Saturday, May 7, 2011

സ്മൃതിവിസ്മൃതികൾ

എഴുത്തോലകൾതേടിയലഞ്ഞു പുരാവൃത്തം
എഴുത്തക്ഷരങ്ങളിലുണർന്നു പുരാവരം
ഒരു ധാന്യാകാരത്തിലറിയാതൊതുങ്ങിയ
കതിരിൻകൺകോണിലെ
നീർപോലെയരികിലെ തുടിയിൽതുള്ളും
രുദ്രസങ്കടകൈലാസങ്ങളൊരുനാൾ
കയറിയ ഹൃദ്താളലയം പോലെ
മനനംചെയ്യും മനുസ്മൃതിയിൽ നിന്നും
ശൂന്യവദനം മറച്ചൊരു സത്യമുജ്ജന്മം പോലെ
ഒരു കൽപ്പെട്ടിയ്ക്കുള്ളിലുണക്കി സൂക്ഷിക്കാമീ സുഗന്ധമൊഴുക്കുന്ന ചെമ്പകമലരിനെ..
തുടക്കം തെറ്റി കൂട്ടക്ഷരങ്ങൾ മറന്നൊരു
മഴയ്ക്കെന്തിനായൊരു മാമലഛത്രം
പെയ്തുപെയ്തുതീരട്ടെ മുകിലിന്ദ്രഗർവത്തിൽ
ധനുർവിദ്യയിൽ ഗാണ്ഡീവങ്ങളസ്ത്രങ്ങൾ
തൊടുക്കട്ടെ
ഏകലവ്യന്മാർ വിരലേകട്ടെ ഗുരുഗുലമാകവെ
ശിരസ്സുകൾ താഴ്ത്തിനിൽക്കട്ടെ
രുദ്രസങ്കല്പമനിഷ്ടത്തിനഗ്നിയായൊഴുകട്ടെ.
ഗർവിത ദുർവാസങ്ങൾ പാരിജാതത്തിൻവേരിൽ
ദൈന്യങ്ങളൊന്നായ് കോരിയൊഴിച്ചുമറയട്ടെ
സമുദ്രമുലയട്ടെ തീർഥപാത്രങ്ങൾക്കുള്ളിൽ
നിറഞ്ഞു തുളുമ്പട്ടെയമൃതം
ശരത്ക്കാലനിറങ്ങൾ ചേർത്തു
ഭൂമിയെഴുതാനിരിക്കട്ടെ
മനസ്സിൽ കല്പാന്തങ്ങൾ
കാവലായിരിക്കട്ടെ...

No comments:

Post a Comment