Tuesday, May 31, 2011

ഹൃദ്സ്പന്ദനങ്ങൾ

മിഴിയിലോ മൊഴിയിലോ
നീലമേഘം പൂക്കുമൊരുപകൽ
തുമ്പിലോ മാഞ്ഞതീ ശംഖുകൾ
കുടിലിലെ ദൈന്യം പുകയ്ക്കുമാ
ചിമ്മിനിതിരികളിൽ മായും
പ്രകാശമേ, ചിതൽതിന്ന
കുടികളിൽ പുണ്യം പകുത്തെടുക്കും
മൃത്യഗദകളിൽ നീയെന്നു ദീപമാകും
കുയിലിന്റെ പാട്ടുകൾക്കരികിലോ
നിഴൽവീണ പുഴയിലോ
നേരിന്റെ ഗതിയിതൾച്ചില്ലകൾ
മുറിവുകൾ താണ്ടിയൊരാൽമരക്കൂട്ടിൽ
നിന്നിനിയെന്നുവീണ്ടും പുനർജനിയ്ക്കും
കടലുകൾ പാടുമീതുടിയിലോ
തുമ്പകൾ മിഴിയിലെ ബാഷ്പം
തുടച്ചുനീക്കും വ്യോമനിറവിലോ
വേരറ്റ സ്മൃതിയിലോ
ഭൂരാഗശ്രുതിയിലോ
ഞാൻ നെയ്യുമെന്റെ സർഗങ്ങളെ
ചിറകുകൾക്കുള്ളിലെ കാവ്യമേ
നീയെന്റ സ്മൃതിയിലൊരുതന്ത്രിയിൽ
സ്വരഗണങ്ങൾ ചേർത്തു
പണിതാലുമൊരു ദേവരാഗം

Monday, May 30, 2011

ഹൃദ്സ്പന്ദനങ്ങൾ

ഇനിയുമെഴുതാമീമൺകൂനയ്ക്കരികിലായ്
ഇനിയും ജീർണ്ണിക്കാത്ത ഭാഗപത്രങ്ങൾ
തരം തിരിച്ചു ക്ഷമാശീലശിലകൾ തകർക്കുമാ
കനത്തമൗനത്തിനെയരിക്കാമരിപ്പയിൽ
കലക്കികുടിയ്ക്കാമീ സമുദ്രം വീണ്ടും
തിരതകർക്കും തീരങ്ങളിൽ മണൽച്ചോറുണ്ണാം
ബലിയൊരുക്കാം ത്രികാലങ്ങൾ
കാത്തുനിൽക്കുന്നു നേദ്യമൊരുക്കാം
കയ്പേറിയ കാഞ്ഞിരഫലങ്ങളാൽ
നിറയ്ക്കാം ഭണ്ഡാഗാരശൂന്യതയ്ക്കുള്ളിൽ
പഴേ വ്യസനങ്ങളെ വെള്ളിനാണയങ്ങളിൽ
തുടർക്കഥയിൽ തൂവാമൊരു തുളസീഗന്ധം
വിളക്കെടുക്കും നേരം പാടാം പദങ്ങൾ
പണ്ടേ നിഴൽ കുടങ്ങൾക്കുള്ളിൽ
മാഞ്ഞുമാഞ്ഞുപോയല്ലോ ദൈന്യം
തിരക്കിൽതിരയുന്നതാരെയീ കാലം
ഞാനോ തിരക്കിൽ തിരയുന്നു
ചന്ദനമരങ്ങളെ...

Sunday, May 29, 2011

അശ്വമേധം

ഉണർത്തുപാട്ടിൻ ശ്രുതിലയത്തിന്നതി-
സൂക്ഷ്മഗതി തേടി ഞാൻ മെല്ലെ
നടക്കുന്നേരം നീയോ  എന്റെ
ഹൃദയതാളങ്ങളെയുലച്ചു ദിക്കാലങ്ങളിളക്കി
പരിചയും വാളുമായ് വരുന്നല്ലോ
ചിരിക്കും ദേവേശന്മാർ ദുന്ദുഭിയൊന്നിൽ
ദേവകുലത്തിനാഖ്യാനങ്ങളുറക്കെപാടും
വീണ്ടുമുയരുമരികിലായ് ഗോലോകഗോവർദ്ധനം
നിറങ്ങൾ കടമ്പുകൾ പൂക്കളായ് മാറ്റും
വിരലരികിൽ നീയും പാടും നിന്റെ ദിഗ്ജയങ്ങളെ
മഴക്കാലങ്ങൾ ധാരയണിഞ്ഞു വരും
പിന്നെയുറക്കെ പാടാമുടവാളുകൾ  തീർക്കാം
മിന്നൽപ്പുരകൾക്കുള്ളിൽ വീണ്ടുമഗ്നിയെ
വിലങ്ങിടാം
മുകിലിൻ തുടിയിലായ് നിനക്കുപാടാം
ഞാനീ കടലിൻ സന്ധ്യാസ്വരമെഴുതാം
താരങ്ങളിൽ
ഇവിടെ ദിനാന്ത്യത്തിൻ മുറിപ്പാടുകൾ;
പഴേകടങ്ങളാലേഖനം ചെയ്യുന്നു പുരാണങ്ങൾ
അണിമാണ്ഡവ്യൻ ശൂലമുനയിൽ
നമുക്കൊക്കെയണിയാനല്പം ഭസ്മം
ചിതത്തീയ്ക്കരികിലായ്
ജാഗ്രത്തിനകക്കാമ്പിലായിരം പ്രാചീരങ്ങൾ
സ്നേഹമോ വെറുമൊരു പ്രാചീനഭാഷാഖ്യാനം
അശ്വമേധവും കഴിഞ്ഞിരിക്കും നിന്നെക്കണ്ടാൽ
ചക്രവർത്തിയെന്നാരും പറയുന്നീല
മണിചിത്രമണ്ഡപത്തിലായ് ശിരസ്സും കുനിച്ചു നീ
ഇത്രമേൽ വളർന്നുവെന്നാരുമേയറിഞ്ഞീല.....

Saturday, May 28, 2011

ഹൃദ്സ്പന്ദനങ്ങൾ

നിഴൽപ്പാടുകൾ തേടിനടക്കാനാവില്ലെന്നും
നിഴൽക്കൂട്ടിനുള്ളിലും മായില്ല വാക്യർഥങ്ങൾ
നിരക്കും ഛായാചിത്രമുണർത്തും സ്മൃതിയ്ക്കുള്ളിൽ
തെളിയ്ക്കാനാവില്ലാവിവണ്ടിതൻ കരിപ്പൂക്കൾ
ഇടവേളയിൽ വെയിൽപൂക്കുന്ന നേരം
തണൽപ്പടിയിലിരുന്നൊരുകവിതവായിക്കുമ്പോൾ
പറയാനാവും യുഗം മറയ്ക്കും മരീചികയ്ക്കരികിൽ
നീർതേടുന്ന കല്പകതരുക്കളെ
മരക്കൂടുകൾ തീർത്തു ഘടികാരങ്ങൾ തേടി
നിമിഷങ്ങളോ പലേ ദിക്കുകൾ കണ്ടു
യാത്രയൊടുങ്ങം നേരം ധ്വജസ്തൂപത്തിലേറ്റി
കൊടിയതിലെ നിറങ്ങളും മങ്ങിയതറിയുന്നു
വിളക്കിൽ തിരിനീട്ടിവെളിച്ചം തേടി പകലൊടുങ്ങി
മിഴി പൂട്ടിയടച്ച രാവോ പിന്നെ കണ്ടതുമില്ലാ പകൽ
തിരയൊക്കെയും മാഞ്ഞ സാഗരങ്ങളിൽ
സന്ധ്യ ജപമാലകൾ തിരഞ്ഞിരുന്നു
നക്ഷത്രങ്ങളൊരുക്കും ദീപങ്ങളിൽ വെളിച്ചം
കാണുന്നേരം മറക്കാനാവും നിഴൽക്കൂടുകൾ
മുറിവുകളുണക്കാൻ മരുന്നുകളെത്രയാണീലോകത്തിൽ
എങ്കിലും മുറിവുകൾ മായുന്നുമില്ലാലോക
സങ്കടങ്ങൾക്കുമതിയാശയ്ക്കും മരുന്നില്ല..

Friday, May 27, 2011

നമുക്കൊഴുകാം ഭൂമി

തിരക്കാണവിടെയാഗോപുരങ്ങളിൽ
സൂര്യനുദിയ്ക്കുന്നതോ പണക്കൂടയിൽ
പഴേകാലമല്ലിതുപണതൂക്കമൊഴുക്കും
സ്നേഹം കണ്ടുതിരികെ നടക്കേണ്ട
മിഴികൾ തുടയ്ക്കേണ്ട കാലമേ
മുകിൽതുമ്പിലൊഴുകിതീരട്ടെയാ
മഴക്കാലങ്ങൾ
പിന്നെ ശരത്ക്കാലത്തിൽ
ചാലിച്ചുണർത്താം സ്വപ്നങ്ങളെ
തണൽച്ചോലയിൽ നീന്തും
നിഴൽപ്പാടുകൾകണ്ടു
വഴിയോരത്തിൽ നമുക്കൊരുക്കാം
പ്രദർശനപ്പുരകൾ
പ്രതിഷ്ഠയും നടത്തി നമുക്കങ്ങ് മടങ്ങാം
നിമിഷങ്ങൾ കാത്തിരിക്കില്ലാ തെല്ലും
ചുരുക്കേണ്ടൊരു ദിവ്യവൽസരം
ബ്രഹ്മാവിന്റെ മുഖത്തിൽ നിന്നും
വേദം നമുക്കോ വേണ്ട
പണ്ടേ യുഗങ്ങൾ പൗരാണിക
സങ്കല്പതലങ്ങളിലെഴുതീ
പകുക്കേണ്ട ചാതുർവർണ്യങ്ങൾ
നിഴലുലയ്ക്കും നീർച്ചോലകൾ
വറ്റുന്നനേരം കടൽത്തിരകൾ
തീരങ്ങളെ കൈയേറും നേരം
നമുക്കൊഴുകാം ഭൂമി
വ്യോമസീമയിൽ ബൃഹ്സ്പതിയുണർന്നു
ജപിക്കുന്ന സ്വർണസാനുവിൽ
ഗംഗയൊഴുകും ബ്രഹ്മാണ്ഡത്തിൻ
തകർന്ന മുറിവിലായ്..

