Saturday, May 14, 2011

മിഴിയിലെ സമുദ്രമേ !

മിഴിയിലെ സമുദ്രമേ !
ദ്വീപുകൾക്കരികിലെ
തിരയേറ്റമൊരു നേർത്ത ശ്വാസവേഗം
നിന്റെയുണർവിന്റെയുൾക്കടലെവിടെയെന്നറിയുവാൻ
ഒരുപാടുനാൾ ഞാൻ തപസ്സുചെയ്തു
ഒരുവരിയ്ക്കുള്ളിലൊതുക്കുവാനാവാതെയൊഴുകി
നീയെന്നിലെ ഭൂപാളമിഴിവിലായ്
ഒരുസൗഹൃദത്തിന്നുറഞ്ഞ ശൈത്യത്തിനെ
മലമനിരകളൊരുമഞ്ഞുപാളിയാക്കും ശിശിര
മുടിയിലൊരു പക്ഷിയുടെ കൂട്ടിൽ മറന്നൊരാ
മരതകക്കല്ലുകൾ തേടി ഋതുക്കൾതൻ
ചിറകേറി വന്നു ഞാൻ നിന്റെ തീരങ്ങളിൽ
മൊഴിയിൽ നിന്നെൻ മിഴിയതിലേയ്ക്ക്
നീയൊഴുകിയരികിൽ ത്രിസന്ധ്യയുടെ
ശ്രുതിപോലെ; പിന്നെയെൻ
വിരലുകൾക്കുള്ളിൽ കുടുങ്ങിക്കിടന്നു നീ
അരികിൽ ഞാൻ ഭൂമിയെ
ചേർത്തുവച്ചതിനുള്ളിലൊഴുകി നീയെന്നിലെ
ഹൃദ്സ്പന്ദനം പോലെയൊരു മാത്രയും
മൗനമറിയാതെ നക്ഷത്രമിഴികളിൽ പൂക്കും
വിളക്കുമായ് വിൺമേഘവഴികളെകണ്ടുമാ
ചക്രവാളത്തിന്റെയതിരുകൾ
ചുറ്റിത്തിരിഞ്ഞൊടുവിലൊരു
ശംഖിലൊഴുകി നീ
എന്നെയുമൊഴുക്കിയതിനുള്ളിലായ്
മറയും നിലാവിന്റെഗ്രഹണവേഗങ്ങളിൽ
നനവായി മാഞ്ഞൊരാ മാർഗശീർഷത്തിന്റെ
നെടുവീർപ്പിൽ മങ്ങും വിളക്കുകൾക്കരികിലായ്
കറുകൾ ഹോമിച്ച നിമിഷങ്ങളിൽതട്ടിയുടയാതെ
വീണ്ടുമെൻ മനസ്സിലേയ്ക്കൊഴുകിയ
മിഴിയിലെ സമുദ്രമേ
പൂർവദിക്കിൻമൊഴിയഴകിലായ്
വീണ്ടുമൊഴുകിയാലും...

No comments:

Post a Comment