Tuesday, October 5, 2010

ഹൃദ്സ്പന്ദനങ്ങൾ

ഹൃദ്സ്പന്ദനങ്ങൾ

മേഘമിഴിയിലൂടെ
ജലകണങ്ങളായിറ്റു വീഴുന്നു
പോയ കാലത്തിന്റെ തന്മാത്രകൾ
നടന്നകന്ന ഓരോ മരവിച്ച
നിമിഷത്തെയും
ഓർമ്മപ്പെടുത്താൻ
അതിനിടയിൽ ഭൂമിയെങ്ങനെ
മൗനധ്യാനത്തിന്റെ
രുദ്രാക്ഷങ്ങളെണ്ണി രംഗമൊഴിയും
ഒരു നാൾ
ഒരന്യഭാഷാലിപിയുമായ്
ആഴക്കയങ്ങളിലെ ആന്തൽ പോലെ
അനിഷേധ്യമായ കല്പനയുമായ്
വന്നു ആ പുഴ
മൗനത്തിന്റെ കല്പനകൾക്കപ്പുറമൊഴുകിയ
സമുദ്രങ്ങളെ ഭൂമി കൈയിലേറ്റി
ആകാശോദ്യാനത്തിൽ
നക്ഷത്രങ്ങൾ പൂക്കാലമായ് വിടരുമ്പോൾ
മൗനത്തിന്റെ അണികൾ
ഓർമ്മപ്പാടുകൾ തീരത്തേയ്ക്കൊഴുക്കുമ്പോൾ
ഭൂമി ധ്യാനശിലകളിൽ
നിന്നുണർന്ന് ശംഖിലുറങ്ങിയ
വാക്കുകൾ തേടി
അപ്പോഴും മേഘമാലകൾ
പോയകാലത്തിന്റെ
അനുസ്മരണങ്ങളെഴുതിയ
എഴുത്തോലകളുമായ്
സ്മൃതിപഥങ്ങൾക്കരികിൽ
എന്തിനെന്നറിയാതെ ഒഴുകി നടന്നു........

No comments:

Post a Comment