Thursday, May 5, 2011

സ്മൃതിവിസ്മൃതികൾ
 ഓർമ്മകൾ മായും നിലാവുപോൽ
പിന്നെയാവേനൽമഴയ്ക്കുള്ളിലെന്നേയുറങ്ങിയ
കായലും മായുമൊരോർമ്മയായ്
നിശ്ശബ്ദഗീതങ്ങളിൽ വീണുകാലവും മാറും
കറുത്തമഷിപ്പാടിന്നീണവും മാറും
സ്വരങ്ങളെ മായ്ച്ചൊരു വേനലും മായും
മഴതുള്ളികൾക്കുള്ളിലീറനായ് നോവുമാ
ദു:ഖവും മാഞ്ഞുപോം
പാടാതെയെന്നോമറന്നപാട്ടിൻ
നേർത്ത വേദനപോലുമൊരോർമ്മയാവും
പിന്നെയേറും മുറിപ്പാടുകൾക്കുള്ളിലൂറുന്ന
നോവിന്റെ ഗദ്ഗദം മാഞ്ഞുപോവും
മായുമെല്ലാം മിഴിയേറിയൊഴുകിയ
സാഗരവും പിന്നെയാവൻതിരകളും
മേഘമോഹങ്ങളും, നക്ഷത്രസ്വപ്നവും
പാതിവഴിയിലുടഞ്ഞുതീരും
ആരോചിമിഴിലൊളിപ്പിച്ച ശംഖിലെ
ഗാനവും മാഞ്ഞുപോമെങ്കിലുമീകടലോരത്തു
ഞാനുമിരിക്കുന്നു മായുന്നൊരോർമ്മകൾ
മേഘമാർഗത്തിലായ് മങ്ങുന്നു
സൂര്യവംശം മങ്ങിമാഞ്ഞു സരയൂവിൽ
ദ്വാരകയെന്നേ പ്രളയത്തിലാണ്ടുപോയ്.....

No comments:

Post a Comment