Monday, May 30, 2011

ഹൃദ്സ്പന്ദനങ്ങൾ

ഇനിയുമെഴുതാമീമൺകൂനയ്ക്കരികിലായ്
ഇനിയും ജീർണ്ണിക്കാത്ത ഭാഗപത്രങ്ങൾ
തരം തിരിച്ചു ക്ഷമാശീലശിലകൾ തകർക്കുമാ
കനത്തമൗനത്തിനെയരിക്കാമരിപ്പയിൽ
കലക്കികുടിയ്ക്കാമീ സമുദ്രം വീണ്ടും
തിരതകർക്കും തീരങ്ങളിൽ മണൽച്ചോറുണ്ണാം
ബലിയൊരുക്കാം ത്രികാലങ്ങൾ
കാത്തുനിൽക്കുന്നു നേദ്യമൊരുക്കാം
കയ്പേറിയ കാഞ്ഞിരഫലങ്ങളാൽ
നിറയ്ക്കാം ഭണ്ഡാഗാരശൂന്യതയ്ക്കുള്ളിൽ
പഴേ വ്യസനങ്ങളെ വെള്ളിനാണയങ്ങളിൽ
തുടർക്കഥയിൽ തൂവാമൊരു തുളസീഗന്ധം
വിളക്കെടുക്കും നേരം പാടാം പദങ്ങൾ
പണ്ടേ നിഴൽ കുടങ്ങൾക്കുള്ളിൽ
മാഞ്ഞുമാഞ്ഞുപോയല്ലോ ദൈന്യം
തിരക്കിൽതിരയുന്നതാരെയീ കാലം
ഞാനോ തിരക്കിൽ തിരയുന്നു
ചന്ദനമരങ്ങളെ...

No comments:

Post a Comment