Monday, May 9, 2011

കാഞ്ചനസീത

കാഞ്ചനപ്പട്ടും ചാർത്തിനിൽക്കുന്ന
സീതേ!
സ്വർണമേറ്റുന്ന ചൂടിൽ
വീണ്ടുമഗ്നിയെയുൾക്കൊണ്ടാലും
ചിരിക്കാനവില്ലതുമറിയാം
സുവർണത്തിൽ പൊതിഞ്ഞാലൊരു
ശിലയുരിയാടുമോ
ഭൂമിയ്ക്കറിയാമയോധ്യയെമറക്കുംനേരം
നീയും മറന്നുവെന്നോനിന്റെയാത്മരോദനങ്ങളെ
എഴുതുന്നവിടെയാ വാത്മീകി
ചോദിക്കുന്നു
പറയൂ അഗ്നേ! നീയും മറന്നോ സത്യങ്ങളെ
ചിരിക്കാനാവാത്തൊരു സ്വർണസൃഷ്ടിയെ
പ്രീതിപ്പെടുത്താൻ ത്രയംബകമിനിയുമുലയ്ക്കേണ്ട
എവിടെ ഗുഹാനൗക കടവുകടക്കുവാൻ
വനവാസങ്ങൾ നമുക്കെത്രയോ പ്രിയങ്കരം
വഴിയിൽ കാണാം വീണ്ടും
വിശ്വമിത്രന്മാരവർക്കരികിൽ കാണാം
യാഗശാലകൾ, നിലാപ്പൂക്കളിറുത്തു വീണ്ടും
ത്രേതായുഗത്തിൻ പടിക്കെട്ടിലിരുന്നു
കലഹിക്കാം ലക്ഷ്മണരേഖയ്ക്കുള്ളിൽ
സമുദ്രചിറകെട്ടിയടർക്കളത്തിൽ നിന്നും
തിരികെയേറ്റാം വീണ്ടും സീതയെയഗ്നിക്കൂട്ടിലുരച്ചു
പരീക്ഷിക്കാമിനിയും ഭൂമിയ്ക്കുള്ളിലിരിക്കും
വൈദേഹിക്ക് കരയാനാവില്ലല്ലോ..

No comments:

Post a Comment