Thursday, May 26, 2011

സ്നേഹത്തിന്നാരണ്യകം

പറയേണ്ടിനിയുമാക്കഥയും
കുലം തേടിയലയും മഹത്വവും
സ്നേഹത്തിൻ പെരുമയും
വളർത്താം സ്നേഹം നമുക്കക്ഷരങ്ങളിൽ
പുറം മറയ്ക്കായ്, ലോകത്തിനായ്
ലോകസഞ്ചാരങ്ങൾക്കായ്
പെരുക്കാമതിൽ മുത്തുമണികൾ
വൈഢൂര്യങ്ങൾ
നിറയ്ക്കാമതിൽ ചായക്കൂട്ടുകൾ
പുരാണങ്ങൾ
ഇനിയും ഗ്രന്ഥപ്പുരയ്ക്കുള്ളിലായ്
തേടാമിഴപിരിയാതൊടുങ്ങുന്ന
സ്നേഹകാവ്യങ്ങൾ പിന്നെയതിനെ
വിൽക്കാം, പൂക്കളൊരുകൂടയിൽ നിറച്ചിവിടെ
വസന്തമെന്നുറക്കെ പാടാം
കാണും ജനവും പുകഴ്ത്തട്ടെ
പൊൻതുട്ടിൻ കിലുക്കത്തെ
എഴുതാം വീണ്ടും വീണ്ടും സ്നേഹകാവ്യങ്ങൾ
നമുക്കെഴുതാനക്ഷരങ്ങളെത്രെയോ ലിപികളിൽ
പകർത്താം വീണ്ടും വീണ്ടും വിവർത്തനങ്ങൾ
കാണാനെത്രെയടുത്താണീലോകത്തിൻ
സ്നേഹത്തിന്നാരണ്യകം...
ഉണരും നേരം കാണും ലോകമേ

പണിയുന്നുവോ പോയ
യുഗങ്ങൾ കൈക്കോട്ടിലായ് പ്രപഞ്ചം 
കാണാനെത്ര ഭംഗിയുണ്ടതിനുള്ളിലൊഴുകിക്കൂടുന്നുവോ
മധുരത്തേൻ തുള്ളികൾ
ഉണരും നേരം കാണും ലോകമേ
നീയെൻ മിഴിയിമയിൽ
നിറക്കുന്നു കാവ്യസങ്കല്പം
മൊഴിയഴകിൽ ഞാനെൻ ഹൃത്തിൻ
തടത്തിൽ പാകിത്തീർത്ത
കനകാംബരങ്ങൾക്ക് സന്ധ്യതൻ വർണം
പാതയരികിൽ
രഥത്തിലായിരുളിൻ മക്കൾ വന്നു
പറയും കഥകളും കേട്ടിരിക്കാമീമരക്കുരിശിൽ
 ശസ്ത്രങ്ങളിലെണ്ണിയാൽ
തീരാത്തൊരു ദുരിതക്കുരുക്കുകളൊടുങ്ങില്ലൊരിക്കലും
പൊറുക്കേണ്ടാരും പിന്നെ മറക്കേണ്ടാരും
പടിവിളക്കിലുഷസിനെ കൈപിടിച്ചേറ്റും നേരം
പറയാറുണ്ടാക്കഥ കടലും സ്വകാര്യമായ്

Wednesday, May 25, 2011

നിനക്ക് നിന്നെയിഷ്ടം

ഇടവഴിയേറിതളർന്നുവോ നീ
ഇവിടെ സഹ്യാദ്രിയിൽ മഴക്കാലങ്ങൾ
നിനക്കറിയേണ്ടതുമതുപിന്നെയോ
നിഴൽ പെറ്റുപെരുക്കുന്നരികിലാ
പ്രാചീനസങ്കൽപ്പങ്ങൾ
പറയാമറിയണമെങ്കിലോ
പടഞ്ഞാറിനിലച്ചീന്തിലായെണ്ണതൂവുന്ന
 കുലം പോലുമൊരിക്കൽ
മണ്ണിൻ തുമ്പിലലിയും മറക്കേണ്ട
നിറക്കൂട്ടുകൾ തേടി കാലവും പായും
പക്ഷെ മൃതിയ്ക്കുള്ളിലെ നേർത്ത
ഗന്ധകപ്പുകയുമായ് വരയ്ക്കുന്നുവോ
നീയാ ജലച്ചായങ്ങൾ വീണ്ടും
ഞാനറിഞ്ഞില്ല നീയും മുഖമോ?
മുഖപടമണിയും നേരം നിന്റെ
നേരുകൾ പോലും നിന്നെമറക്കും
കാലം തെറ്റിയിടറും നിമിഷങ്ങളോടിയും
മായും പിന്നെയൊരുക്കിവയ്ക്കാം
ധനുർ യാഗശാലകൾ
ശരം നിറയ്ക്കാമൊരുക്കാമീയാവനാഴിയിൽ
പിന്നെയെനിക്കീപ്രളയത്തെയറിയാം
വിരൽതുമ്പിലൊഴുകുന്നതു ക്ഷീരസാഗരം
മഴക്കാലസ്വരങ്ങൾക്കുള്ളിൽ
ഞാനോ മറന്നു ദിക്കാലങ്ങൾ.
എനിയ്ക്കറിയാം
നിനക്കേതുയുഗത്തെ പ്രിയം
പണ്ടേ ഋതുക്കൾ പറഞ്ഞല്ലോ
നിനക്ക് നിന്നെയിഷ്ടം...

Tuesday, May 24, 2011

ഹൃദ്സ്പന്ദനങ്ങൾ


അതിരുകളഗ്നിഹോത്രം ചെയ്തു
വഴിപിരിയുമിടവേളയിൽ
യജ്ഞമകുടങ്ങളിൽവീണ
മിഴിനീരുമായാഗശാലയിലെരിഞ്ഞുവോ
പകലുകൾ പിരിയുന്നതിവിടെയാണറിയുമോ
പകിടകൾക്കുള്ളിലുംചതിയേറ്റി
ചാമരക്കുടകളെ സ്നേഹിച്ച രാജവംശങ്ങളിൽ
മരവുരിയും ചാർത്തിയഞ്ജാതവാതങ്ങൾ
ഇനിയും തുടങ്ങാം നമുക്കായീച്ചോലമിഴികൾ
നനഞ്ഞേയ്ക്കാമെങ്കിലും
കാനനച്ചിറകിൽ പറക്കാം
മരച്ചില്ലയിൽ കുടിൽ പണിയാം
പതുക്കെ നടക്കാം
പുരാണങ്ങളെഴുതുന്ന ഹൃദയത്തെയൊരു
നേർത്ത ഗന്ധർവസ്വരമാക്കി മാറ്റാം
തീർഥങ്ങളിൽ മുങ്ങിയിനിയും നടക്കാം
പലേകാലമീയഞ്ജവേദമന്ത്രങ്ങളെയരണിയിൽ
നിന്നും കടഞ്ഞെടുത്താദിമപ്പുരകളിൽ
വീണ്ടും നിറയ്ക്കാം
അറിയുവാനാവാത്തതൊക്കെയും
കോറിയട്ടരികിലായ് കോലമിട്ടൊഴുകുന്ന
ദു:സ്വപ്നവഴികളെ മെല്ലെ കടക്കാം
യജ്ഞമിനിയും തുടങ്ങാം
അഗ്നിയുണരട്ടെ വീണ്ടുമീ മൺവിളക്കിൽ
യജ്ഞഹവനങ്ങളെ താങ്ങി
നിൽക്കുന്ന ഭൂമിയുടെ മൊഴികളെ കേൾക്കാം
വേദഹൃദയം പകർന്നെടുക്കാം...
സ്വപ്നമേ! നീയും മിഴിയടച്ചങ്ങുറങ്ങുക

സ്വപ്നമേ! നീയെൻപ്രിയ
നക്ഷത്രമിഴികളിലെത്രയോകാലം
തപസ്സിരുന്നു
യുഗാന്ത്യത്തിലെത്രയോ
കൽഹാരങ്ങൾ വിടർന്നു
പക്ഷെ സർഗഭിത്തികൾക്കുള്ളിൽ
ചാന്തും ചിന്തേരും മുക്കി
പഴേ യുക്തികൾ ചിതൽതിന്ന
ഗ്രന്ഥശാലകൾക്കുള്ളിൽ
ഇത്തിരിപ്പോന്നോരുളി  ചീന്തിയ
ദിക്കാലങ്ങളെത്തിയതിവിടെയീ
പ്രളയത്തിരയേറ്റാൻ
കവിതയ്ക്കിന്നും ഭംഗിപോരാ
മുകിൽതുമ്പാലുലയ്ക്കാമുടയ്ക്കാമീ
നേത്രഗോളങ്ങൾ കണ്ടുമടുത്ത
പുരങ്ങളിൽ യോഗമുദ്രകൾ തേടി
നടക്കാം അരങ്ങളാൽ മൂർച്ചകൂട്ടാമി
വെള്ളിയുടവാൾ, മുറിയ്ക്കാമീ സന്ധ്യയെ;
രക്തം ചിന്തുമസ്തമയത്തിൻ
തേരിൽ മറയ്ക്കാം ദിഗന്തത്തെ 
മിഴിയിൽ സ്വപ്നങ്ങളോ കടന്നൽക്കൂട്ടങ്ങളായ്
പറന്നീടുന്നു മഴക്കൂടുകൾ തേടി
ചിത്രപടങ്ങൾ നിവർത്തിയീ ബാല്യകാലത്തിൻ
ചിത്രശലഭങ്ങളും പറന്നകലും ഗ്രാമത്തിന്റെ
പടിയിൽ പണ്ടേ ശിരോപടങ്ങൾ മറന്നിട്ട
പഴയ കാലത്തിന്റെ പ്രതിഷ്ഠാശിലയിലായ്
സ്വപ്നമേ! നീയും മിഴിയടച്ചങ്ങുറങ്ങുക..

