Thursday, May 5, 2011

സ്മൃതിവിസ്മൃതികൾ

ഇവിടെസ്വർഗമെന്നെഴുതിനീങ്ങും
മേഘമിഴിയിൽ കാണുന്നു ഞാൻ ശൂന്യദു:ഖത്തെ,
പെയ്തുതീരാതെ പുകഞ്ഞൊരു മഴയെ,
പാതിദൂരമൊഴുകിമറഞ്ഞൊരു പുഴയെ,
പുണ്യാഹത്തിൽ
പൂണുനൂൽച്ചരടിലായൊതുക്കിയുറക്കിയ
വേദഗർവിനെ,
നേർത്തപുലരിവിളക്കിനെക്കെടുത്തുമാദിത്യനെ,
ഉലയിൽ സ്വർണതരികടയും കാലത്തിനെയുയിരിൽ
തുടികൊട്ടും സോപാനവാദ്യങ്ങളെ,
വ്യോമസ്വപ്നത്തെമിഴിക്കുള്ളലേയ്ക്കെടുക്കുന്ന
ദ്യോതകങ്ങളെ, പിന്നെ വിളക്കിൽപൂക്കും
മഹാജ്യോതിയെ പ്രകാശത്തിനുത്ഭവസ്ഥാനങ്ങളെ,
സന്ധ്യതൻ സങ്കീർത്തനമന്ത്രത്തെ,
രുദ്രാക്ഷങ്ങളെണ്ണുന്ന ജപമൂലമധ്യസ്തസ്ഥാനങ്ങളെ,
രുദ്രപാദങ്ങൾതേടിയോടുന്ന സത്യത്തിനെ,
ഭദ്രസ്വപ്നങ്ങൾ തേടിയൊഴുകും യമുനയെ.
സ്മൃതിയിൽ ഹിരണ്മയവർണങ്ങളെഴുതിയ
ശരത്ക്കാലത്തിൻ നിലവിളക്കിൻനാളങ്ങളെ
ഇവിടെ സ്വർഗം തന്നെയതിന്നുമീതെ
മേഘരഥങ്ങൾ പറക്കുന്നു മായുന്നു ഭൂവർണങ്ങൾ
പകലിൻ ചിന്തേരിട്ടഗോപുരസ്തൂപങ്ങളിൽ
പകച്ചുനിൽക്കുന്നുവോ

പ്രാചീന പുരാണങ്ങൾ????

No comments:

Post a Comment