Monday, October 4, 2010

ജാലകവിരികൾക്കരികിൽ


ജാലകവിരികൾക്കരികിൽ
മറഞ്ഞുനിൽക്കുന്ന അവനോട്
പലനാളായി ഭൂമി പറയുന്നു
ജാലകവിരികൾക്കരികിലെ
ജാലവിദ്യ അവസാനിപ്പിക്കാൻ
അവന്റെയരികിൽ
ചായം പൂശി പൂശി
മങ്ങിയ ഒരു നിഴൽ
അതെന്താണാവോ
അറിയില്ല
കുരുതിക്കളങ്ങളിൽ 
നിറയുന്ന വർണ്ണങ്ങൾ പോലെ.....
ഞാനുറങ്ങിയപ്പോൾ
ജാലകവിരികൾക്കരികിൽ
മറഞ്ഞു നിൽക്കുന്നു
അവന്റെ മിഴികൾ
ഞാനുണർന്നപ്പോഴും
അവിടെയൊരു നിഴൽപ്പാട്
കടൽത്തീരത്തിരുന്ന്
കാറ്റു കൊള്ളുമ്പോൾ
ശരത്ക്കാലനിറവുമായ്
ഭൂമി എന്നെ ചുറ്റുമ്പോൾ
അവന്റെ നിഴലും ഭൂമിയെ
പ്രദക്ഷിണം ചെയ്തു നീങ്ങുന്നു
ആകാശത്തിനരികിൽ
ആർദ്രനക്ഷത്രം
ഭൂമിയോട് ചോദിക്കുന്നു
അവനെന്തിങ്ങനെ
ഭൂപ്രദക്ഷിണം ചെയ്യുന്നു
അതിശയകരം......

No comments:

Post a Comment