Monday, May 23, 2011

സ്മൃതിവിസ്മൃതികൾ

ഇവിടെ തണൽപാകുമശ്വത്വ
ശിഖരത്തിലെന്നേ
മറഞ്ഞുപോയ്  വേനൽമഴ
പുതുവഴി പണ്ടേ ശൈത്യമുറഞ്ഞ
ധ്രുവങ്ങളിൽ മിഴിപൂട്ടി;
ഘനശ്യാമപക്ഷമോ കൈയിൽതന്നു
കറുപ്പിന്നാദ്യക്ഷരം
ദൂരെ നിലാവിൻ തുമ്പിൽ
മാഞ്ഞ യുഗമോ കണിയേകീ
ഉടഞ്ഞ മൺപാത്രങ്ങൾ,
തകർന്ന രുദ്രാക്ഷങ്ങൾ
പിന്നെ ദിഗന്തം ഭേദിക്കുന്ന
കാലമോ തന്നു
കൈയിലഗസ്ത്യ ദാഹം..
എന്റെ മിഴിയിൽ പുരാണങ്ങൾ
സന്ധ്യനെയ്യുമ്പോൾ തേടി നടന്ന
സ്വപ്നങ്ങളും മാഞ്ഞുപോയ്
സ്മൃതിയുടെയിലച്ചീന്തിലായ്
ശേഷിച്ചീക്കടൽശംഖിൻ നാദം..

Sunday, May 22, 2011

വചനം

പുനർവചനം
തേടിയധിരഥരഥമേറിയരികിൽവരും
സൂര്യകുലമേ
എൻ മിഴിയിലിന്നുമതേ മഴക്കാലം
ഭൂരാഗശ്രുതിലയം നിനക്കന്യം
നീലമുകിലുകൾ നിന്റെ സ്വന്തം
വ്യോമമൊഴികളോ നിന്റെ ദൈന്യം
ഭൂമിയെഴുതുമീ നേരിൻ കഥയിലോ
നിന്റെ രോഷം?
മിഴികൾ കണ്ടതോ നിന്റെ മദ്ധ്യാഹ്നം
നിഴലുകൾ പൂത്ത യുദ്ധസന്നാഹം
ഇവിടെയീ കടൽ മൗനം മറന്നു
അവിടെയോ നിന്റെയാദിമധ്യാന്തം
കറുകൾകത്തിയാളുമാഹോമപ്പുരയിലോ
നിന്റെ സൂര്യഗായത്രി
പലവഴിചുറ്റുമാപ്പുഴയ്ക്കുള്ളിൽ
ഇനിയുമെന്തുരഹസ്യം
കവടിശംഖിലായ് പൂക്കും
കദനമോ നിന്റെ സത്യം
വിരലുകൾ തേടിയെത്തും പുലർ
മൊഴിയിലാണെന്റെ സത്യം
ഹൃദയമുറങ്ങട്ടെ ചന്ദനമരങ്ങളിൽ

മുഖപടമെവിടെ
പുത്തൻ മുഖമൊന്നണിയാമീ
പുരവാതിൽക്കൽ
പുത്തൻ ചായവും പൂശാം
മനസ്സുറങ്ങിക്കിടക്കട്ടെ
വാല്മീകമൊന്നിൽ
ചിരിയുണർത്താം മിഴിതുമ്പിൽ
വാക്കുകൾ  തേനിൽ തീർക്കാം
തുടച്ചുനീക്കാം കരിപ്പൂവുകൾ
സമുദ്രങ്ങൾപുറകോട്ടൊഴുകട്ടെ
നിശ്ചലഗ്രഹങ്ങളിൽ
നമുക്ക് പാർക്കാൻ കാനനങ്ങൾ
മതി; സ്വർഗഗൃഹങ്ങൾ
നിർജീവമാം ജഢങ്ങൾ
മോഹിക്കുന്നു
ഒളിയ്ക്കാം വിരൽതുമ്പിൽ തുള്ളുന്ന
സ്വപ്നങ്ങളെ മറയ്ക്കാനൊരു
കുടമനിഷ്ടം മാത്രം മതി
എഴുത്തുമഷിയ്ക്കുള്ളിൽ നിറച്ചു
സൂക്ഷിക്കാമീ പുതിയ മുഖവുമാ
മുഖത്തിൻ പ്രണയവും
നിരത്തിലിഴയുന്ന നിഴൽക്കാലങ്ങൾ
പെറ്റുപെരുക്കും കുഞ്ഞുങ്ങളെ മരിയ്ക്കാൻ വിടാം
മണി സൗധങ്ങൾ പണിയാമീ ഭൂമിയിൽ
മുഖം നോക്കിനിൽക്കുമ്പോൾ
നമ്മൾ കാണും നമ്മുടെ രൂപങ്ങൾക്കായ്
അണിയാം വീണ്ടും മുഖപടങ്ങൾ
പണ്ടേ തന്നെയഭിനയിക്കാൻ
നമ്മളെത്രെയോ മുന്നിൽ
മനയോലയിൽ മുഖം തേച്ചു മിനുക്കാം
പക്ഷെയിന്നീ ഹൃദയമുറങ്ങട്ടെ
ചന്ദനമരങ്ങളിൽ....

Saturday, May 21, 2011

ഹൃദ്സ്പന്ദനങ്ങൾ

ഇരുളിന്റെ തീരമേ
നീയെഴുതും സ്നേഹമൊഴികളിൽ
പോലുമമാവാസിപൂക്കുന്നു
മിഴിയിലൊരായിരം ദീപങ്ങളേറുന്ന
നിലവിളക്കിൽ കരിതേടുന്ന
ചിന്തതന്നഴലുകൾക്കുള്ളിൽ
കുയിൽപ്പാട്ടുകൾതേടിയിവിടെയീ
ഭൂഗർഭനിധിതുറക്കും നേരം
അരികിലെത്തി കടൽകഥയേറ്റി
കല്പനാഗതികളെവീണ്ടുമസ്ത്രങ്ങളായ്
മാറ്റുന്ന യുഗവൈഭവത്തിന്റെ
രഥവേഗഗതികളിൽ
ചലനം നിലയ്ക്കുന്ന ഹൃദയമേ
മറുമൊഴി പറയാതെയൊരുമന്ത്രമാവുക
വീണ്ടുമാ ജപമാലയിൽ തപം ചെയ്യുക
കാലമോ പറയുന്നതൊക്കെയും
വൈരുദ്ധ്യഗദ്യങ്ങൾ
മറയട്ടെയാ കരിപ്പാടുകൾ
കരിമുകിൽതുടികളിൽ തുള്ളും
നിഴൽപ്പാടുകൾ സ്വർഗമവർതീർത്ത
നിശ്ചലസമുദ്രങ്ങൾ..
ഇവിടെസൂക്ഷിക്കാമുഷ:സന്ധയെ
പൂർവമുടികളിൽ മിഴിചേർത്തു
നിൽക്കും മുനമ്പിനെ
എഴുതിസൂക്ഷിക്കാം സ്ഫുടം ചെയ്ത
വാക്കുകൾ
മിഴിയിൽ സൂക്ഷിക്കാം പ്രകാശത്തിനെ
സായന്തനം

പകൽ മയങ്ങിയ 
സായന്തനത്തിന്റെ പടികളിൽ
കടൽ കണ്ടങ്ങിരുന്നു ഞാൻ
നിടിലമൊന്നതിലഗ്നിപൂക്കും
രോഷമകുടരുദ്രാക്ഷമെണ്ണും
ത്രിസന്ധ്യയിൽ
പകലിനെപകുത്തീറൻ
തുണിയ്ക്കുള്ളിൽ
മറയവേയാദിദൈന്യം
തിമിർക്കുന്ന പുകമറക്കുള്ളിലെങ്ങോ
നിഴൽ പൂത്ത വഴികളിൽ
ഞാൻ തിരഞ്ഞു പ്രകാശത്തെ
അരികിലെന്നും ദിഗന്തങ്ങളോ
മൊഴിയഴകിനെ തേടിയോടും
പ്രഭാപൂർണ വലയമായ്
വാനിലെങ്ങും വിലങ്ങുമായ്
തെളിയവേ കുഞ്ഞുനക്ഷത്രമോഹങ്ങൾ
തിരിയിലെണ്ണെ ചേർത്തെൻ
വിളക്കിൻ നേർത്ത
മിഴികളിൽ മിന്നിയന്നു
ഞാൻ പകലിന്റെപടികളിൽ
കടൽ കണ്ടങ്ങിരുന്നു
വിരലിലെ തരിമഞ്ഞൾപൊടിപോലെ
കണിയൊരുക്കിയ ചൈത്രദീപങ്ങളിൽ
പകലിനെ പകുത്താഹൂതിചെയ്തോരു
മുകിലിനെ കണ്ടു പിന്നെയും
നേരിയകസവുചാർത്തിയൊരായിരം
സ്വപ്നങ്ങൾ മിഴിയിലായ് വന്നു
കൂട്ടായിരിക്കവെ
പകൽ മയങ്ങുന്ന സായന്തനത്തിന്റെ
പടികളിൽ കടൽ കണ്ടങ്ങിരുന്നു ഞാൻ..

Friday, May 20, 2011

പ്രദക്ഷിണവഴിയിൽ

ഇന്നലെ മറഞ്ഞൊരു ദിനത്തെ
സൂക്ഷിക്കുവാനിന്നത്തെ
സായാഹ്നത്തിനാവുമോ
മുകിൽചീന്തിലെന്നുമേയുണരില്ല
മഴക്കാലങ്ങൾ
ദശപുഷ്പങ്ങൾപോലും ശൈത്യമുറയും കൂട്ടിൽ
ഋതുചിത്രങ്ങൾക്കൊപ്പം മിഴിയടച്ചു മയങ്ങിപ്പോം
മുറിപ്പാടുകൾ കരിഞ്ഞുണങ്ങും നേരം
മനസ്സൊതുങ്ങും; വീണ്ടും
സംവൽസരങ്ങൾക്കുള്ളിൽകൂടി
പ്രളയം കടന്നുപോം
ദ്വീപങ്ങൾ പണിക്കോപ്പിലുരുക്കി
പുതുക്കുമാ മോഹഭംഗങ്ങൾ
വാസ്തുദിക്കുകൾ തെറ്റും
യുഗമുടയ്ക്കും ഹർമ്മ്യങ്ങളും
ഇടയ്ക്ക് സ്ഥാനം തെറ്റിയുലയും
നവഗ്രഹമിടിപ്പും ലോകാലോക
പർവതശിഖരവും
ഇവിടെ പ്രദക്ഷിണവഴിയിൽ
പദം തെറ്റിയുലയുന്നുവോ
കാലത്തുടിപ്പും സായാഹ്നവും
മിഴികൾ പൂട്ടി സ്വസ്ഥമിരിക്കാം
വെളിച്ചത്തിൻ ചിമിഴിൽ
പോലും നിഴലുറങ്ങിക്കിടക്കുന്നു...
സ്വപ്നക്കൂടുകൾ

