Monday, May 23, 2011

സ്മൃതിവിസ്മൃതികൾ

ഇവിടെ തണൽപാകുമശ്വത്വ
ശിഖരത്തിലെന്നേ
മറഞ്ഞുപോയ്  വേനൽമഴ
പുതുവഴി പണ്ടേ ശൈത്യമുറഞ്ഞ
ധ്രുവങ്ങളിൽ മിഴിപൂട്ടി;
ഘനശ്യാമപക്ഷമോ കൈയിൽതന്നു
കറുപ്പിന്നാദ്യക്ഷരം
ദൂരെ നിലാവിൻ തുമ്പിൽ
മാഞ്ഞ യുഗമോ കണിയേകീ
ഉടഞ്ഞ മൺപാത്രങ്ങൾ,
തകർന്ന രുദ്രാക്ഷങ്ങൾ
പിന്നെ ദിഗന്തം ഭേദിക്കുന്ന
കാലമോ തന്നു
കൈയിലഗസ്ത്യ ദാഹം..
എന്റെ മിഴിയിൽ പുരാണങ്ങൾ
സന്ധ്യനെയ്യുമ്പോൾ തേടി നടന്ന
സ്വപ്നങ്ങളും മാഞ്ഞുപോയ്
സ്മൃതിയുടെയിലച്ചീന്തിലായ്
ശേഷിച്ചീക്കടൽശംഖിൻ നാദം..

No comments:

Post a Comment