Sunday, May 22, 2011

ഹൃദയമുറങ്ങട്ടെ ചന്ദനമരങ്ങളിൽ

മുഖപടമെവിടെ
പുത്തൻ മുഖമൊന്നണിയാമീ
പുരവാതിൽക്കൽ
പുത്തൻ ചായവും പൂശാം
മനസ്സുറങ്ങിക്കിടക്കട്ടെ
വാല്മീകമൊന്നിൽ
ചിരിയുണർത്താം മിഴിതുമ്പിൽ
വാക്കുകൾ  തേനിൽ തീർക്കാം
തുടച്ചുനീക്കാം കരിപ്പൂവുകൾ
സമുദ്രങ്ങൾപുറകോട്ടൊഴുകട്ടെ
നിശ്ചലഗ്രഹങ്ങളിൽ
നമുക്ക് പാർക്കാൻ കാനനങ്ങൾ
മതി; സ്വർഗഗൃഹങ്ങൾ
നിർജീവമാം ജഢങ്ങൾ
മോഹിക്കുന്നു
ഒളിയ്ക്കാം വിരൽതുമ്പിൽ തുള്ളുന്ന
സ്വപ്നങ്ങളെ മറയ്ക്കാനൊരു
കുടമനിഷ്ടം മാത്രം മതി
എഴുത്തുമഷിയ്ക്കുള്ളിൽ നിറച്ചു
സൂക്ഷിക്കാമീ പുതിയ മുഖവുമാ
മുഖത്തിൻ പ്രണയവും
നിരത്തിലിഴയുന്ന നിഴൽക്കാലങ്ങൾ
പെറ്റുപെരുക്കും കുഞ്ഞുങ്ങളെ മരിയ്ക്കാൻ വിടാം
മണി സൗധങ്ങൾ പണിയാമീ ഭൂമിയിൽ
മുഖം നോക്കിനിൽക്കുമ്പോൾ
നമ്മൾ കാണും നമ്മുടെ രൂപങ്ങൾക്കായ്
അണിയാം വീണ്ടും മുഖപടങ്ങൾ
പണ്ടേ തന്നെയഭിനയിക്കാൻ
നമ്മളെത്രെയോ മുന്നിൽ
മനയോലയിൽ മുഖം തേച്ചു മിനുക്കാം
പക്ഷെയിന്നീ ഹൃദയമുറങ്ങട്ടെ
ചന്ദനമരങ്ങളിൽ....

No comments:

Post a Comment