Sunday, October 3, 2010

ഗ്രാമം

പാതി വഴിയിൽ പിരിഞ്ഞുപോയ
ഗ്രാമപാതയ്ക്കരികിൽ
ആറ്റിലൂടെയൊഴുകി ഒരു വഴി
ആറ്റിറമ്പിലൂടെ നടന്ന്
കായൽ തേടുന്ന വഴി
ഗ്രാമം പുലർകാലസ്വപ്നങ്ങൾ നെയ്യുന്ന 
മൺപാതയിലൂടെ നടന്ന്
നഗരവീഥിയിൽ വിഹ്വലമാകുന്ന
വേറൊരു വഴി
അപരിചിതത്വത്തിന്റെ
ആൾരൂപങ്ങൾ കുടിയേറി
മുദ്രയേറ്റിയ
തിരക്കേറുന്ന നാൽക്കവലകൾ
പുകയിൽ മാഞ്ഞില്ലാതെയാകുന്ന
പുലർകാലനൈർമല്യം
ഒരിയ്ക്കൽ മാഞ്ഞില്ലാതെയായ
ഭൂമിയുടെ എഴുതി തീരാത്ത
കഥയുമായ്
നഗരവീഥിയിലൂടെ പിന്നോട്ടു നടന്ന്
ആറ്റിറമ്പിലെ വഴിയിലൂടെ
കായൽക്കരയിലെത്തിയപ്പോൾ
നനുത്ത കുളിരുമായ് ഗ്രാമം
അരയാൽത്തറയിലെ കൽപ്പടിയിൽ
ഭൂമിയെ കാത്തിരുന്നു.......

No comments:

Post a Comment