Friday, May 6, 2011

സ്മൃതിവിസ്മൃതികൾ

ഒരിയ്ക്കലൊരിക്കലെന്നെഴുതി-
സ്ഫുടംചെയ്ത മനസ്സിൽ
വൈശാഖത്തിൻ തളിർചില്ലയിൽ
പിന്നെയരികിൽ തഥാഗതതത്വങ്ങളെഴുതിയ
പഴയനൂറ്റാണ്ടിന്റെ സങ്കീർണ്ണനേത്രങ്ങളിൽ
പടരും വടവൃക്ഷശാഖകൾക്കുള്ളിൽ
തേടിയലയാം വിധിപത്രരേഖകൾ,
മറക്കേണ്ട ഗിരിപർവങ്ങൾ,  മൂടുപടത്തിലിടറിയ
നിർണയതുലാസുകൾ, മുഖം
മറച്ചു മറഞ്ഞൊരു ധ്വജസ്തംഭങ്ങൾ
സന്ധ്യ മിഴിയിലുറക്കിയ സങ്കടചിമിഴുകൾ,
തുളസിപൂക്കൾ, തുലാമഴയിലൊതുങ്ങാതെ
തുളുമ്പിതേങ്ങും തുടർക്കഥതൻ വ്യസനങ്ങൾ
ഉടഞ്ഞതകർന്നൊരു മൺകുടമതിൽ
നിന്നുമൊഴുകിപ്പരന്നൊരു ഗംഗയെ
ചിറകെട്ടിയൊതുക്കാൻ മോഹിച്ചൊരു
രാജചിഹ്നങ്ങൾ
പടയൊരുക്കി പടിഞ്ഞാറിൻ പ്രാഭവമതിൽ
കൂടികുരുക്കിട്ടൊതുക്കിയ ഭൂപ്രദേശങ്ങൾ
നിലാപ്പാലകൾ പൂക്കും പുഴയോരങ്ങൾ
ഹൃദയത്തിൽ സാധകം ചെയ്യും
പുണ്യപൂർവികനിയോഗങ്ങൾ...
ഇവിടെയിനിയെന്ത് മറക്കാൻ
വിരൽതുമ്പിലുണരും തുമ്പപ്പൂക്കൾ
മൃദുവായ് ചോദിക്കുന്നു
ശംഖിൽ നിന്നുണരുന്നു കടലാക്കടലിന്റെ
സ്പന്ദനലയങ്ങളെ മറക്കാനാവില്ലല്ലോ..

No comments:

Post a Comment