Sunday, May 15, 2011

ഹൃദ്സ്പന്ദനങ്ങൾ

വിരലുകളിലുടക്കി നിൽക്കുന്നുവോ വാക്കുകൾ
വിധിരേഖകൾ ഗ്രഹചിമിഴിൽ മായുന്നുവോ
എഴുതിസൂക്ഷിക്കുവാനാവാതെയൊരുപകൽ
മറയുന്നുവോ
കടൽതുടിയിലെ താളലയമൊഴുകിമായുന്നുവോ
കടലിനശാന്തിയോ കാർമേഘമോഹങ്ങൾ
നിഴലിന്നതൃപ്തിയോ നീർമിഴിതുള്ളികൾ
ഇവിടെ ഞാനുണർവിന്റെയാദ്യലിപിയെഴുതുന്ന
വഴിയിൽവന്നൊളിപാർത്തുനിൽക്കും യുഗങ്ങളെ
ശാന്തമെന്നാലുമശാന്തമെന്നാലുമീ
സായന്തനത്തെ തടുക്കുവാനാവുമോ
മഴപെയ്യുമാമുകിൽക്കുടിലിലെ കാടുകൾ
മഴപെയ്തുതോർന്നാലകന്നുമാറീടുമോ
തിരിയൊളിച്ചൊരുസന്ധ്യമിഴിപൂട്ടിനിൽക്കവെ
വിരലുകളിലുടക്കി നിൽക്കുന്നുവോവാക്കുകൾ
വിധിപർവമേ ഗ്രഹച്ചിമിഴുകൾക്കുള്ളിലായ്  
എഴുതി സൂക്ഷിക്കുക ചിദംബരരഹസ്യങ്ങൾ
ഭൃഗുരാമനെഴുതും സമന്തതീർഥങ്ങളിൽ
മുകിലുകൾമുങ്ങുന്ന സായന്തനങ്ങളിൽ
മറയുന്ന സന്ധ്യയുടെ നക്ഷത്രസ്വപ്നമേ
മിഴിയിലെൻ വാക്കുകളെടുത്തുസൂക്ഷിക്കുക...

No comments:

Post a Comment