Saturday, October 30, 2010

ചിത്രം

ചില്ലുമേടകൾ പണിതുയർത്തിയവർ
ശില്പവേലചെയ്ത കൈവിരലുകൾ മറന്ന്
പൂമുഖവാതിലിൽ
പ്രദർശനവസ്തുവായ്മാറിയ
വിലയിട്ടെടുത്ത
എണ്ണഛായാചിത്രങ്ങളെ 
പ്രകീർത്തിച്ചു കടന്നുപോയി
വിനിമയവേദികളിൽ നിന്നകലെ
ആകാശത്തിലെ നക്ഷത്രങ്ങൾ
അതിർരേഖകളില്ലാതെ
വ്യോമസീമയിൽ
ദീപാവലിദീപങ്ങളെപ്പോൽ മിന്നി
കാലികൾ മേയ്ച്ചു നടന്ന ബാല്യം
ഇന്ദ്രസഭയിലെ കാർമേഘങ്ങളിൽ
ഓടക്കുഴലൂതി
ഇരുണ്ട ഗുഹകളിൽ മനസ്സുപേക്ഷിച്ചു
നടന്നുനീങ്ങി പകൽ
സായാഹ്നത്തിനരികിൽ
മനോഹരമായ കടൽത്തീരങ്ങളിൽ
സന്ധ്യ വിളക്കു വച്ചു
സന്ധ്യയുടെ വിളക്കിൽ
ആകാശം ഒരു പൂവുപോൽ വിരിഞ്ഞു
അസ്തമയത്തിന്റെ നിറങ്ങൾ
ചക്രവാളം മനോഹരമായ
ചിത്രപടത്തിലെഴുതി....
ചില്ലുമേടയിലെ ചിത്രങ്ങളുടെ
അപരിചിത്വം ചക്രവാളത്തിനരികിൽ
മാഞ്ഞു പോയി....

No comments:

Post a Comment