ഇന്നലെയാരോ
മഷിക്കൂട്ടിന്റെയിരുൾപ്പാത്രമെന്നെയും കാട്ടീ
പിന്നെപ്പറഞ്ഞു സൂക്ഷിക്കുക
മെല്ലെയീമനസ്സിന്റെയുള്ളിലുമുഷസ്സിന്റെ
നന്മയിൽപ്പോലും പടർന്നുലഞ്ഞേയ്ക്കാമീപുക
ഒരിറ്റുനീഹാരത്തിൻ തുമ്പിലായ് മറയുന്ന
ഋതുക്കൾ പോലെ നമ്മളെത്രയോ മാറി
ശിരോലിഖിതങ്ങളിൽ വിരൽചേർത്തുവയ്ക്കുമ്പോളൊരു
വരിയിൽപോലും പൂക്കൾ വിരിയുന്നീല
ഹോമപ്പുരകൾപ്പണിതെത്ര നടന്നു നമ്മൾ
ശൂന്യപഥത്തിൽ ഗ്രഹങ്ങളോ മറന്നു
തിലോദകം.
അരങ്ങിൽ യവനികയ്ക്കുള്ളിലായ്
തീരാദൈന്യമെഴുത്തുനിർത്തി പടിയിറങ്ങിപ്പോയി
പണ്ടേയടച്ചു തഴുതിട്ട ശരത്ക്കാലത്തിൻ
വാതിൽപുരയിൽ മിഴാവുമായിരുന്നു കാലം
പിന്നെയുറങ്ങി ഭൂമി; സ്വപ്നച്ചില്ലകൾക്കുള്ളിൽ
പക്ഷെ മറന്നു സ്വപ്നങ്ങളെ ഗാഢനിദ്രയിൽ
പൂത്തുവിടർന്നതവിടെയീവിരൽതുമ്പിലെശ്രുതി
അത്രമേൽ മാറി സ്വപ്നക്കൂടുകൾ
വാക്കിൻ തുമ്പിലിപ്പോഴുള്ളതോ
കടൽ ശംഖിന്റയാവർത്തനം...

Thursday, May 19, 2011

സാക്ഷ്യം

ചില്ലുകൂടിനുള്ളിലായ്
മയങ്ങും സന്ധ്യേ നിന്റെയുള്ളിലും
പകലിന്റെ നൊമ്പരം പൂക്കുന്നുവോ
കടൽമുനമ്പിൽ വിളക്കുകൾ
തെളിയ്ക്കും നക്ഷത്രങ്ങളുറങ്ങീ
കാലം തീർത്ത വന്മതിൽക്കെട്ടും
കടന്നെങ്ങോട്ടോ പോയീ വിധി
ഗ്രീഷ്മവേനലും മങ്ങി 
ചൈത്രപ്പൂക്കളും വാടീ
കൽക്കെട്ടിന്റെയുള്ളിലോ
തണുത്തൊരു നിഴലും പൂത്തു
താഴേയ്ക്കെത്തിയ നിശീഥത്തിൽ
കദനം കയ്പായ് വീണു
മുറിപ്പാടുകൾതുന്നിനിമിഷങ്ങളോ
നേർത്ത നിലാവിൻ തുമ്പിൽ
തുള്ളിയൊളിച്ചു
ശിരസ്സിൽ നിന്നടർന്നുവീണു
പഴേയോർമ്മകൾ
മഷിവീണുപടർന്നുപഥത്തിലായ്
നടന്നു ഋതുക്കളും
മിഴിതുമ്പിലെ ദൈന്യം പടിക്കെട്ടുകൾ
താണ്ടിയുലഞ്ഞുനീങ്ങീടുമ്പോൾ
വിധിയും പദം വയ്ച്ചു നടന്നു
പോകുന്നേരമരികിൽവിരൽതുമ്പിലൊഴുകും
കടലിന്റ ലയവിന്യാസം
കേട്ടുതെല്ലൊന്നു നിന്നു; പിന്നെ മറഞ്ഞു
ചക്രവാളമതിനും സാക്ഷ്യം നിന്നു..

Wednesday, May 18, 2011

സ്മൃതിവിസ്മൃതികൾ

ഒരിയ്ക്കൽ മഴപെയ്യും
സന്ധ്യതന്നരികിൽ ഞാനെഴുതീ
സമുദ്രങ്ങൾ തിരയേൽക്കുമ്പോൾ
പിന്നെ നിനക്കായൊന്നും കൈയിലെടുത്തില്ലൊരു
ശംഖിലുറങ്ങും സ്വപ്നങ്ങളെ ഭൂമിയുമെടുത്തല്ലോ
പറഞ്ഞേറുമ്പോൾ പല മുകിൽച്ചീന്തിലും തട്ടി
മുറിഞ്ഞു, മഴക്കീറുമതിലെ സർഗങ്ങളും
വഴിയ്ക്ക് തടഞ്ഞൊരു തണുത്തമൊഴിപോലെ
പറയാനെഴുതാനുമിനിയെന്തിരിക്കുന്നു
ഇടനാഴിയിൽജനവാതിലിനരികിലും
പതിയെ പദംവച്ചു നടക്കും നിനക്കായി
പണിയാം ഞാനുമൊരു വെൺകല്ലിൻകുടീരമാ
യമുനയൊഴുകട്ടെ കദനപ്പൂപ്പാത്രത്തിൽ
പറയാനൊരുപാടു ബാക്കിയെങ്കിലും
പണ്ടേ പറഞ്ഞുകഴിഞ്ഞല്ലോ മേഘദൂതുകൾ
പിന്നെപറഞ്ഞുതുടങ്ങിയാലൊതുങ്ങില്ലതുമൊരു
കടലായ്തീരും; തീരമണലിൽ കത്തും
സന്ധ്യാവിളക്കും കെടും,
സാന്ധ്യചക്രവാളവും മായും.
നിന്നെ ഞാനറിയില്ല പണ്ടേപ്പോലിന്നും
പിന്നെയെന്തിനെൻ വാതിൽക്കലായ്
കാവലേറ്റുന്നു; മാഞ്ഞു മഞ്ഞുകാലവും
കുടയേറ്റവും, തീരാത്തൊരു മൗനവുമതിന്റെയാ
ശബ്ദകാഹളങ്ങളും..
നിന്നെഞാനറിയില്ല പണ്ടേപ്പോലിന്നും
പഴേ ശംഖുകൾക്കുള്ളിൽ പോലും നീയില്ല
കടലിന്റെയുള്ളിലും തേടീഞാനും കണ്ടില്ലയൊരുവേള
കണ്ടേക്കാം മഷിവീണതുണ്ടുകൾക്കുള്ളിൽ
പക്ഷെയെന്റയീ മഴക്കാലസന്ധ്യയിൽ
കടലാസുതുണ്ടുകൾ
പറന്നുപോയന്യദേശങ്ങൾപൂകി
ഞാനെഴുതിലും മങ്ങി മാഞ്ഞുപോവിലും,
നിഴൽക്കൂടുകൾക്കുള്ളിൽചിറകറ്റുവീഴിലും,
നിന്റെയാരവം കേൾക്കെ പടിയടിച്ചുനടക്കിലും
നിനക്കുമില്ലാ പരിഭവങ്ങൾ
പിന്നെ പടി‍-പുരവാതിൽക്കൽ
തന്നെയെന്തിനു നീ നിൽക്കുന്നു

Tuesday, May 17, 2011

മുദ്ര

പണ്ടെങ്ങോ ഗ്രാമം തന്നു
തപാൽമുദ്രയാൽ തീർത്ത സൗഹൃദം,
പരിഭവം, നറുംതേൻ പോലെ
ചെറുപുഞ്ചിരിപോലെ
മനസ്സേറ്റിയ കുസൃതികൾ
ഇന്നിപ്പോൾ മാറീ കാലം
തപാൽപ്പെട്ടിയിൽ മുദ്ര
നിദ്രകൊള്ളുന്നു ബാല്യമുറങ്ങുംപോലെ
പിന്നെയിന്നൊരു കത്തും
തേടിയലയുന്നീല ഹൃത്തിനുള്ളിലെ
സ്പന്ദങ്ങളുമതിന്റെസ്വരങ്ങളും
ഇവിടെ വിസ്മയപ്പൂവിരിയും
മിഴിക്കോണിലുടക്കിക്കിടക്കുന്നതൊരു
പട്ടുനൂൽ വലയതിന്റെയിഴകളിൽ
നേർത്തുനേർത്തില്ലാതാവുമൊരു
നീർക്കണത്തിന്റെ കവിതയ്ക്കരികിലും
മുകിൽചിന്തുകൾ വിരൽമുദ്രയേറ്റുമ്പോൾ
സന്ധ്യയിരുട്ടിൽ തേടുന്നുവോ
ബാല്യത്തിന്നെഴുത്തുകൾ...

