പ്രഭാതം ഭൂമിയെയുണർത്തി
എന്നും സ്വകാര്യമായി പറയും
പ്രതീക്ഷയുടെ ചെപ്പിൽ
അപ്രതീക്ഷിതപരിണാമങ്ങളുടെ
സ്വപ്നമുത്തുകൾ ചേർത്തു നെയ്യുക
അതിനരികിലുണരും ലോകം
വൈചിത്ര്യങ്ങളുടെ ഛായാപടങ്ങൾ
ആകാശത്തെഴുതും
അതിലൊരു കൗതുകമോ
ഒരു തുള്ളി അശ്രുനീരോ
അറിയാനാവില്ല..
പോയ കാലത്തിന്റെ ഭാരച്ചുമടുകൾ
മേഘമുടിയിലൂടെയൊഴുകി
മഴയായി പെയ്തൊഴിയും
കടൽ സൂക്ഷിക്കുന്ന
നിധികലശങ്ങൾ...
മുത്തുകളുറങ്ങുന്ന ചിപ്പികൾ
പ്രതീക്ഷയുടെ ഉൾക്കടൽ ശാന്തം
എങ്കിലും അപ്രതീക്ഷിതമായി
തീരങ്ങളിലേക്കുയർന്നേക്കാം കടൽ
പരിണാമവേഗങ്ങളിൽ....
അതിൽ നിന്നകലെ
സ്വപ്നങ്ങളുടെ ശംഖുകൾ
ചാരുശിലകളിൽ സൂക്ഷിക്കും
ഉൾക്കടൽ.....
No comments:
Post a Comment