എനിയ്ക്ക് പ്രിയം ഭൂമീ
നിന്റെയീ ഋതുക്കളെ
മഹാഗോപുരങ്ങളെ നഗരം സൂക്ഷിക്കട്ടെ
അടഞ്ഞുകിടക്കട്ടെയതിൻ
വെള്ളോടിൻവാതിൽപ്പടിയിൽ
വയ്ക്കാനൊരു വിളക്കുമെനിക്കില്ല
മിഴിയിൽ നക്ഷത്രങ്ങൾ വിരിയുനേരം
ഞാനീകടൽത്തീരത്തിൽ തീർക്കാം
പർണശാലകൾ ഗർഭഗൃഹത്തിൽ
വയ്ക്കാമാദിമൂലപാദത്തെ
പിന്നെ ജപിയ്ക്കാം
ത്രികാലങ്ങൾ പൂജചെയ്യുമ്പോൾ
സന്ധ്യാവിളക്കിൽ നിറയ്ക്കാമെൻ
മനസ്സിൻ പ്രകാശത്തെ..
യാഗശാലകൾ
തേടുമസ്പഷ്ടമൗനത്തിന്റെ
വേരുകൾ ഋഗ്വേദത്തിലുറങ്ങിക്കിടക്കട്ടെ
നിറയ്ക്കാം സ്വരങ്ങളെ സാമവേദത്തിൽ
വീണ്ടുമൊരുക്കാം വിരലിലാഭൂപാളസ്വപ്നങ്ങളെ
മുനമ്പിൽ കാർമേഘങ്ങൾ പെയ്തുതീരട്ടെ
മഴയൊരുനീർക്കുടമായീകടലിലൊഴുകട്ടെ
എനിയ്ക്കുപ്രിയം ഭൂമീ!
നിന്റെയീ കടൽതീരം
എനിയ്ക്ക് പ്രിയമെന്റ
ശംഖിനുള്ളിലെ കടൽ....
No comments:
Post a Comment