Sunday, October 10, 2010

യാത്രാപഥങ്ങൾ

ഭൂമിയുടെ യാത്രാപഥങ്ങളിൽ
നെരിപ്പോടുകളിലെ
കനൽതൂവി പർവതശിഖരങ്ങളിലൂടെ
നടന്നു നീങ്ങിയ കാലം
എവിടെയൊക്കയോ
ചായം പുരട്ടി
അസ്തമയത്തിനരികിൽ
മിഴി പൂട്ടിയിരുന്നു
സത്യം അന്തർദ്ധാനം ചെയ്ത
അരങ്ങിൽ യവനിക നീക്കിയെത്തി
പ്രസക്തി നഷ്ടമായ മൗനം
അതിർരേഖയിൽ ഭൂമിയെഴുതിയ
ശിലാഫലകങ്ങളിൽ
ആരൊക്കയോ കോറിയിട്ട
അന്യഭാഷാലിപികളിൽ
ഒരു പുഴയുടെ നിറം മങ്ങിയ
മനസ്സൊഴുകി
എഴുതിയെഴുതി കടലിനെ
മായ്ക്കാൻ തീരമണലിൽ
തിരകളിണിനിരന്ന മഴക്കാലസന്ധ്യയിൽ
ഓട്ടുവിളക്കിൽ തിരി വച്ചു പ്രദോഷം
പ്രദോഷസന്ധ്യയ്ക്കപ്പുറം
നിലാവൊഴുകി...
നക്ഷത്രദീപങ്ങളും...
കാലത്തിന്റെ നെരിപ്പോട്
പുകയുമ്പോഴും
ഭൂമി യാത്രാപഥങ്ങളിൽ
യാത്ര തുടർന്നു...

No comments:

Post a Comment