Monday, May 16, 2011

എനിക്കിന്നറിയാമീഭൂമിയെ

എനിക്കിന്നറിയാമീ
ലോകത്തെയനാദ്യന്തകുലത്തെ,
വൈരുദ്ധ്യത്തെ, മഷിപ്പാത്രത്തെ
പിന്നെയെഴുതിപെരുക്കിയാ
തുലാസിൻ തട്ടിൽ
താഴ്ത്തിയൊതുക്കിചുരുക്കുന്ന
ഹൃദയസ്പന്ദങ്ങളെ;
എനിക്കിന്നറിയാമീ മനസ്സിൻ
ന്യായത്രാസിലുടക്കിക്കിടക്കുന്നോരാദിമധ്യാന്തങ്ങളെ
നിർണ്ണയം തേടിപഴേചുമരിൽചെവിയോർത്തു
നിന്നോരു വിധിപർവമഞ്ഞുനീർക്കണങ്ങളെ
ഋതുക്കൾ പണിതീർത്ത ശീതകാലത്തിൻ
മഞ്ഞുപടത്തിൽ മറഞ്ഞൊരു
ദിനത്തിൻ പ്രകാശത്തെ
എനിക്കിന്നറിയാമെൻ വിരലിൻ
വാത്മീകത്തിലുറങ്ങിക്കിടക്കുന്ന
പ്രാചീനയുഗങ്ങളെ
എനിയ്ക്കിന്നറിയാമെൻ ഭൂമിയെ
ഭൂമിയ്ക്കുള്ളിലൊഴുകിപ്പരക്കുന്ന
കടലിന്നിരമ്പത്തെ
എനിയ്ക്കിന്നറിയുന്നതല്പമെങ്കിലും
മിഴിയൊതുക്കുന്നതു മഹാസാഗരം
ചക്രവാളതുടുപ്പിൽ പൂക്കുന്നതെൻ
മൺചിരാതുകൾ
ഭൂകാന്തവലയങ്ങൾ

വിരലിൽ സങ്കീർത്തനം
തേടുന്നു വചനങ്ങൾ
ഹൃദയമോ തേടുന്നു ഭൂകാന്തവലയങ്ങൾ
പഴയ കദനങ്ങളോ കേദാരമേറുന്നു
അരികിൽ പദം വച്ചടുക്കുന്ന
ഗ്രഹമിഴികളെഴുതുന്നു വീണ്ടും
ശൈലകാവ്യം
ഹൃദയമോ കണ്ടു ത്രിനേത്രാഗ്നി
നിടിലത്തിലുറയുവാൻ വൈകും
വിശ്വസ്ത-നിർവചനം
അറിയുന്നൊരക്ഷരമാല്യങ്ങളിൽ തെറ്റിയറിയാതെനിന്നവിസർഗങ്ങൾ
ശ്യാമവനിയറിയും സ്വരങ്ങളൊരു
ചില്ലുപാത്രത്തിന്റെയരികിൽ
തുളുമ്പിമറിഞ്ഞനീർതുള്ളികൾ
ഗതിതെറ്റിനിന്നോരു പദ്മവ്യൂഹത്തിലും
ശരശയ്യയിൽ താണ ഭീക്ഷ്മപർവത്തിലും
വിരലുതേടും വിശ്വവിശ്വസ്തപൂർവികർ
എഴുതുന്നു സ്നേഹകാവ്യങ്ങൾ
അരികിലാരോ മഷിതുള്ളികൾക്കുള്ളിലായ്
എഴുതിച്ചുരുക്കുന്നു ലോകം
 അതിനരികിലിവിടെയീ ഭൂമിയുടെ
കാന്തമിഴി കടലിനെചുറ്റിയൊഴുകുന്നു

Sunday, May 15, 2011

സ്മൃതിവിസ്മൃതികൾ

ഇവർ പുരാതനർ!
മറഞ്ഞ കാലത്തിനുറവിടങ്ങളിൽ
സമാധിയായവർ
ഇവരച്ഛനമ്മ;
വിളക്കുകൾ പോലെ
പ്രകാശമായെന്നയുണർത്തിയോർ
സ്നേഹക്കുടത്തിലായ്
തീർഥജലം നിറച്ചവർ
ഇവർ സനാതനർ
സുകൃതപുണ്യത്തിന്നയനിയിലെന്നെ
കടഞ്ഞെടുത്തവർ
ഇവർ ഗുരുക്കന്മാരുരുളിയിലരിനിറച്ചെന്റെ
നാവിൽ ഹരിശ്രീയോതിയോർ
വിരലിൽ വിദ്യതന്നിലച്ചോറൂട്ടിയോർ
പ്രകൃതിയെകണ്ടു പഠിക്കെന്നോതിയോർ
പുരോഢാശഹവ്യമുരുക്കിയെന്നുടെ
മിഴിയിലേറ്റിയോർ
ഹൃദയപർവങ്ങളുയർത്തിയോർ
വീണാമധുരതന്ത്രികൾമുറുക്കിയോർ
ഹൃത്തിൻ ശ്രുതിയറിഞ്ഞവർ
ശ്രുതിയിലെ സ്നേഹമിഴിവുമായൊരു
കടലുപോലെന്നിലൊഴുകിയോർ
പിന്നെ വചനം തന്നവർ, വയമ്പുതന്നവർ
പുലർപ്രഭയാകെ വിതറിയോർ
വിശ്വപ്രപഞ്ചത്തെ കാട്ടി
കനവു തന്നവർ
ഇവർ സ്മരേണ്യരെൻ വിരലുകൾക്കുള്ളിൽ
പുനർജനിയായിയുണർന്നവർ
വാനക്കുടക്കീഴിലെന്ന പരിരക്ഷിച്ചവർ
ഋതുക്കളൊന്നാകെയിതളടർത്തിയെന്നരികിലായ്
കാണാനൊരുക്കിവച്ചവർ
കർമ്മവിഷാദയോഗങ്ങളുടച്ചവർ
കൃഷ്ണപ്രിയം വളർത്തിയോർ
മുരളികയ്ക്കുള്ളിൽ മനസ്സിനെ
ചേർത്തുവിളക്കിയോർ
കർമ്മപ്രയാഗയിലെന്നെയൊഴുക്കിയോർ
ഇവർ അനശ്വരർ!
ജപമന്ത്രംപോലെയുരുക്കഴിക്കേണ്ടോരനാദി
നാദത്തെയറിഞ്ഞവർ പൂജാമുറിയിലേറ്റേണ്ട
ത്രികാലമന്ത്രങ്ങൾ
ശിരോകവചം താഴ്ത്തിഞാൻ നമിക്കട്ടെ
വീണ്ടുമമൃതുതുള്ളിതന്നുറവപോലവരുണരട്ടെയെന്റെ
വിരൽതുടികളിൽ...
ഹൃദ്സ്പന്ദനങ്ങൾ

വിരലുകളിലുടക്കി നിൽക്കുന്നുവോ വാക്കുകൾ
വിധിരേഖകൾ ഗ്രഹചിമിഴിൽ മായുന്നുവോ
എഴുതിസൂക്ഷിക്കുവാനാവാതെയൊരുപകൽ
മറയുന്നുവോ
കടൽതുടിയിലെ താളലയമൊഴുകിമായുന്നുവോ
കടലിനശാന്തിയോ കാർമേഘമോഹങ്ങൾ
നിഴലിന്നതൃപ്തിയോ നീർമിഴിതുള്ളികൾ
ഇവിടെ ഞാനുണർവിന്റെയാദ്യലിപിയെഴുതുന്ന
വഴിയിൽവന്നൊളിപാർത്തുനിൽക്കും യുഗങ്ങളെ
ശാന്തമെന്നാലുമശാന്തമെന്നാലുമീ
സായന്തനത്തെ തടുക്കുവാനാവുമോ
മഴപെയ്യുമാമുകിൽക്കുടിലിലെ കാടുകൾ
മഴപെയ്തുതോർന്നാലകന്നുമാറീടുമോ
തിരിയൊളിച്ചൊരുസന്ധ്യമിഴിപൂട്ടിനിൽക്കവെ
വിരലുകളിലുടക്കി നിൽക്കുന്നുവോവാക്കുകൾ
വിധിപർവമേ ഗ്രഹച്ചിമിഴുകൾക്കുള്ളിലായ്  
എഴുതി സൂക്ഷിക്കുക ചിദംബരരഹസ്യങ്ങൾ
ഭൃഗുരാമനെഴുതും സമന്തതീർഥങ്ങളിൽ
മുകിലുകൾമുങ്ങുന്ന സായന്തനങ്ങളിൽ
മറയുന്ന സന്ധ്യയുടെ നക്ഷത്രസ്വപ്നമേ
മിഴിയിലെൻ വാക്കുകളെടുത്തുസൂക്ഷിക്കുക...

Saturday, May 14, 2011

നീ ചിത്രശലഭം ??

വിരലിലെൻ ഹൃദ്സ്പന്ദനത്തിലായവരെഴുതി
ഒരുചിത്രശലഭകഥയൊരുചില്ലുകൂട്ടിലായ്
തടവിലിട്ടെവരന്റെ ചെമ്പകപ്പൂവുകൾ
അരളിയുമശോകവും പൂക്കുന്നശിശിരത്തിൽ
അവരന്റെയരികിലൊരു ചിതകൂട്ടിയിട്ടു
ഉലയിലിട്ടവരെന്റെ സ്വപ്നങ്ങളെ
ചിത്രശലഭമായ് മാറ്റിക്കുടുക്കിചുരുക്കിയൊരു
വലയിലിട്ടൊടുവിലൊരു മലയേറിയാമല
ചരിവിലേയ്ക്കിട്ടു നടന്നവർ തീരാത്ത
പരിഭവം പോലെയോ മേഘഗർവങ്ങളിൽ
തിരയെന്നപോലെയോ
ഒടുവിലെൻ ഭൂപർവനിനവിന്റെമഞ്ഞുനീർകണവും
കുടിച്ചവർ യാത്രയായ് പോയോരു വഴിയിലും
കനവിന്റെയിതളും കടഞ്ഞുലച്ചതിലും
നിറച്ചഗ്നിയൂഷരച്ചിറകിലേയ്ക്കൊഴുകിയോരവരെന്റെ
ഹൃദയവും തല്ലിക്കുടഞ്ഞതിൻ തുണ്ടുകൾ
തടമിട്ടുപാകീ മുളംകാടുകൾക്കുള്ളിൽ
മുളപൊട്ടിവന്നൊരാ
സ്വർണക്കിനാവുകൾക്കരികിലും
വന്നവർ പാടീ!!
നീ ചിത്രശലഭം, നീ ചിത്രശലഭം

എനിയ്ക്ക് പ്രിയം ഭൂമീ
നിന്റെയീ ഋതുക്കളെ
മഹാഗോപുരങ്ങളെ നഗരം സൂക്ഷിക്കട്ടെ
അടഞ്ഞുകിടക്കട്ടെയതിൻ
വെള്ളോടിൻവാതിൽപ്പടിയിൽ
വയ്ക്കാനൊരു വിളക്കുമെനിക്കില്ല
മിഴിയിൽ നക്ഷത്രങ്ങൾ വിരിയുനേരം
ഞാനീകടൽത്തീരത്തിൽ തീർക്കാം
പർണശാലകൾ ഗർഭഗൃഹത്തിൽ
വയ്ക്കാമാദിമൂലപാദത്തെ
പിന്നെ ജപിയ്ക്കാം
ത്രികാലങ്ങൾ പൂജചെയ്യുമ്പോൾ
സന്ധ്യാവിളക്കിൽ നിറയ്ക്കാമെൻ
മനസ്സിൻ പ്രകാശത്തെ..
യാഗശാലകൾ
തേടുമസ്പഷ്ടമൗനത്തിന്റെ
വേരുകൾ ഋഗ്വേദത്തിലുറങ്ങിക്കിടക്കട്ടെ
നിറയ്ക്കാം സ്വരങ്ങളെ സാമവേദത്തിൽ
വീണ്ടുമൊരുക്കാം വിരലിലാഭൂപാളസ്വപ്നങ്ങളെ
മുനമ്പിൽ കാർമേഘങ്ങൾ പെയ്തുതീരട്ടെ
മഴയൊരുനീർക്കുടമായീകടലിലൊഴുകട്ടെ
എനിയ്ക്കുപ്രിയം ഭൂമീ!
നിന്റെയീ കടൽതീരം
എനിയ്ക്ക് പ്രിയമെന്റ
ശംഖിനുള്ളിലെ കടൽ....

