Friday, October 29, 2010

ഭൂമി

തുളസിപ്പൂവുകൾ വിരിയുന്ന
നടുമുറ്റത്തിരിക്കുമ്പോൾ
ഹൃദയഹാരിയായ സുഗന്ധമൊഴുകി
മനസ്സിലേയ്ക്ക്...
ആത്മാവിലേയ്ക്ക്....
തുകൽപൂക്കൾ കൈയിലേറ്റി
നിൽക്കുന്ന വിരലുകളിൽ നിന്നകലെ
ചന്ദനമരങ്ങളിൽ നിന്നൊഴുകീ
ചന്ദനസുഗന്ധം....
നീർമുകിലുകൾ നീറ്റിയ
മഴത്തുള്ളികൾ തൂവിയുണർത്തിയ
മണ്ണിന്റെ ഹൃദയം കുളിർന്ന
പ്രഭാതങ്ങളിൽ
എന്നെതേടി വന്നു ഭൂമി...
ദേശാടനക്കിളികൾ പറന്നകലുന്ന
ഇടവേളയിൽ
ആവരണങ്ങളില്ലാതെ
അനുസ്മരണക്കുറിപ്പെഴുതിയ
ഋതുക്കളിൽ നിന്നൊഴുകി
കലർപ്പില്ല്ലാത്ത വർണങ്ങൾ...
ആ വർണങ്ങൾ വിരൽതുമ്പിൽ
വിസ്മയമായി നിറയുമ്പോൾ
സുഗന്ധമൊഴുകുന്ന
പൂക്കാലങ്ങളെ ഒരോ ഋതുവും
ഭൂമിയുടെ പൂമുഖമുറ്റത്തു വിരിയിച്ചു
കടന്നുപോയി....

No comments:

Post a Comment