി
എന്നും സ്വകാര്യമായി പറയും
പ്രതീക്ഷയുടെ ചെപ്പിൽ
അപ്രതീക്ഷിതപരിണാമങ്ങളുടെ
സ്വപ്നമുത്തുകൾ ചേർത്തു നെയ്യുക
അതിനരികിലുണരും ലോകം
വൈചിത്ര്യങ്ങളുടെ ഛായാപടങ്ങൾ
ആകാശത്തെഴുതും
അതിലൊരു കൗതുകമോ
ഒരു തുള്ളി അശ്രുനീരോ
അറിയാനാവില്ല..
പോയ കാലത്തിന്റെ ഭാരച്ചുമടുകൾ
മേഘമുടിയിലൂടെയൊഴുകി
മഴയായി പെയ്തൊഴിയും
കടൽ സൂക്ഷിക്കുന്ന
നിധികലശങ്ങൾ...
മുത്തുകളുറങ്ങുന്ന ചിപ്പികൾ
പ്രതീക്ഷയുടെ ഉൾക്കടൽ ശാന്തം
എങ്കിലും അപ്രതീക്ഷിതമായി
തീരങ്ങളിലേക്കുയർന്നേക്കാം കടൽ
പരിണാമവേഗങ്ങളിൽ....
അതിൽ നിന്നകലെ
സ്വപ്നങ്ങളുടെ ശംഖുകൾ
ചാരുശിലകളിൽ സൂക്ഷിക്കും
ഉൾക്കടൽ.....

ഗ്രാമം

പാതി വഴിയിൽ പിരിഞ്ഞുപോയ
ഗ്രാമപാതയ്ക്കരികിൽ
ആറ്റിലൂടെയൊഴുകി ഒരു വഴി
ആറ്റിറമ്പിലൂടെ നടന്ന്
കായൽ തേടുന്ന വഴി
ഗ്രാമം പുലർകാലസ്വപ്നങ്ങൾ നെയ്യുന്ന 
മൺപാതയിലൂടെ നടന്ന്
നഗരവീഥിയിൽ വിഹ്വലമാകുന്ന
വേറൊരു വഴി
അപരിചിതത്വത്തിന്റെ
ആൾരൂപങ്ങൾ കുടിയേറി
മുദ്രയേറ്റിയ
തിരക്കേറുന്ന നാൽക്കവലകൾ
പുകയിൽ മാഞ്ഞില്ലാതെയാകുന്ന
പുലർകാലനൈർമല്യം
ഒരിയ്ക്കൽ മാഞ്ഞില്ലാതെയായ
ഭൂമിയുടെ എഴുതി തീരാത്ത
കഥയുമായ്
നഗരവീഥിയിലൂടെ പിന്നോട്ടു നടന്ന്
ആറ്റിറമ്പിലെ വഴിയിലൂടെ
കായൽക്കരയിലെത്തിയപ്പോൾ
നനുത്ത കുളിരുമായ് ഗ്രാമം
അരയാൽത്തറയിലെ കൽപ്പടിയിൽ
ഭൂമിയെ കാത്തിരുന്നു.......

ഉൾക്കടൽ

മനസ്സിലെ ശംഖിലെത്രനാൾ
കടലെഴുതി ഉൾക്കടലിന്റെ
നിഗൂഢമൗനത്തിലുണർന്ന
കഥകൾ
കടൽത്തീരത്തൊഴുകിയ
മണൽത്തരികളുടെ
നിശ്വാസവിഹ്വലതകൾ
കടലിലൊഴുകിയ തോണികളിലെ
ആന്തലുകൾ
ചിറകുകളിൽ മഴക്കാർ വീഴ്ത്തിയ
രാത്രിയിലേയ്ക്ക് പറന്നകലുന്ന
മേഘങ്ങൾ
പാതയോരത്ത്
കൊടിതോരണങ്ങൾ ചാർത്തി
ആഘോഷിക്കപ്പെട്ട
നിസ്സഹകരണപ്രസ്ഥാനങ്ങളിൽ
ഉപേഷിക്കപ്പെട്ട ഒരു കടലാസ് താളിൽ
ഒരു യുഗപുരുഷന്റെ
ആത്മനൊമ്പരം പോലെയൊഴുകീ
സബർമതി
സന്ധ്യയുടെ അണിയാഭരണങ്ങൾ
കനലിലുരുകിയുരുകി
ശരറാന്തലുകളിലെ സ്വപ്നങ്ങളായി
മനസ്സിലെ ശംഖിൽ ആ സ്വപ്നങ്ങൾ
തൂവൽ പോലെ മൃദുവായ
അക്ഷരങ്ങൾ തേടി നടന്നു

Saturday, October 2, 2010

ഋതു

ആകാശഗോളങ്ങളുടെ
യാത്രാപഥത്തിനരികിൽ
അന്യഭാഷാലിപികൾ
തേടി നടന്നു കാലം.
ഒരിയ്ക്കൽ
ഒരു ഋതുവിൽ നിന്നടർന്നുവീണു
അവിശ്വസീനയമായ ആകുലതകൾ
അതിനിടയിലൂടെ മാഞ്ഞുപോയ
കുറെയേറെ ദിനരാത്രങ്ങളിൽ
എഴുതി തീരാത്ത ആകസ്മികതയുടെ
മുഖാവരണത്തിൽ നിന്നടർന്നു വീണു
ഗ്രീഷ്മച്ചൂടിൽ കരിഞ്ഞ സത്യം
അവലോകനങ്ങളുടെ
ആദ്യഭാഷാലിപിയ്ക്കരികിൽ
മഴക്കാലമേഘങ്ങളിലുലഞ്ഞ്
വേരറ്റു വീണു ഒരു തണൽവൃക്ഷം
പിന്നീടു വന്ന ഋതുക്കളിൽ
സത്യം തേടി കാലം നടന്നില്ല
അപ്പോഴേയ്ക്കും സത്യം മരവിച്ചിരുന്നു
മഞ്ഞു പോലെ.....
സത്യത്തിന്റെ ഒരു ഭാഗം
ഒരു ഋതുവിൽ നിന്നടർത്തിമാറ്റി
അഭ്രപാളികൾ പകർത്തിയെഴുതി
വിലയിട്ടെടുക്കാവുന്ന ന്യായവീഥികളുടെ
വേറൊരു കഥ
വർഷകാലത്തിൽ തണൽമരങ്ങളെ തേടി
ആരും ആകുലപ്പെട്ടില്ല
ആർക്കോ വേണ്ടി
നെരിപ്പോടുകൾ പണിത കാലം
ഓരോ ഋതുവിലും
ഓരോ കഥകളെ അഭ്രപാളിയിൽ
പകർത്തി കടന്നു പോയി....