Friday, October 29, 2010

ഹൃദ്സ്പന്ദനങ്ങൾ

ശരിയും തെറ്റും ഉലയിലിട്ടൂതി
ലോഹമിശ്രിതങ്ങളിൽ വിളക്കി
രൂപമാറ്റം ചെയ്തപ്പോൾ
ചിതയിലായി സത്യം......
മരവിച്ച മഞ്ഞുപോലെ
കനലുകൾ കരിപ്പാടുകളായി...
എവിടെയോ ആളിപ്പടർന്ന
ഊഷരധൂളികളിൽ
ആകാശത്തിന്റെ വഴിയിലൂടെ
ഭൂമിയുടെ ഋതുക്കൾ നടന്നു നീങ്ങി
വസന്തകോകിലങ്ങൾ
പാടിയുറക്കിയ ഭൂമി
വർഷസന്ധ്യയും കടന്നെത്തുമ്പോൾ
പെയ്തൊഴുകിയ മഴയിൽ
കടൽ ശ്രുതിയിട്ടുണർന്നു
ശരിയും തെറ്റും അളന്നുതൂക്കിയ
കാലത്തിന്റെ തുലാസിൽ നിന്നും
ഉലത്തീയിലുരുകിയ സത്യം
ഉൾക്കടൽ തേടിപ്പോയി
ശരത്ക്കാലപ്രഭാതങ്ങളിൽ
ഭൂമിയെഴുതിയ അക്ഷരങ്ങളിൽ
നിന്നുണർന്നു മഴത്തുള്ളികൾ
ഭദ്രമായ് സൂക്ഷിച്ച
അനുസ്വരങ്ങൾ......

No comments:

Post a Comment