ഋതു
ആകാശഗോളങ്ങളുടെ
യാത്രാപഥത്തിനരികിൽ
അന്യഭാഷാലിപികൾ
തേടി നടന്നു കാലം.
ഒരിയ്ക്കൽ
ഒരു ഋതുവിൽ നിന്നടർന്നുവീണു
അവിശ്വസീനയമായ ആകുലതകൾ
അതിനിടയിലൂടെ മാഞ്ഞുപോയ
കുറെയേറെ ദിനരാത്രങ്ങളിൽ
എഴുതി തീരാത്ത ആകസ്മികതയുടെ
മുഖാവരണത്തിൽ നിന്നടർന്നു വീണു
ഗ്രീഷ്മച്ചൂടിൽ കരിഞ്ഞ സത്യം
അവലോകനങ്ങളുടെ
ആദ്യഭാഷാലിപിയ്ക്കരികിൽ
മഴക്കാലമേഘങ്ങളിലുലഞ്ഞ്
വേരറ്റു വീണു ഒരു തണൽവൃക്ഷം
പിന്നീടു വന്ന ഋതുക്കളിൽ
സത്യം തേടി കാലം നടന്നില്ല
അപ്പോഴേയ്ക്കും സത്യം മരവിച്ചിരുന്നു
മഞ്ഞു പോലെ.....
സത്യത്തിന്റെ ഒരു ഭാഗം
ഒരു ഋതുവിൽ നിന്നടർത്തിമാറ്റി
അഭ്രപാളികൾ പകർത്തിയെഴുതി
വിലയിട്ടെടുക്കാവുന്ന ന്യായവീഥികളുടെ
വേറൊരു കഥ
വർഷകാലത്തിൽ തണൽമരങ്ങളെ തേടി
ആരും ആകുലപ്പെട്ടില്ല
ആർക്കോ വേണ്ടി
നെരിപ്പോടുകൾ പണിത കാലം
ഓരോ ഋതുവിലും
ഓരോ കഥകളെ അഭ്രപാളിയിൽ
പകർത്തി കടന്നു പോയി....
No comments:
Post a Comment