Friday, May 20, 2011

സ്വപ്നക്കൂടുകൾ

ഇന്നലെയാരോ
മഷിക്കൂട്ടിന്റെയിരുൾപ്പാത്രമെന്നെയും കാട്ടീ
പിന്നെപ്പറഞ്ഞു സൂക്ഷിക്കുക
മെല്ലെയീമനസ്സിന്റെയുള്ളിലുമുഷസ്സിന്റെ
നന്മയിൽപ്പോലും പടർന്നുലഞ്ഞേയ്ക്കാമീപുക
ഒരിറ്റുനീഹാരത്തിൻ തുമ്പിലായ് മറയുന്ന
ഋതുക്കൾ പോലെ നമ്മളെത്രയോ മാറി
ശിരോലിഖിതങ്ങളിൽ വിരൽചേർത്തുവയ്ക്കുമ്പോളൊരു
വരിയിൽപോലും പൂക്കൾ വിരിയുന്നീല
ഹോമപ്പുരകൾപ്പണിതെത്ര നടന്നു നമ്മൾ
ശൂന്യപഥത്തിൽ ഗ്രഹങ്ങളോ മറന്നു
തിലോദകം.
അരങ്ങിൽ യവനികയ്ക്കുള്ളിലായ്
തീരാദൈന്യമെഴുത്തുനിർത്തി പടിയിറങ്ങിപ്പോയി
പണ്ടേയടച്ചു തഴുതിട്ട ശരത്ക്കാലത്തിൻ
വാതിൽപുരയിൽ മിഴാവുമായിരുന്നു കാലം
പിന്നെയുറങ്ങി ഭൂമി; സ്വപ്നച്ചില്ലകൾക്കുള്ളിൽ
പക്ഷെ മറന്നു സ്വപ്നങ്ങളെ ഗാഢനിദ്രയിൽ
പൂത്തുവിടർന്നതവിടെയീവിരൽതുമ്പിലെശ്രുതി
അത്രമേൽ മാറി സ്വപ്നക്കൂടുകൾ
വാക്കിൻ തുമ്പിലിപ്പോഴുള്ളതോ
കടൽ ശംഖിന്റയാവർത്തനം...

No comments:

Post a Comment