Tuesday, October 12, 2010

ഉൾക്കടൽ

മൺകല്ലുകളിൽ സാമ്രാജ്യങ്ങളെ
രൂപകല്പന ചെയ്യുന്നവർ
ഭൂമിയുടെയരികിൽ
അർഥവ്യതിയാനങ്ങളുടെ
നിഘണ്ടുവിൽ
അറിവില്ലായ്മ എഴുതി...
ചിത്രകംബളങ്ങളിൽ
തിരകൾ നെയ്യുന്നു
വെള്ളിനൂലുകൾ....
സ്വർണ്ണനൂലുകളുമായ്
ആകാശത്തിന്റെ മേൽക്കൂരയിൽ
നക്ഷത്രമിഴിയിലുണരുന്നു
ഭൂമിയുടെ സ്വപ്നങ്ങൾ..
വഴിയോരത്തെ യാത്രാസൂചിനികളിൽ
കാലം എഴുതി കല്പിതകഥകൾ...
രാവിന്റെ കഥകൾ....
അമാവാസിയുടെ കറുപ്പിൽ
വിടരുന്ന മനസ്സുകൾ
ഭൂമിയുടെയരികിൽ വരച്ചു
ചുമർചിത്രങ്ങൾ...
അപക്വമായ ചായക്കൂട്ടുകൾ...
പാലങ്ങൾക്കപ്പുറത്ത്
കടലായിരുന്നു
ഉൾക്കടൽ
ചായക്കൂട്ടുകൾക്കപ്പുറത്തുണർന്ന
ശരത്ക്കാലത്തിലെ കടൽ....

No comments:

Post a Comment