Friday, May 20, 2011

പ്രദക്ഷിണവഴിയിൽ

ഇന്നലെ മറഞ്ഞൊരു ദിനത്തെ
സൂക്ഷിക്കുവാനിന്നത്തെ
സായാഹ്നത്തിനാവുമോ
മുകിൽചീന്തിലെന്നുമേയുണരില്ല
മഴക്കാലങ്ങൾ
ദശപുഷ്പങ്ങൾപോലും ശൈത്യമുറയും കൂട്ടിൽ
ഋതുചിത്രങ്ങൾക്കൊപ്പം മിഴിയടച്ചു മയങ്ങിപ്പോം
മുറിപ്പാടുകൾ കരിഞ്ഞുണങ്ങും നേരം
മനസ്സൊതുങ്ങും; വീണ്ടും
സംവൽസരങ്ങൾക്കുള്ളിൽകൂടി
പ്രളയം കടന്നുപോം
ദ്വീപങ്ങൾ പണിക്കോപ്പിലുരുക്കി
പുതുക്കുമാ മോഹഭംഗങ്ങൾ
വാസ്തുദിക്കുകൾ തെറ്റും
യുഗമുടയ്ക്കും ഹർമ്മ്യങ്ങളും
ഇടയ്ക്ക് സ്ഥാനം തെറ്റിയുലയും
നവഗ്രഹമിടിപ്പും ലോകാലോക
പർവതശിഖരവും
ഇവിടെ പ്രദക്ഷിണവഴിയിൽ
പദം തെറ്റിയുലയുന്നുവോ
കാലത്തുടിപ്പും സായാഹ്നവും
മിഴികൾ പൂട്ടി സ്വസ്ഥമിരിക്കാം
വെളിച്ചത്തിൻ ചിമിഴിൽ
പോലും നിഴലുറങ്ങിക്കിടക്കുന്നു...

No comments:

Post a Comment