ഹൃദ്സ്പന്ദനങ്ങൾ
അഗ്നിശിലകളിൽ ഗ്രീഷ്മം
പണിതുയർത്തിയ നിഴൽഗോപുരങ്ങൾ
ഒന്നൊന്നായി വീണുടഞ്ഞപ്പോൾ
രാജചിഹ്നങ്ങൾ സഭാതലങ്ങളിൽ
പ്രദർശനവേദികൾ തേടിനടന്നു..
അപ്പോഴേയ്ക്കും
നിഴൽപ്പാടുകളെ ഭൂമിയുടെ
ഒരു ഋതു മഴത്തുള്ളികളിലലിയിച്ചു ...
ആവനാഴിയിലെ അസ്ത്രമൊടുങ്ങിയ
ഇന്ദ്രലോകത്തിനരികിൽ
ഗോവർദ്ധനം ഭാരരഹിതമായ
തൂവൽ പോലെയുയർന്നുനിന്നു...
സത്യത്തിന്റെ രത്നചിഹ്നങ്ങൾക്കരികിൽ
ആത്മാവിനെ തീറെഴുതി
അടിക്കുറിപ്പുകൾ അനുബന്ധമെഴുതി..
എഴുതിമുറിച്ചു മാറ്റിയ
എഴുത്തോലകളുമായ് മൗനം
തന്ത്രശാസ്ത്രങ്ങളുടെ
ആധികാരികഗ്രന്ഥങ്ങളിൽ
തപസ്സിരുന്നു.......
ഭൂമിയുടെ എഴുത്തുതാളുകൾ
അളന്നു തൂക്കി തുലാസുകളെഴുതീ
ഘടികാരസൂചികളിലെ വിരസത
കടൽതീരമണലിലൂടെയൊഴുകിപ്പോയി
തത്വചിന്തകളിലെ വിവേകം...
കടലിനരികിൽ ഭൂമിയോടൊപ്പം
നടക്കുമ്പോൾ
ചക്രവാളത്തിൽ അസ്തമയം.....
ആത്മസംയമനത്തിന്റെ
അളവുകോലുടച്ച കുറെ ഋതുക്കൾ
ഓർമ്മക്കുറിപ്പുകളെഴുതി
ഭൂമിയുടെയരികിൽ......
ശരത്ക്കാലസന്ധ്യയിൽ
ഭൂമിയുടെ ചിപ്പിക്കുള്ളിൽ
സാന്ധ്യരാഗമുണരുന്നു
അമൂല്യസ്വരങ്ങളിൽ.......
No comments:
Post a Comment