ഹൃദ്സ്പന്ദനങ്ങൾ
കുളിരുമുഷസ്സിന്റെ നിറമാല്യത്തിൽ
നേർത്ത തണലിൽ വിരിയുന്ന
പൂക്കളെ കോർക്കാം; മന്ത്രച്ചരടിൽ
തിരിയ്ക്കാമീഭൂമിയെ
തളിർനുള്ളിയെടുക്കാമതിൽ
ഗ്രീഷ്മക്കനൽതുള്ളികൾ തൂവാം.
എഴുത്തുമഷിക്കൂടിനുള്ളിലായ് തൂക്കാം
മൊഴിയൊടുക്കാനൊരുങ്ങുന്ന
കുലത്തിൻ മഹത്വത്തെ
വഴിയിൽതൂവാം കാലിൻതുടുപ്പിൽ
തരിക്കുന്ന മണൽകൂനതൻ
നനവാർന്ന മന്ദിരങ്ങളെ
മുറിപ്പാടിലായ് കോരിയൊഴുക്കാം
രുധിരത്തെയകക്കാമ്പിലായ്
ചിതയൊരുക്കാം സ്നേഹത്തിനായ്
പുറകോട്ടോടും സ്മൃതിതാളത്തിൻ
ചിലമ്പിൻന്മേലൊതുക്കാം കാലത്തിന്റെ
വെള്ളിവാൾമുനകളെ
ഉരുക്കാം വാക്യർഥങ്ങളുലതീയിലായ്
പിന്നെയെടുക്കാം സുവർണപ്പൂവിരിയ്ക്കും
വിൺകോണിന്റെ രഹസ്യം സൂക്ഷിക്കുന്ന
സായഹ്നമതിൽ വീണ്ടും നിറയ്ക്കാം
ലോകത്തിന്റ്യനന്തമൂലത്തിനെ
ശിരസ്സിൽതൂവാമല്പം ചന്ദനക്കുളിർ
നാലുചുമരിനുള്ളിൽ തൂക്കാം
സ്മൃതിവിസ്മൃതികളെ
എഴുതുംവിരൽതുമ്പിലൊളിച്ചുവയ്ക്കാം
കടൽതുടിയിൽ തുടിയ്ക്കുന്ന
ഹൃദയസ്പന്ദങ്ങളെ
No comments:
Post a Comment