Saturday, May 21, 2011

സായന്തനം

പകൽ മയങ്ങിയ 
സായന്തനത്തിന്റെ പടികളിൽ
കടൽ കണ്ടങ്ങിരുന്നു ഞാൻ
നിടിലമൊന്നതിലഗ്നിപൂക്കും
രോഷമകുടരുദ്രാക്ഷമെണ്ണും
ത്രിസന്ധ്യയിൽ
പകലിനെപകുത്തീറൻ
തുണിയ്ക്കുള്ളിൽ
മറയവേയാദിദൈന്യം
തിമിർക്കുന്ന പുകമറക്കുള്ളിലെങ്ങോ
നിഴൽ പൂത്ത വഴികളിൽ
ഞാൻ തിരഞ്ഞു പ്രകാശത്തെ
അരികിലെന്നും ദിഗന്തങ്ങളോ
മൊഴിയഴകിനെ തേടിയോടും
പ്രഭാപൂർണ വലയമായ്
വാനിലെങ്ങും വിലങ്ങുമായ്
തെളിയവേ കുഞ്ഞുനക്ഷത്രമോഹങ്ങൾ
തിരിയിലെണ്ണെ ചേർത്തെൻ
വിളക്കിൻ നേർത്ത
മിഴികളിൽ മിന്നിയന്നു
ഞാൻ പകലിന്റെപടികളിൽ
കടൽ കണ്ടങ്ങിരുന്നു
വിരലിലെ തരിമഞ്ഞൾപൊടിപോലെ
കണിയൊരുക്കിയ ചൈത്രദീപങ്ങളിൽ
പകലിനെ പകുത്താഹൂതിചെയ്തോരു
മുകിലിനെ കണ്ടു പിന്നെയും
നേരിയകസവുചാർത്തിയൊരായിരം
സ്വപ്നങ്ങൾ മിഴിയിലായ് വന്നു
കൂട്ടായിരിക്കവെ
പകൽ മയങ്ങുന്ന സായന്തനത്തിന്റെ
പടികളിൽ കടൽ കണ്ടങ്ങിരുന്നു ഞാൻ..

No comments:

Post a Comment