Tuesday, October 19, 2010

 ഭൂമി

ആകാശത്തെ മായ്ക്കാനാവാതെ
തുലാവർഷമേഘങ്ങൾ പെയ്തൊഴിഞ്ഞു
അരികിലൊരു നക്ഷത്രമിഴിയിൽ
മിന്നിയ  ദീപമായ് മാറി സായംസന്ധ്യ
സന്ധ്യയുടെ ആകാശം
വർണാഭമായിരുന്നു
ഭൂമിയുടെ കാഴ്ചശീവേലി....
ആകാശത്തിനരികിൽ
അസ്തമയചെപ്പിൽ
മേഘങ്ങൾ വരച്ച ചിത്രങ്ങൾ
അർഥമറിയാതെയൊഴുകി
നിരർഥകമായ
ഉപദേശപർവങ്ങളിലെ
സൂത്രവാക്യങ്ങളുമായ്  രാത്രി
കാലത്തിനരികിൽ കാവൽ നിന്നു
അതിനപ്പുറം ശൂന്യതലങ്ങളിൽ
പൊങ്ങുതടി പോലെ
കുറെ ആത്മാക്കളൊഴുകി
എഴുതി വികലമാക്കിയ
കുറെ കടലാസുതാളുകൾ
അവിടെ പറന്നു നടന്നു
നക്ഷത്രമിഴിയിലെ
പ്രകാശരശ്മികളിലലിഞ്ഞ്
അനിയന്ത്രിതമായ ഭ്രമണതാളങ്ങളിൽ
അക്ഷരങ്ങളുണരുന്ന യാത്രാപഥത്തിൽ
ഭൂമി മെല്ലെ യാത്ര തുടർന്നു.....

No comments:

Post a Comment