Friday, October 15, 2010

ഹൃദ്സ്പന്ദനങ്ങൾ

ഹൃദ്സ്പന്ദനങ്ങൾ


അക്ഷരങ്ങളുടെ
ആകർഷീണയമായ ഒരുത്സവം
എന്നെയുണർത്തുന്നു
മാറാലമൂടിയ നിലവറകളിൽ
വിലങ്ങിലുലഞ്ഞു വിതുമ്പിയ
കുറെ അക്ഷരങ്ങളെ
ഭൂമി കടൽത്തീരമണലിലെ
കൽമണ്ഡപത്തിലിരുന്നെന്റെ
കാതിലോതി
അതിലുണർന്നു കൽഹാരങ്ങൾ,
കൽപദ്രുമങ്ങൾ...
പാരിജാതങ്ങൾ..
ചന്ദനമരങ്ങൾ...
ഗ്രാമം സ്വർണവർണമാർന്ന
ഓട്ടുരുളിയിൽ അരിനിറയ്ക്കുന്നു
പ്രഭാതം ഓട്ടുവിളക്കിൽ
പ്രകാശമൊഴുക്കുന്നു
ഞാനുമെഴുതീ ഭൂമിയുടെ
കടൽത്തീരമണലിൽ
അമ്മ പൊൻമോതിരത്തുമ്പാൽ
നാവിലെഴുതിയ
ആദ്യാക്ഷരങ്ങൾ....
യുഗങ്ങളിൽ നിന്നുണർന്നു
അഗ്നിയുമായ് ഋഗ്വേദമന്ത്രം
സമുദ്രം ശംഖിൽ നിറയ്ക്കുന്നു
സാമവേദം, പ്രണവം....
ഹൃദയഹാരിയായ സംഗീതം......

No comments:

Post a Comment