തൂവൽസ്പർശം
ഭൂമിയുടെ സ്വപ്നമിഴിയിലെ
പട്ടുപോലെ നേർമയുള്ള
വസന്തകാല പൂവുകളുടെ
ദലങ്ങൾ ജനൽവിരികൾക്കരികിൽ
മറഞ്ഞു നിന്ന്
പതിഞ്ഞ പാദപദങ്ങളുമായ്
വന്നു കവർന്നെടുത്ത്
വേറൊരു ചെടിയിലെ
പൂവാക്കാൻ ശ്രമിക്കുമ്പോൾ
ആ സ്വപ്നപ്പൂക്കൾ കരിയും
പുതിയ ചെടിയിൽ
ആ പൂക്കൾ ഏച്ചുകെട്ടിയ
മുളം തണ്ടുപോലെ
രണ്ടായി നിൽക്കും
ഗ്രാമമൊഴുകുന്ന വഴിയിൽ
ചായക്കൂട്ടൊഴിക്കുമ്പോൾ
കാൽപ്പാദങ്ങളിൽ
നിറയും അസ്വാസ്ഥ്യം
ഒരു സ്വപ്നത്തിന്റെ
നക്ഷത്രമിഴിയിലെ
നറും വെളിച്ചം കവർന്ന്
പുതിയ കഥയുടെ ചായങ്ങളിൽ
മുക്കുമ്പോൾ
അതിൽ നിന്നൊഴുകി മായും
സ്വപ്നങ്ങളുടെ തൂവൽസ്പർശം
പിന്നെയുണരുന്ന
ഋതുക്കൾ സ്വപ്നങ്ങളുടെ
സ്വർണ്ണവർണ്ണമാർന്ന പൂവുകൾ
ചന്ദനസുഗന്ധമുള്ള കൽപ്പെട്ടികളിൽ
ഭദ്രമായ് തഴുതിട്ടു സൂക്ഷിക്കും
അതിലൊരു ദലം പോലും
നഷ്ടമാവാതിരിക്കാൻ....
No comments:
Post a Comment