Monday, May 9, 2011

സ്മൃതിവിസ്മൃതികൾ

ഇതോ സ്നേഹം! ദ്വാരപാലകർ ചോദിക്കുന്നു
ഇതോ പടിവാതിലുടയ്ക്കും മൗനം
അറിയാനാവുന്നില്ലയെങ്കിലും
വിരൽതുമ്പിലൊഴുകുന്നതു ഭൂമിയൊഴുക്കും
സ്നേഹം;
മിഴിയരികിൽ നിറയുന്നതൊരു നീർക്കടൽ
പിന്നെയൊഴുകിപ്പരക്കുന്നതൊരുപാൽക്കടൽ
കണ്ണിമയിൽ പൂക്കുന്നതു വൈശാഖവെൺപൂവുകൾ
ചത്വരങ്ങൾ നിറയ്ക്കുന്നതൊരുമൺകുടം ദൈന്യം
മഴക്കാറേറ്റും വെയിൽച്ചില്ലയിൽ പുകഞ്ഞുമീ
ധരിത്രി മറക്കുന്നു പുനർജന്മങ്ങൾ
പോയവഴിയിൽ വിടർന്നോരു മുക്കൂറ്റിക്കൊടിപ്പൂക്കൾ
തിരകൾക്കെല്ലാമൊരു നിറമാനിറത്തിന്റെയരികിൽ
പൂക്കുന്നതു നീർക്കുമിളകൾ മാത്രം
ഒരു നിശ്വാസത്തിന്റെയരികിൽ സ്നേഹം
തേടിയൊഴുകും ജലപ്പൂക്കളവർക്കില്ലൊരു മുഖം
മുഖങ്ങൾക്കുള്ളിൽ, മിഴിയിണകൾക്കുള്ളിൽ
തേഞ്ഞ മുറിപ്പാടിലും വീണു മരിച്ചു സ്നേഹം
ചിതയൊരുക്കാം കുടങ്ങളിൽ ജലമിറ്റിക്കാം
ദർഭ വിരിച്ചു കിടത്താം, ബലിയൊരുക്കാം പിന്നെവീണ്ടുമൊരിക്കൽകൂടി
കുടീരങ്ങളെയലിയിക്കും വരികൾ
ശിലകളെയണിയിച്ചതിൽ സ്നേഹമൊഴുക്കാം
സ്നേഹത്തിന്റെ വിലയുമതാണല്ലോ.....

No comments:

Post a Comment