Sunday, May 8, 2011

സ്മൃതിവിസ്മൃതികൾ

മൂലമന്ത്രം മറന്നാരൂഢശിലയിലെ
ജീവൻമയങ്ങിയാ ശ്രീകോവിലിൽ
മുഴക്കോലിലെ രാശിയും തെറ്റിക്കിടന്നൊരു
ദ്വാരകയിൽ തിരയേറിയ ദ്വാപരനോവിൽ
നിഷാദാസ്ത്രമുൾക്കൊണ്ടുനിന്നോരു
സായാഹ്നമോ, കുലം തേടിനടന്നൊരു
ഗോപാലകന്റെ ഗോവർദ്ധനമോ
പെരും കാട്ടിലെച്ചോലയിലെന്നേയൊഴുക്കിയ
കാനനക്കൂട്ടിന്റെ ലാവണ്യമോ
മിഴിക്കോണിലായെന്നുമുറങ്ങിയ
നക്ഷത്ര ഗാനമോ 
വാനിന്റെ നീർമഴതുള്ളിയോ
കാലമോ കാലമൂലങ്ങളോ
കാലത്തിനാരകക്കോലിൽമയങ്ങും
യുഗങ്ങളോ
മുദ്രകൾക്കപ്പുറം മുദ്രാങ്കിതം തേടി
മിശ്രചാപങ്ങൾ കുലച്ചശസ്ത്രങ്ങളോ
ദേവകോപങ്ങളെ ഹോമാഗ്നിയിൽ മായ്ച്ചു
ഭൂമിയെ സാമ്രാജ്യമാക്കുന്ന സൂര്യനോ
വേറിട്ടു നിന്നോരു ഭൂപാളരാഗത്തിനാദ്യ
ശ്രുതി തേടിവന്ന പുലരിയോ
ഏതിൽനിന്നീസ്മൃതിവിസ്മൃതികൾ
ശിലാരൂപവും മാറ്റി വരുന്നരികിൽ
ഏതിൽ ഞാനൊന്നായൊതുക്കുമെൻജീവന്റെ
സാധകംചെയ്യും സമുദ്രസ്വപ്നങ്ങളെ.....

No comments:

Post a Comment