Saturday, May 7, 2011

ഹൃദ്സ്പന്ദനങ്ങൾ

ധരിത്രീ
നിനക്കെന്റെ മിഴിയിലുണരാം
പൊൻ വിളക്ക് തെളിയ്ക്കാം ഞാൻ
നിനക്കായ്; മറക്കേണ്ട
നിഴൽക്കാടരികിലെ മുകിലിൻ തുമ്പിൽ
വീണ്ടുമുണരാമായുഷ്ക്കാലദൈന്യങ്ങൾ
പുകൾപെറ്റ കോലകങ്ങളിൽ പൂക്കാം
ദീപസ്തംഭങ്ങൾ
പക്ഷെ നമുക്കീചെറുവല്ലിക്കുടിലിൽ പാർക്കാം
മഴയൊഴുകും കടലിന്റെ ശംഖുകൾക്കുള്ളിൽ നിന്നും
പ്രണവം നുകരാമീ മുനമ്പിൽ തപം ചെയ്യും
ഭയരാഹിത്യത്തിനെവിരലിൽ ചേർക്കാം
നേർത്തകുളിരിൽ ചന്ദനത്തെയണിയാം
വൈശാഖത്തെയെടുക്കാം കൈകുമ്പിളിൽ
നിറയ്ക്കാം വെൺപൂക്കളെ.
അരികിലതിരുകൾ ഭേദിച്ചുനീങ്ങും
തീവ്രഗതികൾ മറക്കാമെൻ മനസ്സിൻ
പ്രദക്ഷിണവഴിയിൽ പദം വച്ചുനടക്കാം
സൗരയൂഥവഴികൾ വേണ്ട
നിനക്കൊരുങ്ങാനൊഴുകാനെൻ
ക്ഷീരസാഗരം തരാം
അരയാലിലതുമ്പിലാടുന്ന ഹൃദ്പദ്മത്തിലുറങ്ങാം
പിന്നെ ശംഖാലുണർത്താം നിന്നെ ഞാനെൻ
വിരൽതുമ്പിലെ നേർത്തശ്രുതിയായ് മാറ്റാം
പിന്നെ ഗിരിപർവത്തിൽനിന്നുമൊഴുകും
മൗനത്തിന്റെയിരുളിൽ മായും നിലാപ്പക്ഷിയെ
കാട്ടിത്തരാം
ഉഷസ്സുപൂക്കുന്നേരമശോകതണലിലെൻ
ജപമാലയിൽ നിന്നെയെടുത്തുസൂക്ഷിക്കാം ഞാൻ
തിരിയാമവിടെയെൻ ഹൃദയം പോലെ
യുഗമൊടുങ്ങും നേരം നമുക്കൊളിയ്ക്കാം
ശംഖിന്നുള്ളിൽ....

No comments:

Post a Comment