Tuesday, October 5, 2010

ഗ്രാമം

ഗ്രാമം

ഒരിയ്ക്കൽ
അയനിമരത്തണലിൽ
പാറിനടന്ന
കുഞ്ഞാറ്റക്കിളികൾക്കരികിൽ
നെയ്യാമ്പൽപൂമാല കൊരുത്ത ബാല്യം
പിന്നെയെവിടെയോ വഴിപിരിഞ്ഞു
ഗ്രാമത്തിനപ്പുറം ഗ്രന്ഥപ്പുരകളിൽ
പഠനസഹായികൾക്കരികിൽ
രാവും പകലും മഴക്കാലങ്ങളും
മറന്ന് ശിരസ്സിലെ
അറകളിലേയ്ക്കൊഴുക്കിയ
കുറെ അക്ഷരക്കൂട്ടങ്ങളെ
അളന്ന് തൂക്കി
സർവകലാശാലയേകി
ഒരു സാക്ഷ്യപത്രം
കാലമൊഴുകിയ വഴിയിൽ
ചന്ദനത്തിടമ്പേറി വന്ന
ഒരു പുലർകാലത്തിൽ
അയനിമരത്തണലിലിരുന്ന്
നെയ്യാമ്പൽപൂമാല കൊരുത്ത
സ്മൃതിയുടെ ചിമിഴിലുറങ്ങിയ
ബാല്യം തേടി ഞാൻ വീണ്ടും
ഗ്രാമത്തിലേയ്ക്ക് നടന്നു...

No comments:

Post a Comment