Saturday, May 21, 2011

ഹൃദ്സ്പന്ദനങ്ങൾ

ഇരുളിന്റെ തീരമേ
നീയെഴുതും സ്നേഹമൊഴികളിൽ
പോലുമമാവാസിപൂക്കുന്നു
മിഴിയിലൊരായിരം ദീപങ്ങളേറുന്ന
നിലവിളക്കിൽ കരിതേടുന്ന
ചിന്തതന്നഴലുകൾക്കുള്ളിൽ
കുയിൽപ്പാട്ടുകൾതേടിയിവിടെയീ
ഭൂഗർഭനിധിതുറക്കും നേരം
അരികിലെത്തി കടൽകഥയേറ്റി
കല്പനാഗതികളെവീണ്ടുമസ്ത്രങ്ങളായ്
മാറ്റുന്ന യുഗവൈഭവത്തിന്റെ
രഥവേഗഗതികളിൽ
ചലനം നിലയ്ക്കുന്ന ഹൃദയമേ
മറുമൊഴി പറയാതെയൊരുമന്ത്രമാവുക
വീണ്ടുമാ ജപമാലയിൽ തപം ചെയ്യുക
കാലമോ പറയുന്നതൊക്കെയും
വൈരുദ്ധ്യഗദ്യങ്ങൾ
മറയട്ടെയാ കരിപ്പാടുകൾ
കരിമുകിൽതുടികളിൽ തുള്ളും
നിഴൽപ്പാടുകൾ സ്വർഗമവർതീർത്ത
നിശ്ചലസമുദ്രങ്ങൾ..
ഇവിടെസൂക്ഷിക്കാമുഷ:സന്ധയെ
പൂർവമുടികളിൽ മിഴിചേർത്തു
നിൽക്കും മുനമ്പിനെ
എഴുതിസൂക്ഷിക്കാം സ്ഫുടം ചെയ്ത
വാക്കുകൾ
മിഴിയിൽ സൂക്ഷിക്കാം പ്രകാശത്തിനെ

No comments:

Post a Comment