മിഴിയിലെ സമുദ്രമേ !

മിഴിയിലെ സമുദ്രമേ !
ദ്വീപുകൾക്കരികിലെ
തിരയേറ്റമൊരു നേർത്ത ശ്വാസവേഗം
നിന്റെയുണർവിന്റെയുൾക്കടലെവിടെയെന്നറിയുവാൻ
ഒരുപാടുനാൾ ഞാൻ തപസ്സുചെയ്തു
ഒരുവരിയ്ക്കുള്ളിലൊതുക്കുവാനാവാതെയൊഴുകി
നീയെന്നിലെ ഭൂപാളമിഴിവിലായ്
ഒരുസൗഹൃദത്തിന്നുറഞ്ഞ ശൈത്യത്തിനെ
മലമനിരകളൊരുമഞ്ഞുപാളിയാക്കും ശിശിര
മുടിയിലൊരു പക്ഷിയുടെ കൂട്ടിൽ മറന്നൊരാ
മരതകക്കല്ലുകൾ തേടി ഋതുക്കൾതൻ
ചിറകേറി വന്നു ഞാൻ നിന്റെ തീരങ്ങളിൽ
മൊഴിയിൽ നിന്നെൻ മിഴിയതിലേയ്ക്ക്
നീയൊഴുകിയരികിൽ ത്രിസന്ധ്യയുടെ
ശ്രുതിപോലെ; പിന്നെയെൻ
വിരലുകൾക്കുള്ളിൽ കുടുങ്ങിക്കിടന്നു നീ
അരികിൽ ഞാൻ ഭൂമിയെ
ചേർത്തുവച്ചതിനുള്ളിലൊഴുകി നീയെന്നിലെ
ഹൃദ്സ്പന്ദനം പോലെയൊരു മാത്രയും
മൗനമറിയാതെ നക്ഷത്രമിഴികളിൽ പൂക്കും
വിളക്കുമായ് വിൺമേഘവഴികളെകണ്ടുമാ
ചക്രവാളത്തിന്റെയതിരുകൾ
ചുറ്റിത്തിരിഞ്ഞൊടുവിലൊരു
ശംഖിലൊഴുകി നീ
എന്നെയുമൊഴുക്കിയതിനുള്ളിലായ്
മറയും നിലാവിന്റെഗ്രഹണവേഗങ്ങളിൽ
നനവായി മാഞ്ഞൊരാ മാർഗശീർഷത്തിന്റെ
നെടുവീർപ്പിൽ മങ്ങും വിളക്കുകൾക്കരികിലായ്
കറുകൾ ഹോമിച്ച നിമിഷങ്ങളിൽതട്ടിയുടയാതെ
വീണ്ടുമെൻ മനസ്സിലേയ്ക്കൊഴുകിയ
മിഴിയിലെ സമുദ്രമേ
പൂർവദിക്കിൻമൊഴിയഴകിലായ്
വീണ്ടുമൊഴുകിയാലും...

Wednesday, May 11, 2011

ഹൃദ്സ്പന്ദനങ്ങൾ

കുളിരുമുഷസ്സിന്റെ നിറമാല്യത്തിൽ
നേർത്ത തണലിൽ വിരിയുന്ന
പൂക്കളെ കോർക്കാം; മന്ത്രച്ചരടിൽ
തിരിയ്ക്കാമീഭൂമിയെ
തളിർനുള്ളിയെടുക്കാമതിൽ
ഗ്രീഷ്മക്കനൽതുള്ളികൾ തൂവാം.
എഴുത്തുമഷിക്കൂടിനുള്ളിലായ് തൂക്കാം
മൊഴിയൊടുക്കാനൊരുങ്ങുന്ന
കുലത്തിൻ മഹത്വത്തെ
വഴിയിൽതൂവാം കാലിൻതുടുപ്പിൽ
തരിക്കുന്ന മണൽകൂനതൻ
നനവാർന്ന മന്ദിരങ്ങളെ
മുറിപ്പാടിലായ് കോരിയൊഴുക്കാം
രുധിരത്തെയകക്കാമ്പിലായ്
ചിതയൊരുക്കാം സ്നേഹത്തിനായ്
പുറകോട്ടോടും സ്മൃതിതാളത്തിൻ
ചിലമ്പിൻന്മേലൊതുക്കാം കാലത്തിന്റെ
വെള്ളിവാൾമുനകളെ
ഉരുക്കാം വാക്യർഥങ്ങളുലതീയിലായ്
പിന്നെയെടുക്കാം സുവർണപ്പൂവിരിയ്ക്കും
വിൺകോണിന്റെ രഹസ്യം സൂക്ഷിക്കുന്ന
സായഹ്നമതിൽ വീണ്ടും നിറയ്ക്കാം
ലോകത്തിന്റ്യനന്തമൂലത്തിനെ
ശിരസ്സിൽതൂവാമല്പം ചന്ദനക്കുളിർ
നാലുചുമരിനുള്ളിൽ തൂക്കാം
സ്മൃതിവിസ്മൃതികളെ
എഴുതുംവിരൽതുമ്പിലൊളിച്ചുവയ്ക്കാം
കടൽതുടിയിൽ തുടിയ്ക്കുന്ന
ഹൃദയസ്പന്ദങ്ങളെ
സ്മൃതിവിസ്മൃതികൾ

ശിബിരങ്ങളിൽ നിന്നും മുഴങ്ങുന്നുവോ
വാനമൊഴിയിൽ മറഞ്ഞതാം മേഘകാവ്യങ്ങൾ
സ്നേഹമെഴുതിപ്പിശകിയ സർഗസൃഷ്ടികൾ
മൂടുപടത്താലൊളിപ്പിച്ച മൗനഗാനങ്ങൾ
മേഘമോഹനരാഗംകേട്ടുമയങ്ങും ത്രിസന്ധ്യകൾ
മായാത്തഭൂതകാലമുറിപ്പാടതിൽ വീണ
കാലഗദ്യത്തിൻ മഷിക്കൂടുകൾ, നീർതുള്ളികൾ
ദൂരരാഹിത്യത്തിന്റെ ദൂരത്തെയളന്നൊരു
വ്യോമയാത്രകൾ ശൂന്യമൗനങ്ങൾ
നിലാനിഴൽപ്പാടിലായൊടുങ്ങിയ
ഭൂപാളമൊഴിപ്പൂക്കളാരെയോ കാത്തുനിന്ന
മഴവിൽകുടീരങ്ങൾ
തേറ്റമേറിയ തിരയേറ്റത്തിനരികിലെ
നേർത്തതാം കടലിന്റെ കനവിൻ മുനമ്പുകൾ
ഋതുക്കൾ ചാലിച്ചതാം കളഭച്ചാർത്തിൽ
തീർഥഗമനം നടത്തുന്ന മഴതുള്ളികൾ
സ്നേഹതുരുത്തിൽ സ്പന്ദിക്കുന്ന ഭൂരാഗസ്വരങ്ങളാ
സ്വരത്തിൽ ശ്രുതിയായിയുണരും സുസ്വപ്നങ്ങൾ
വിരൽമുദ്രകൾ തേടുന്നൊരു ശംഖിനെ സന്ധ്യയരികിലശോകപ്പൂവിതളിൽ വിടരുന്നു..

Monday, May 9, 2011

സ്മൃതിവിസ്മൃതികൾ

ഇതോ സ്നേഹം! ദ്വാരപാലകർ ചോദിക്കുന്നു
ഇതോ പടിവാതിലുടയ്ക്കും മൗനം
അറിയാനാവുന്നില്ലയെങ്കിലും
വിരൽതുമ്പിലൊഴുകുന്നതു ഭൂമിയൊഴുക്കും
സ്നേഹം;
മിഴിയരികിൽ നിറയുന്നതൊരു നീർക്കടൽ
പിന്നെയൊഴുകിപ്പരക്കുന്നതൊരുപാൽക്കടൽ
കണ്ണിമയിൽ പൂക്കുന്നതു വൈശാഖവെൺപൂവുകൾ
ചത്വരങ്ങൾ നിറയ്ക്കുന്നതൊരുമൺകുടം ദൈന്യം
മഴക്കാറേറ്റും വെയിൽച്ചില്ലയിൽ പുകഞ്ഞുമീ
ധരിത്രി മറക്കുന്നു പുനർജന്മങ്ങൾ
പോയവഴിയിൽ വിടർന്നോരു മുക്കൂറ്റിക്കൊടിപ്പൂക്കൾ
തിരകൾക്കെല്ലാമൊരു നിറമാനിറത്തിന്റെയരികിൽ
പൂക്കുന്നതു നീർക്കുമിളകൾ മാത്രം
ഒരു നിശ്വാസത്തിന്റെയരികിൽ സ്നേഹം
തേടിയൊഴുകും ജലപ്പൂക്കളവർക്കില്ലൊരു മുഖം
മുഖങ്ങൾക്കുള്ളിൽ, മിഴിയിണകൾക്കുള്ളിൽ
തേഞ്ഞ മുറിപ്പാടിലും വീണു മരിച്ചു സ്നേഹം
ചിതയൊരുക്കാം കുടങ്ങളിൽ ജലമിറ്റിക്കാം
ദർഭ വിരിച്ചു കിടത്താം, ബലിയൊരുക്കാം പിന്നെവീണ്ടുമൊരിക്കൽകൂടി
കുടീരങ്ങളെയലിയിക്കും വരികൾ
ശിലകളെയണിയിച്ചതിൽ സ്നേഹമൊഴുക്കാം
സ്നേഹത്തിന്റെ വിലയുമതാണല്ലോ.....
തമസോ മാ ജ്യോതിർഗമയ

