Wednesday, May 4, 2011

ഒരു ശരത്ക്കാലസ്വപ്നത്തിലെന്നപോൽ
 ദിനാന്ത്യത്തിൽ കവിപാടിയ
സങ്കടചിമിഴിലെ
മാഞ്ഞ സ്വപ്നങ്ങളുടെ
കഥകേട്ടുറങ്ങി മനസ്സ് .
പിന്നെയേതോ വിദൂരദേശസഞ്ചാരയാനം
കടലിലൊഴുകിനീങ്ങിയപ്പോൾ
ശുഭ്രമുഹൂർത്തത്തിൽ പുണ്യാഹതീർഥം തേടി
ദർഭനാളങ്ങളലഞ്ഞ പർണശാലകൾക്കകരികിൽ
കമണ്ഡലുവിൽ നിന്നൊഴുകുന്ന
ഗംഗയെ മിഴികളിൽ കണ്ടു
എഴുതാനിരുന്ന കൽമണ്ഡപക്കോണിൽ
ത്രികാലപൂജയ്ക്കൊരുങ്ങിയ
പകമൂടിയ പുകയും കടന്നെവിടേയ്ക്കോ പോയ ഹൃദ്സ്പന്ദനങ്ങളിലേറി വീണ്ടുമരികിൽവന്നു
ഒരു ശരത്ക്കാലസ്വപ്നം....
മൺവിളക്കുകളിൽ പെയ്ത മഴതുള്ളികളിലൂടെ
വെളിച്ചം മങ്ങിമങ്ങിമായുമ്പോൾ
പ്രകാശമൊരു ചിമിഴിലാക്കി സൂക്ഷിച്ച നക്ഷത്രം
പൂമുഖത്തൊരു തൂക്കുവിളക്കേറ്റി.
കൽവരിക്കെട്ടുകളിലുടഞ്ഞ
മൺതരികൾ കടലിലേയ്ക്കൊഴുകിയപ്പോൾ
കാണാതെയായി ഭൂമിയുടെ ഒരുചെറിയ തുണ്ട്.
പിന്നെയെപ്പോഴേ
കടലോരങ്ങളിലൂടെ നടക്കുമ്പോൾ
ഒരു ചെറിയ കടൽചിപ്പിയ്ക്കുള്ളിലാ
മൺതരികളെ വീണ്ടും കണ്ടു
ഒരു ശരത്ക്കാലസ്വപ്നത്തിലെന്നപോൽ...

No comments:

Post a Comment