Friday, May 6, 2011

 ഹൃദ്സ്പന്ദനങ്ങൾ


ഋതുക്കൾ
ഋണം നേദിച്ചൊഴിഞ്ഞ
പൊൻതാലത്തിലൊരുക്കാമിനിയൊരു
വൈശാഖമാല്യം, നീണ്ട വഴിയിൽ
തിടമ്പേറ്റിനിന്നവർ പോയി
വെൺചാമരങ്ങൾക്കരികിലെ
പ്രഭയും മാഞ്ഞു, തിരിയെടുത്തു
വിളക്കുകൾ കെടുത്തി രാത്രി
പിന്നെയുറങ്ങി
പഴയൊരുപകതന്നിരുളുമായ്
വീണമീട്ടുവാൻ വിരൽ മോഹിച്ചു
പക്ഷെ സ്വരസ്ഥാനങ്ങളെവിടെയോ
കാൽതെറ്റിവീണു, പൊരുൾ തേടിയ
മനസ്സിന്റെ മൺചിരാതുകൾക്കുള്ളിൽ
കാലമിറ്റിച്ചു മഷിതുള്ളികൾ
മറയിട്ട മേഘമാർഗത്തിൽ കണ്ടു
വ്യോമസ്വപ്നങ്ങൾ
ശൈത്യക്കൂടുകൾ താണ്ടി
കൃഷ്ണപക്ഷങ്ങൾ കടന്നെത്ര കാതങ്ങൾ
നടന്നൊരാസമുദ്രസന്ധ്യയ്ക്കുള്ളിൽ
ഉടഞ്ഞ സ്വപ്നങ്ങൾ തൻ മൺതരികളെ
ചേർത്തുപണിയാമിനിയൊരു
കളിവീടതിൽ പുല്ലാൽ മെടഞ്ഞൊരുക്കാമൊരു
നിലാപ്പക്ഷിയെ
പിന്നെയനന്യമൊരുദക്ഷിണാന്ത്യത്തിനൊടുവിലെ
ഉലഞ്ഞ ചിതകളിൽ ഹോമദ്രവ്യങ്ങൾ തൂവി
പണിയാം പ്രശാന്തിതൻ
ശാന്തിഘട്ടങ്ങൾ
മറക്കുടയാൽ മറയ്ക്കാമീ
ചന്ദനമരങ്ങളെ....

No comments:

Post a Comment