ഉറക്കാനാവുന്നില്ല വാക്കിനെ
സംവൽസരമുണരും ത്രുടിയ്ക്കുള്ളിലൊരു
മാത്രയെന്നോണമുറക്കാൻ പണിപ്പെട്ട
കാലമേ, കുലത്തിന്റെ കഥയോ
കാണാതായ സ്വപ്നമോ നീ യാചിച്ചു നടന്നു
നിഴൽപ്പാടിലുലച്ച ശസ്ത്രങ്ങളിൽ
മുറിയുന്നുവോ വിധി
വഴിമുറിയും പൂരുവംശഗതിയിൽനിന്നും
രഥമുകളിൽ വിഷാദങ്ങൾ
കൂടുകൂട്ടീടുന്നുവോ
അകലെയിന്ദ്രപ്രസ്ഥമന്ദിരങ്ങളിൽ
രാജകലകൾ വിൽക്കും സ്നേഹം
കർണ്ണനെ തേടുന്നുവോ
കവചമെവിടെയാ കുണ്ഡലം മറന്നുവോ
എവിടെയന്യം നിന്ന വാക്കിന്റെ
സൂക്ഷ്മാകാരം
പകലിൻ പടിമുഖത്തിരിക്കുമ്പോഴും
കാഴ്ച്ചക്കരികിൽ മഹാദ്വീപമിരുട്ടിൽതന്നെ
മിഴിയടച്ചു നക്ഷത്രങ്ങൾ മറച്ചുപാടാം വീണ്ടും
തമസ്സിൽ നിന്നും ജ്യോതിർനാളങ്ങളുയരട്ടെ
വിളക്കണച്ചുതിരിനാളങ്ങൾ താഴ്ത്തി
മന്ത്രം ജപിക്കാം വീണ്ടും വീണ്ടും
തമസോ മാ ജ്യോതിർഗമയ
സ്മൃതിവിസ്മൃതിലയം

ചിരിക്കാൻ മറന്നുപോയെങ്കിലും
മിഴിക്കോണിലുടക്കിനിൽക്കുന്നീല
മിഴിനീർ
മൊഴിക്കുള്ളിലുടക്കിവലിക്കുന്നതുത്ഭവം
മഷിതുള്ളിപടർത്തിക്കളഞ്ഞതു
ഹൃദ്രരക്തമതിൽകൂടി തുളുമ്പിമറഞ്ഞത്
മൂകശോകങ്ങൾ; തീരാക്കടത്തിൽകുടുക്കിട്ടു
പോയതുപുഴ പിന്നെയൊതുക്കാൻ
കുരിശേറി വന്നതുകാലം
മേഘ ദൂതുകൾക്കുള്ളിൽ
മറഞ്ഞിരുന്നതൊരു ദു:ഖം 
മേഘ മാർഗത്തിൽ നിന്നും
ദിശമാറ്റിയതൊരുകടൽ
വഴിയിൽ മുൾവാകകൾവളരും നേരം
വഴി തിരിഞ്ഞു നടന്നതു ധരിത്രി
മനസ്സിന്റെ കടലിലൊഴുകിയതെന്റ
ഹൃദ് ലയം
ശംഖിലൊഴുകി നടന്നതെൻ
സ്മൃതിവിസ്മൃതിലയം...
സ്മൃതിവിസ്മൃതികൾ

ഇവിടെ പുരാതനചരിത്രം
സൂക്ഷിക്കുവാനൊരുക്കാൻ
പഴയൊരു നാലുകെട്ടില്ല
പണിയൊടുക്കി മധ്യസ്ഥന്മാർ
നടന്ന പ്രാചീനമാം
പടകുടീരത്തിലായ് മരിച്ചുത്സവകാലം
കടുംകെട്ടുകൾ മാറ്റി ധ്വജസ്തൂപത്തിൽ
നിന്നുമഴിച്ചുമാറ്റി ബ്രഹ്മകുലാമാകൊടിക്കൂറ
വിരലിൽതുള്ളിക്കൂടിയൊതുങ്ങാൻ
മോഹിച്ചോരു വരികൾ ഭൂമധ്യത്തിൽ
കുരുങ്ങിപ്പോയി, കകുജ്ഞലങ്ങൾ
മഴ കാത്തു നിന്നൊരു വേനൽക്കാല-
കടവിലാമ്പൽപ്പൂക്കൾ കരിഞ്ഞു
കടവേറി മറഞ്ഞ കാലത്തിന്റെ
കൈവരിപ്പിശകായിയൊതുങ്ങി
കായൽ; പിന്നെയരികിൽ
തപം ചെയ്തമുകിൽക്കൂടുകൾക്കുള്ളിൽ
മറഞ്ഞു പഴയൊരു ചരിത്രം
തീർഥക്കുളമതിലേയ്ക്കൊഴുകുന്ന
ചാതുർവർണ്യത്തിൻ ശുദ്ധചരിത്രം
മിഴിക്കോണിൽ ദൈന്യമായുണരുന്ന
വെളിച്ചം മറയ്ക്കുന്ന കൃഷ്ണപക്ഷങ്ങൾ
മുന്നിൽ മരിച്ചുജീവിക്കുന്ന വാക്കുകൾ
പ്രദോഷങ്ങളെടുത്തുസൂക്ഷിക്കുന്ന
വില്വപത്രങ്ങൾ
സഹ്യഗിരിയിൽ തുടിയിടും
ദൈവത്തിൻ രാജ്യം..
പക്ഷെ പഴയ നാലുകെട്ടുതകർന്നു
വീണ്ടും കെട്ടിപ്പണിതസൗധങ്ങളിൽ
ചിന്തേരിൻ ഗന്ധം മാത്രം
കാഞ്ചനസീത

കാഞ്ചനപ്പട്ടും ചാർത്തിനിൽക്കുന്ന
സീതേ!
സ്വർണമേറ്റുന്ന ചൂടിൽ
വീണ്ടുമഗ്നിയെയുൾക്കൊണ്ടാലും
ചിരിക്കാനവില്ലതുമറിയാം
സുവർണത്തിൽ പൊതിഞ്ഞാലൊരു
ശിലയുരിയാടുമോ
ഭൂമിയ്ക്കറിയാമയോധ്യയെമറക്കുംനേരം
നീയും മറന്നുവെന്നോനിന്റെയാത്മരോദനങ്ങളെ
എഴുതുന്നവിടെയാ വാത്മീകി
ചോദിക്കുന്നു
പറയൂ അഗ്നേ! നീയും മറന്നോ സത്യങ്ങളെ
ചിരിക്കാനാവാത്തൊരു സ്വർണസൃഷ്ടിയെ
പ്രീതിപ്പെടുത്താൻ ത്രയംബകമിനിയുമുലയ്ക്കേണ്ട
എവിടെ ഗുഹാനൗക കടവുകടക്കുവാൻ
വനവാസങ്ങൾ നമുക്കെത്രയോ പ്രിയങ്കരം
വഴിയിൽ കാണാം വീണ്ടും
വിശ്വമിത്രന്മാരവർക്കരികിൽ കാണാം
യാഗശാലകൾ, നിലാപ്പൂക്കളിറുത്തു വീണ്ടും
ത്രേതായുഗത്തിൻ പടിക്കെട്ടിലിരുന്നു
കലഹിക്കാം ലക്ഷ്മണരേഖയ്ക്കുള്ളിൽ
സമുദ്രചിറകെട്ടിയടർക്കളത്തിൽ നിന്നും
തിരികെയേറ്റാം വീണ്ടും സീതയെയഗ്നിക്കൂട്ടിലുരച്ചു
പരീക്ഷിക്കാമിനിയും ഭൂമിയ്ക്കുള്ളിലിരിക്കും
വൈദേഹിക്ക് കരയാനാവില്ലല്ലോ..

Sunday, May 8, 2011

സ്മൃതിവിസ്മൃതികൾ

മൂലമന്ത്രം മറന്നാരൂഢശിലയിലെ
ജീവൻമയങ്ങിയാ ശ്രീകോവിലിൽ
മുഴക്കോലിലെ രാശിയും തെറ്റിക്കിടന്നൊരു
ദ്വാരകയിൽ തിരയേറിയ ദ്വാപരനോവിൽ
നിഷാദാസ്ത്രമുൾക്കൊണ്ടുനിന്നോരു
സായാഹ്നമോ, കുലം തേടിനടന്നൊരു
ഗോപാലകന്റെ ഗോവർദ്ധനമോ
പെരും കാട്ടിലെച്ചോലയിലെന്നേയൊഴുക്കിയ
കാനനക്കൂട്ടിന്റെ ലാവണ്യമോ
മിഴിക്കോണിലായെന്നുമുറങ്ങിയ
നക്ഷത്ര ഗാനമോ 
വാനിന്റെ നീർമഴതുള്ളിയോ
കാലമോ കാലമൂലങ്ങളോ
കാലത്തിനാരകക്കോലിൽമയങ്ങും
യുഗങ്ങളോ
മുദ്രകൾക്കപ്പുറം മുദ്രാങ്കിതം തേടി
മിശ്രചാപങ്ങൾ കുലച്ചശസ്ത്രങ്ങളോ
ദേവകോപങ്ങളെ ഹോമാഗ്നിയിൽ മായ്ച്ചു
ഭൂമിയെ സാമ്രാജ്യമാക്കുന്ന സൂര്യനോ
വേറിട്ടു നിന്നോരു ഭൂപാളരാഗത്തിനാദ്യ
ശ്രുതി തേടിവന്ന പുലരിയോ
ഏതിൽനിന്നീസ്മൃതിവിസ്മൃതികൾ
ശിലാരൂപവും മാറ്റി വരുന്നരികിൽ
ഏതിൽ ഞാനൊന്നായൊതുക്കുമെൻജീവന്റെ
സാധകംചെയ്യും സമുദ്രസ്വപ്നങ്ങളെ.....
സ്മൃതിവിസ്മൃതികൾ

