ഉൾക്കടൽ
കവാടങ്ങൾക്കരികിൽ
കൽമതിലുകളിൽ കാലമെഴുതിയ
തങ്കലിപികൾക്കപ്പുറം
ഗ്രാമത്തിന്റെ നിലവറയിൽ
എഴുത്തോലകളിൽ ഭൂമീ
നീയെഴുതി ഭദ്രമായ് സൂക്ഷിച്ച
അക്ഷരലിപികളുടെ
ആകർഷണവലയത്തിൽ നിന്നും
പുനർജനിമന്ത്രങ്ങളുണരുന്നതു
ഞാൻ കണ്ടു........
കാലത്തിനരികിൽ
കറുത്തപക്ഷിയുടെ
തൂവൽചിറകുകളിൽ
അപസ്വരങ്ങളെഴുതിയ
ആൾക്കൂട്ടത്തിനപ്പുറം
പാടാൻ മാത്രമറിയുന്ന
ഒരു വാനമ്പാടി
എന്റെ മനസ്സിൽ കൂടുകൂട്ടി .....
അഗ്രഹാരങ്ങളിൽ ത്രികാലപൂജ
ചെയ്തുണർത്തിയ
ദേവശിലകൾക്കരികിൽ
ജപമാലയുമായിരുന്ന
സന്ധ്യയുടെ വിളക്കുകളിൽ
ആകാശമൊരു പൊൻതകിടായ്
മിന്നിതിളങ്ങുമ്പോൾ
ഒരു പൂവുപോൽ മിഴിപൂട്ടിയുറങ്ങിയ
ഉൾക്കടലിലേയക്ക്
ഭൂമിയോടൊപ്പം ഞാനുമൊഴുകി....
No comments:
Post a Comment