Wednesday, October 20, 2010

 അതിർരേഖകൾ

ലോകഭൂപടത്തിലെ
അതിർരേഖകളിൽ
സമുദ്രങ്ങളും, കൽമതിലുകളും
പർവതങ്ങളും കാവലായി നിന്നു
ആകാശത്തെയളന്നതിരിടാൻ
ആർക്കുമായില്ല
ഭൂമിയുടെയതിരുകളിൽ
നിശ്ചിതദൈർഘ്യത്തിൽ
ഉപഗ്രഹങ്ങളൊഴുകി
പലപുഴകളും കടലിനരികിൽ
മതിലുകൾ പണിതു
മതിൽക്കെട്ടിലനരികിലും
ശംഖുകളിൽ കടൽ
സംഗീതമായൊഴുകീ
കൽപനകൾ തേടി നടന്ന കാലം
കഥയറിയാതെ വലഞ്ഞു
അതിരുകളില്ലാത്ത ചക്രവാളം
അനന്തതയുടെ ആദിരൂപമായി
മണൽത്തരികളെണ്ണിയെണ്ണി
തിരകൾ കടൽത്തീരത്തൊഴുകി
ലോകഭൂപടത്തിലെ അതിരുകളിൽ
വിവിധ സംസ്കൃതികൾ
അക്ഷരലിപികൾ തേടി നടന്നു
സംഘർഷത്തിന്റെ ചുമർചിത്രങ്ങളിൽ
മുഖപടമണിയാനാവാതെ
അഗ്നിപരീക്ഷണങ്ങളുടെ
ഉലത്തീയിൽ നിന്നുമകലേയ്ക്ക്
സത്യം നടന്നു നീങ്ങി
അതിർരേഖകളില്ലാത്ത
ഉൾക്കടലിൽ
അതിരുകൾപ്പുറമുണരുന്ന
അക്ഷരലിപികൾ തേടി
ഭൂമിയും യാത്രയായി....

No comments:

Post a Comment