Friday, October 1, 2010

ഹൃദ്സ്പന്ദനങ്ങൾ

ഹൃദ്സ്പന്ദനങ്ങൾ

ഒരുനാൾദീർഘചതുരപ്പെട്ടിയിൽ
മഞ്ഞുപാളികളിൽ മൂടിയുറങ്ങും
ജീവൻ
മൗനത്തിന്റെ ശിശിരം
അതിനരികിൽ കേൾക്കും
നടന്നു നീങ്ങുന്നവരുടെ
പാദരക്ഷകളുടെ പ്രത്യേകശബ്ദം
ഉടയാടകളുലയുന്ന ശബ്ദം
ചിലപ്പോൾ ചിതയായിരിക്കും
അവിടെയുയരുക
അഗ്നിയിൽ പലതും തകരുന്ന
പ്രത്യേകശബ്ദം
മൺകുടങ്ങളുടയും
തീർഥജലമൊഴുകും
അന്നും ഇതുപോലെ
ഭൂമിയുടെ ശിരസ്സിലേയ്ക്ക്
അസ്ത്രവുമായി പിന്നിൽ
നിൽക്കുമോ നിഷാദമനസ്സുകൾ
അറിയില്ല
പാദരക്ഷകളുടെ
പതിതസ്വനങ്ങളിൽ
ഏതു സ്നേഹഗാഥയുടെ
അനുസ്വരങ്ങൾ
ഒന്നു മാറ്റി മറ്റൊന്ന്
അതിനരികിൽ വീണ്ടുമൊന്ന്
അങ്ങനെയങ്ങനെയെഴുതി
വിശേഷിപ്പിക്കുന്ന
ഋതുക്കളെ പോലെ മാറുന്ന
പശ്ചാത്തല ഗാനങ്ങളിൽ
മാഞ്ഞുപോകുന്നതാരോ
സന്ധ്യയുടെ സ്വർണ്ണവർങ്ങളിൽ
വസന്തവും, ഗ്രീഷ്മവും, വർഷവും
എങ്കിലും ശരത്ക്കാലത്തിൽ
സന്ധ്യ ഭൂമിയുടെ വർണ്ണമാകുന്നു....

No comments:

Post a Comment