എഴുതിമുറിപ്പെട്ടവാക്കുകൾക്കിടയിൽ
ഞാനൊളിച്ചുവച്ചു കടൽചിപ്പികൾ
പിന്നെയാരുമറിയാതൊരുപകലുറങ്ങുംനേരം കടൽകടന്നുനടന്നൊരുസന്ധ്യതൻ ചിമിഴിലായ്
തപസ്സിലാണ്ടു ചന്ദ്രായനങ്ങൾ
യന്ത്രചെപ്പിലുടഞ്ഞു ത്രിനേത്രങ്ങൾ
മുറിഞ്ഞു ഹൃദതാളങ്ങൾ
ഉറയും ശൈത്യത്തിന്റെ ഗുഹയിൽ
നിന്നും കാലം നടന്നു
കിളിക്കൂടിൻ മെടഞ്ഞവേരിന്നുള്ളിലുടക്കി
കിടന്നന്ത്യമൊഴിപോലൊരു തൂവൽ
മഷിയിൽ മുക്കിതേച്ച ചുമരിന്നരികിലെ
കരിഞ്ഞമുറിപ്പാടിലുറങ്ങി ദു:സ്വപ്നങ്ങൾ
പിന്നെയും തീരാത്തൊരു ജന്മസങ്കടങ്ങളെ
നിർണ്ണയരേഖയ്ക്കുള്ളിലൊതുക്കീ തുലാസുകൾ
ഉടഞ്ഞ പാൽക്കുടങ്ങൾക്കരികിൽനിന്നും
വെണ്ണകവർന്നുനടന്നുപോയ് മേഘമോഹങ്ങൾ
മുളംകാടുകൾ പാടി ശരത്ക്കാലരാഗങ്ങൾ
പടിവാതിലിനരികിലായിരുന്നു നാരായങ്ങൾ
മൊഴികൾക്കുള്ളിൽ നിന്നുമൊഴുകീപെരുംകടൽ
തിരകൾക്കുള്ളിൽ പൂത്തു ദിഗന്തമുറിവുകൾ
നിറയും വേദപാഠമിഴിവിൽപോലും മെഴുതിരികൾ
വയ്ക്കാത്തവരെഴുതീ സദ്ചിന്തകൾ
മുറിഞ്ഞുതുടങ്ങിയപകലിനരികിലായ്
തിരഞ്ഞു ഋഷൗഘങ്ങൾ സൂര്യനെ
മുഖം മറച്ചുറങ്ങാനൊരുങ്ങുന്ന
വിശ്വസാക്ഷിയെ
പിന്നെയൊരിക്കൽ കൂടി കണ്ടു പ്രളയം! പ്രപഞ്ചത്തെയൊതുക്കിയുറക്കിയ
തിരയേറ്റങ്ങൾ; യുഗമൊഴുക്കിക്കളഞ്ഞൊരു
കാലദൈന്യങ്ങൾ
ഭൂമിയൊഴുക്കിക്കളഞ്ഞൊരു ദ്വീപചിഹ്നങ്ങൾ
പിന്നെയേറിയും കുറഞ്ഞുമാപുസ്തകതാളിൽനിന്നും
കൂടെവന്നിരുന്നൊരു കുരുന്നുസ്വപ്നങ്ങളും
കാലമെത്രയോ കഴിഞ്ഞെങ്കിലും
കടൽശംഖിലാരുമേയറിയാതെയുറങ്ങിക്കിടക്കുന്നു...

Saturday, May 7, 2011

സ്മൃതിവിസ്മൃതികൾ

എഴുത്തോലകൾതേടിയലഞ്ഞു പുരാവൃത്തം
എഴുത്തക്ഷരങ്ങളിലുണർന്നു പുരാവരം
ഒരു ധാന്യാകാരത്തിലറിയാതൊതുങ്ങിയ
കതിരിൻകൺകോണിലെ
നീർപോലെയരികിലെ തുടിയിൽതുള്ളും
രുദ്രസങ്കടകൈലാസങ്ങളൊരുനാൾ
കയറിയ ഹൃദ്താളലയം പോലെ
മനനംചെയ്യും മനുസ്മൃതിയിൽ നിന്നും
ശൂന്യവദനം മറച്ചൊരു സത്യമുജ്ജന്മം പോലെ
ഒരു കൽപ്പെട്ടിയ്ക്കുള്ളിലുണക്കി സൂക്ഷിക്കാമീ സുഗന്ധമൊഴുക്കുന്ന ചെമ്പകമലരിനെ..
തുടക്കം തെറ്റി കൂട്ടക്ഷരങ്ങൾ മറന്നൊരു
മഴയ്ക്കെന്തിനായൊരു മാമലഛത്രം
പെയ്തുപെയ്തുതീരട്ടെ മുകിലിന്ദ്രഗർവത്തിൽ
ധനുർവിദ്യയിൽ ഗാണ്ഡീവങ്ങളസ്ത്രങ്ങൾ
തൊടുക്കട്ടെ
ഏകലവ്യന്മാർ വിരലേകട്ടെ ഗുരുഗുലമാകവെ
ശിരസ്സുകൾ താഴ്ത്തിനിൽക്കട്ടെ
രുദ്രസങ്കല്പമനിഷ്ടത്തിനഗ്നിയായൊഴുകട്ടെ.
ഗർവിത ദുർവാസങ്ങൾ പാരിജാതത്തിൻവേരിൽ
ദൈന്യങ്ങളൊന്നായ് കോരിയൊഴിച്ചുമറയട്ടെ
സമുദ്രമുലയട്ടെ തീർഥപാത്രങ്ങൾക്കുള്ളിൽ
നിറഞ്ഞു തുളുമ്പട്ടെയമൃതം
ശരത്ക്കാലനിറങ്ങൾ ചേർത്തു
ഭൂമിയെഴുതാനിരിക്കട്ടെ
മനസ്സിൽ കല്പാന്തങ്ങൾ
കാവലായിരിക്കട്ടെ...
ഹൃദ്സ്പന്ദനങ്ങൾ

ധരിത്രീ
നിനക്കെന്റെ മിഴിയിലുണരാം
പൊൻ വിളക്ക് തെളിയ്ക്കാം ഞാൻ
നിനക്കായ്; മറക്കേണ്ട
നിഴൽക്കാടരികിലെ മുകിലിൻ തുമ്പിൽ
വീണ്ടുമുണരാമായുഷ്ക്കാലദൈന്യങ്ങൾ
പുകൾപെറ്റ കോലകങ്ങളിൽ പൂക്കാം
ദീപസ്തംഭങ്ങൾ
പക്ഷെ നമുക്കീചെറുവല്ലിക്കുടിലിൽ പാർക്കാം
മഴയൊഴുകും കടലിന്റെ ശംഖുകൾക്കുള്ളിൽ നിന്നും
പ്രണവം നുകരാമീ മുനമ്പിൽ തപം ചെയ്യും
ഭയരാഹിത്യത്തിനെവിരലിൽ ചേർക്കാം
നേർത്തകുളിരിൽ ചന്ദനത്തെയണിയാം
വൈശാഖത്തെയെടുക്കാം കൈകുമ്പിളിൽ
നിറയ്ക്കാം വെൺപൂക്കളെ.
അരികിലതിരുകൾ ഭേദിച്ചുനീങ്ങും
തീവ്രഗതികൾ മറക്കാമെൻ മനസ്സിൻ
പ്രദക്ഷിണവഴിയിൽ പദം വച്ചുനടക്കാം
സൗരയൂഥവഴികൾ വേണ്ട
നിനക്കൊരുങ്ങാനൊഴുകാനെൻ
ക്ഷീരസാഗരം തരാം
അരയാലിലതുമ്പിലാടുന്ന ഹൃദ്പദ്മത്തിലുറങ്ങാം
പിന്നെ ശംഖാലുണർത്താം നിന്നെ ഞാനെൻ
വിരൽതുമ്പിലെ നേർത്തശ്രുതിയായ് മാറ്റാം
പിന്നെ ഗിരിപർവത്തിൽനിന്നുമൊഴുകും
മൗനത്തിന്റെയിരുളിൽ മായും നിലാപ്പക്ഷിയെ
കാട്ടിത്തരാം
ഉഷസ്സുപൂക്കുന്നേരമശോകതണലിലെൻ
ജപമാലയിൽ നിന്നെയെടുത്തുസൂക്ഷിക്കാം ഞാൻ
തിരിയാമവിടെയെൻ ഹൃദയം പോലെ
യുഗമൊടുങ്ങും നേരം നമുക്കൊളിയ്ക്കാം
ശംഖിന്നുള്ളിൽ....
സ്നേഹിച്ചുതീർന്നവർ

സ്നേഹിച്ചുതീർന്നവർ നമ്മൾ ശിലായുഗ
വേഗത്തിൽ നിന്നും നടന്നകന്നോർ
സ്നേഹിച്ചുതീർന്നവർ നമ്മൾ പുരാതന
രൂപങ്ങളിൽ മങ്ങി മാഞ്ഞകന്നോർ
കാലം കടഞ്ഞ പാലാഴിയിൽ നീന്തിയ
ഹാലാഹലം കൈയിലേറ്റി നുകർന്നവർ
വേദം പകുത്തു വേദാർഥത്തിനുള്ളിലെ
സാമങ്ങളെല്ലാം ചിതത്തീയിലാക്കിയോർ
തത്വങ്ങളെല്ലാമുടച്ചൊരു കൽശിലാ
തല്പത്തിലാക്കി പകർന്നു നടന്നവർ
അക്ഷതമിട്ട് മറന്ന മന്ത്രങ്ങളിൽ
അക്ഷരതെറ്റുകൾ കൂട്ടിപ്പെരുക്കിയോർ
കണ്ടാലുമൊന്നുമറിയാത്തവർ മിഴി
തുമ്പിലൊരിത്തിരി ദൈന്യമില്ലാത്തവർ
സ്നേഹത്തയൊന്നായ് തുലാഭാരത്രാസിന്റെ
സൂചികൾക്കുള്ളിലളക്കാൻ തുനിഞ്ഞവർ
സ്നേഹിച്ചു തീർന്നവർ സ്നേഹക്കുരുക്കിന്റെ
ഭാരം ചുമന്നു തളർന്നവർ
വെൺമേഘ മാർഗത്തിലെന്നും
പിതൃക്കടമേറ്റിയോർ
കോലം വരച്ചു തെയ്യങ്ങളെ പോറ്റിയാ
കോലായിലെന്നും പകച്ചിരുന്നോർ
ധ്വജമേറി പുരുഷാർഥ ചിഹ്നങ്ങളിൽ
പണതൂക്കങ്ങളേറ്റി പഴിചാരിയോർ
പിന്നിലെന്നും നടന്ന നിഴലുകളെ
ഭയന്നൊന്നുമെഴുതാതൊടുങ്ങിയോർ
മങ്ങിയോർ
സ്നേഹിച്ചു തീർന്നവർ നീർമഴതുള്ളിയിൽ
സ്നേഹവുമെന്നേയൊഴുക്കിക്കളഞ്ഞവർ...