Thursday, October 21, 2010

ഹൃദ്സ്പന്ദനങ്ങൾ

അവലോകനങ്ങളുടെ
ആന്തരികാർഥം
തേടിനടന്ന കാലം
ഒരു നിമിഷത്തെ
ഭദ്രമായ് സൂക്ഷിക്കാൻ
കവചമന്വേഷിച്ചു
ലോകയാത്ര ചെയ്തു
ഒരോ നിമിഷവും മുദ്രയേകി
നീക്കിയ രാപ്പകലുകൾ
വാരാന്ത്യങ്ങളുടെ രാശിപത്രത്തിൽ
എന്തൊക്കയോ കോറിയിട്ടു
ആകാശത്തിലൂടെ
ആകാശഗംഗയൊഴുകും വഴിയും കടന്ന്
ഭൂമിയുടെ യാത്രാവഴികളിൽ
കാലം എഴുതിയ ഇതിഹാസം
കടൽതിരകളിലൊഴുകി...
ശരത്ക്കാലരാവിൽ
നക്ഷത്രമിഴിയിൽ
കവിതയുണരുന്നതും കണ്ട്
കടൽത്തീരമണലിലൂടെ
ഞാനും നടന്നു....

No comments:

Post a Comment